ബാംഗ്ലൂർ: വിമാനത്താവളത്തിലെ പരിശോധനയിൽ പെടാതെ സ്വർണം കടത്താൻ പഠിച്ചത് യൂട്യൂബ് നോക്കിയെന്ന് അറസ്റ്റിലായ കന്നഡ നടി രന്യ റാവു. ബംഗളൂരുവിൽ ഡയറക്റ്ററേറ്റ് റവന്യു ഇൻറലിജൻസിൻറെ(ഡി.ആർ.ഐ) പിടിയിലായ രന്യ അന്വേഷണ ഉദ്യോഗസ്ഥരോട് ആണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ഇതാദ്യമായാണ് താൻ സ്വർണം കടത്തിയതെന്നും താരം മൊഴി നൽകിയിട്ടുണ്ട്. മാർച്ച് 1 മുതൽ തനിക്ക് വിദേശ ഫോൺ നമ്പറുകളിൽ നിന്ന് കോളുകൾ വന്നിരുന്നുവെന്നും അതു പ്രകാരമാണ് ദുബായ് വിമാനത്താവളത്തിലെ ടെർമിനൽ 3 ഗേറ്റ് എയിൽ എത്തിയതെന്നുമാണ് താരത്തിൻറെ മൊഴി. അവിടെ നിന്നിരുന്ന അജ്ഞാതനായ വ്യക്തി സ്വർണം കൈമാറി. സ്വർണം ബംഗളൂരുവിൽ എത്തിക്കണമെന്നായിരുന്നു നിർദേശം.
പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിലായിരുന്നു സ്വർണം. വിമാനത്താവളത്തിലെ ബാത് റൂമിൽ കയറി കൈയിൽ കരുതിയ കത്രികയും ടേപ്പും ഉപയോഗിച്ചാണ് സ്വർണക്കട്ടകൾ ദേഹത്തോട് ചേർത്ത് ഒളിപ്പിച്ചത്.
കുറച്ച് സ്വർണം ഷൂസിലും ജീൻസിലും ഒളിപ്പിച്ചിരുന്നുവെന്നും താരം പറയുന്നു. യൂട്യൂബിൽ നിന്നാണ് ഈ മാർഗമെല്ലാം പഠിച്ചെടുത്തതെന്നും മൊഴിയിലുണ്ട്. അതേ സമയം കേസിൽ ഇഡിയും അന്വേഷണം ആരംഭിച്ചു. താരത്തിൻറെ ബാംഗ്ലൂരിലെ വീട്ടിൽ ഇ.ഡി പരിശോധന നടത്തി. രന്യയുടെ വളർത്തച്ഛനും ഡിഐജിയുമായ രാമചന്ദ്ര റാവുവിനെതിരേയും കർണാടക സർക്കാർ അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്.