തിരുവനന്തപുരം: പുണ്യം പകർന്നു കൊണ്ട് ആറ്റുകാലിൽ പൊങ്കാല നിവേദിച്ചു. ഉച്ചയ്ക്ക് 1.15ന് ആറ്റുകാൽ ക്ഷേത്രത്തിലെ പൊങ്കാല നിവേദിച്ചു. തൊട്ടു പുറകേ നഗരത്തിൽ വിവിധയിടങ്ങളിലായി പൊങ്കാല അർപ്പിച്ച ഭക്തരുടെ പൊങ്കാലക്കലങ്ങളിലും പുണ്യാഹം തെളിച്ചു. പൊങ്കാല നിവേദ്യത്തിന് ശേഷം ശുചീകരണത്തിനായി കോർപ്പറേഷൻ 3204 പേരെയാണ് നിയോഗിച്ചിരിക്കുന്നത്. ശുദ്ധജല വിതരണത്തിനും മാലിന്യം മാറ്റാനും പ്രത്യേകം സജ്ജീകരണങ്ങൾ ഉണ്ട്.
വ്യാഴാഴ്ച വൈകിട്ട് 7.45നാണ് കുത്തിയോട്ട നേർച്ചയ്ക്കായുള്ള ചൂരൽക്കുത്ത്, 582 ബാലന്മാരാണ് ഇത്തവണ നേർച്ചയിൽ പങ്കെടുക്കുക. രാത്രി 11.15ന് ദേവിയെ മണക്കാട് ശാസ്താ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. പത്ത് മണിയോടെ കാപ്പഴിച്ചതിനു ശേഷം ഒരു മണിയോടെ കുരുതി സമർപ്പണത്തോടെ ഉത്സവം സമാപിക്കും.