Timely news thodupuzha

എവറസ്റ്റ് കീഴടക്കി മലയാളിയായ യുവതി

പാലക്കാട്: എവറസ്റ്റ് കീഴടക്കി മലയാളിയായ ശ്രീഷ രവീന്ദ്രൻ. ഷൊർണൂർ കണയംതിരുത്തിയിൽ ചാങ്കത്ത് വീട്ടിൽ സി. രവീന്ദ്രൻറെ മകളായ ശ്രീഷ മേയ് 20നു രാവിലെ 10.30നാണ് ഈ വലിയ നേട്ടം സ്വന്തമാക്കിയത്. എവറസ്റ്റ് കീഴടക്കുന്ന രണ്ടാമത്തെ മലയാളി വനിത കൂടിയാണ് ശ്രീഷ. ഏപ്രിൽ ആദ്യ വാരത്തിലാണ് ശ്രീഷ എവറസ്റ്റ് ലക്ഷ്യമാക്കി യാത്ര ആരംഭിച്ചത്. 5,300 മീറ്റർ ഉയരത്തിലുള്ള എവറസ്റ്റ് ബേസ് ക്യാമ്പിൽ നിന്ന് 6,900 മീറ്റർ ഉയരമുള്ള ലോബുചെ പർവതം വരെയുള്ള ആദ്യ ഘട്ടം ഏപ്രിൽ 25നു പൂർത്തിയാക്കി.

മേയ് 15നാണ് എവറസ്റ്റ് കയറ്റം തുടങ്ങിയത്. പിറ്റേന്ന് 6,400 മീറ്റർ ഉയരമുള്ള ക്യാമ്പ്-രണ്ടിലെത്തി. ഒരു ദിവസത്തെ വിശ്രമത്തിന് ശേഷം പതിനെട്ടാം തീയതി വെറും അഞ്ചര മണിക്കൂർ കൊണ്ട് 7,100 മീറ്റർ ഉയരത്തിലുള്ള ക്യാമ്പ്-മൂന്നിൽ. 19നു പുലർച്ചെ മൂന്നു മണിക്ക് 7,920 മീറ്റർ ഉയരമുള്ള ക്യാമ്പ്-നാലിലേക്കും, അവിടെനിന്ന് എവറസ്റ്റിൻറെ ഉയരങ്ങളിലേക്കുമുള്ള യാത്ര. അതി ശക്തമായ ഹിമക്കാറ്റിൽ 11 മണിക്കൂർ നീണ്ട ആ കഠിന യാത്രക്കൊടുവിൽ മേയ് 20നു രാവിലെ 10.30ന് ശ്രീഷ രവീന്ദ്രൻറെ കാൽപ്പാടുകൾ എവറസ്റ്റിനു മുകളിൽ പതിഞ്ഞു. പാലക്കാട്ടെ പച്ചപുതച്ച മലകളുടെ മടിത്തട്ടിൽ നിന്ന് സാഹസികതയുടെ ബാലപാഠങ്ങൾ പഠിച്ചാണ് ശ്രീഷയുടെ യാത്ര ആരംഭിക്കുന്നത്.

15ാം വയസിലാണ് അച്ഛൻറെ കൈപിടിച്ച് കുന്നുകളും മലകളും കയറിത്തുടങ്ങിയത്. പിന്നീടങ്ങോട്ട് ശ്രീഷയ്ക്ക് പർവതങ്ങളോടു പ്രണയമായി. ഇന്ത്യയിലും നേപ്പാളിലുമായി 6,000 മീറ്റർ ഉയരമുള്ള ഏഴു കൊടുമുടികളും, 7,000 മീറ്റർ ഉയരമുള്ള രണ്ട് കൊടുമുടികളും ഉൾപ്പെടെ പതിനഞ്ചോളം ഹിമാലയൻ കൊടുമുടികൾ ഇതിനകം ശ്രീഷ കീഴടക്കിക്കഴിഞ്ഞു.

ലോകത്തെ ഏറ്റവും വലിയ പതിനഞ്ചോളം കൊടുമുടികൾ കീഴടക്കിയ ഏക മലയാളിയാണ് ശ്രീഷ രവീന്ദ്രൻ. ”ജീവിതത്തിൽ ഏറ്റവും സന്തോഷവും സമാധാനവും നൽകുന്ന കാര്യമാണ് എനിക്ക് മലകയറ്റം. ഓരോ സാഹസിക യാത്ര കഴിയുന്തോറും ആത്മവിശ്വാസവും അടുത്ത ഉയരങ്ങൾ കീഴടക്കാൻ ഉള്ള പ്രചോദനവുമാണ് ലഭിക്കുന്നത്. കൊടുമുടി കീഴടക്കുന്നതിനെക്കാൾ, അതിലേക്കുള്ള യാത്രയാണ് എന്നെ സംബന്ധിച്ച് വലുത്”, ശ്രീഷ രവീന്ദ്രൻ പറഞ്ഞു.

ബാംഗ്ലൂരിൽ ചാർട്ടേഡ് അക്കൗണ്ടൻറായ ശ്രീഷ നർത്തകി കൂടിയാണ്. ഭരതനാട്യത്തിൽ ബിരുദാനന്തര ബിരുദ വിദ്യാർഥിയുമാണ്. യുഎസിൽ സോഫ്റ്റ് വെയർ എൻജിനീയറായ ജയറാം നായരാണ് ഭർത്താവ്.

തയ്ക്വാൻഡോ എഷ്യൻ ചാംപ്യൻഷിപ്പിൽ വെങ്കല മെഡൽ നേടിയ 12 വയസുകാരൻ നിരഞ്ജനാണ് മകൻ. ജോലിയുടെ തിരക്കുകൾക്കൊപ്പം, ഒരു അമ്മയുടെ ഉത്തരവാദിത്വങ്ങളും, പർവതാരോഹണത്തിൻറെ ആവേശവും ഒരുപോലെ കൊണ്ടുപോകാൻ ശ്രീഷയ്ക്ക് കഴിയുന്നു.

Leave a Comment

Your email address will not be published. Required fields are marked *