Timely news thodupuzha

സിന്ധു നദീജല കരാർ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് വീണ്ടും കത്ത് അയച്ച് പാക്കിസ്ഥാൻ, പ്രതികരണം അറിയിക്കാതെ ഇന്ത്യ

ന്യൂഡൽഹി: സിന്ധു നദീജല കരാർ(Indus Waters Treaty) മരവിപ്പിച്ച നടപടി ഇന്ത്യ പുനഃപരിശോധിക്കണമെന്നാവശ്യപ്പെട്ട് പാക്കിസ്ഥാൻ നാലാമതും കത്ത് അയച്ചു. പാക് ജലമന്ത്രാലയം സെക്രട്ടറി സെയ്ദ് അലി മുർതാസയാണ് വിഷയത്തിൽ ജൽ ശക്തി മന്ത്രാലയത്തിന് കത്തയച്ചത്.

കത്തുകൾ വിദേശകാര്യ മന്ത്രാലയത്തിന് കൈമാറി. ജലത്തിൻറെ അഭാവം കൃഷിയെയും കുടിവെള്ള വിതരണത്തെയും ഗുരുതരമായി ബാധിക്കുകയാണെന്നും ഇന്ത്യയുടെ തീരുമാനം പുനഃപരിശോധിക്കണം എന്നതുമാണ് കത്തിലെ ആവശ്യം. എന്നാൽ പാക്കിസ്ഥാൻറെ ആവർത്തിച്ചുള്ള അഭ്യർത്ഥതനകൾക്കു ശേഷവും വിഷയത്തിൽ ഇന്ത്യ ഇതുവരെ പ്രതികരിച്ചിട്ടില്ല.

ഭീകരപ്രവർത്തനങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കാതെ പാക്കിസ്ഥാൻറെ ആവശ്യം പരിഗണിക്കില്ലെന്ന നിലപാടിലാണ് ഇന്ത്യയുള്ളത്. പാക്കിസ്ഥാൻറെ ജലാവശ്യങ്ങളുടെ 80% ത്തിനും സിന്ധു നദി സംവിധാനത്തെയാണ് ആശ്രയിക്കുന്നത്.

നിലവിലെ ജലഭ്യതക്കുറവ് കാരണം പാക്കിസ്ഥാൻ രൂക്ഷമായ വരൾച്ച അനുഭവിക്കുകയാണെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്. പഹൽ‌ഗാം ഭീകരാക്രമണത്തിന് പിന്നാലെയാണ് ഇന്ത്യ സിന്ധു നദീജലക്കരാർ മരവിപ്പിച്ചത്. “ഭീകരതയും വ്യാപാരവും ഒരുമിച്ച് നടക്കില്ല” എന്നും “രക്തവും വെള്ളവും ഒരുമിച്ച് ഒഴുകില്ല” എന്നും ഇന്ത്യ അന്ന് വ്യക്തമാക്കിയിരുന്നു.

സമാധാന ചർച്ചയ്ക്കായി ലോകബാങ്കിനോടും വിഷയത്തിൽ ഇടപെടണമെന്ന് പാക്കിസ്ഥാൻ അഭ്യർ‌ഥിച്ചിരുന്നെങ്കിലും ഇതിന് വിസമ്മതിച്ചിരുന്നു. അതേസമയം, സിന്ധു ജലം വഴിതിരിച്ചുവിടുന്നതിനും ശേഖരിക്കുന്നതിനുമായി കനാൽ ഉൾപ്പടെയുള്ള പ്രധാന പദ്ധതികൾ ഇന്ത്യ ഇപ്പോഴും ത്വരിതമായി തുടരുന്നതായാണ് വിവരം. പദ്ധതികളുടെ പ്രവർത്തനങ്ങൾ വേഗത്തിൽ പുരോഗമിക്കുകയാണെന്നും അടുത്ത 2–3 വർഷത്തിനുള്ളിൽ പൂർത്തിയാകുമെന്നാണ് സർക്കാർ വൃത്തങ്ങൾ സൂചിപ്പിക്കുന്നത്.

Leave a Comment

Your email address will not be published. Required fields are marked *