മുവാറ്റുപുഴ: സ്ത്രീയുടെ മഹത്വവും ശക്തിയും ഭർത്താവ് നഷ്ടപ്പെടുന്നതോടെ അവസാനിക്കുന്നതല്ല നിർനിമേഷരായി നിന്ന് ജീവിതം നീക്കുന്ന, ജീവിതത്തെ കുറിച്ചുള്ള പ്രത്യാശ നഷ്ടപ്പെടുന്ന അനേകം വിധവകൾ നമുക്ക് ചുറ്റുമുണ്ട്. അവർക്ക് പ്രത്യാശയുടെയും കരുത്തിന്റെയും ആത്മബലത്തിന്റെയും മനസ്സാന്നിധ്യത്തിന്റെയും പുതുജീവൻ നൽകാൻ ഉപയുക്തമായ കർമ്മ പദ്ധതികൾ രൂപപ്പെടുത്തി അവരെ സമൂഹത്തിന്റെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനായി രൂപപ്പെടുത്തിയിരിക്കുന്ന യൂദിത് നവോമി ഫോറം കോതമംഗലം രൂപതയുടെ ആഭിമുഖ്യത്തിൽ ലോക വിധവാ ദിനം ആചരിച്ചു. മൂവാറ്റുപുഴ നെസ്റ്റ് പാസ്റ്ററൽ സെന്ററിൽ ലോക വിധവാ ദിന ആഘോഷത്തോടനുബന്ധിച്ച് കോതമംഗലം രൂപതാധ്യഷൻ മാർ ജോർജ് മഠത്തി കണ്ടത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്തു.

കോതമംഗലം രൂപത യുദിത് നവോമി ഫോറത്തിന്റെ രൂപത ഡയറക്ടർ റവറന്റ് ഡോക്ടർ ആന്റണി പുത്തൻകുളം ചടങ്ങിൽ അധ്യക്ഷത വഹിച്ചു. മൂവാറ്റുപുഴ മുനിസിപ്പൽ കൗൺസിലറും ലുവല്ല വെഞ്ചുർ പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപകയും സാമൂഹ്യപ്രവർത്തകയുമായ ജോയിസ് മേരി ആന്റണി മുഖ്യപ്രഭാഷണം നടത്തി. മൂവാറ്റുപുഴ ഹോളി മാഗി ഫൊറോന പള്ളിവികാരി റെവറന്റ് ഡോക്ടർ മാനുവൽ പിച്ചളക്കാട്ട് ചടങ്ങിൽ അനുഗ്രഹ പ്രഭാഷണം നടത്തി. യൂദി ത്ത് നവോമി കെ സി ബി സി ജനറൽ സെക്രട്ടറി മേരി ജോൺ പുതിയ പ്രവർത്തന വർഷത്തെ മാർഗ്ഗരേഖ പ്രകാശനം ചെയ്തു. മാതൃവേദി രൂപതാ പ്രസിഡണ്ട് ജാൻസി മാത്യു, രൂപത അനിമേറ്റഡ് സിസ്റ്റർ, കാരുണ്യ രൂപതാ വൈസ് പ്രസിഡണ്ട് ലിസി സെബാസ്റ്റ്യൻ, മിനി മാനുവൽ, ജൂഡി, ജെസ്സി ജെയിംസ്, ഷീജ റെന്നി എന്നിവർ സമ്മേളനത്തിന് നേതൃത്വം നൽകി. ചടങ്ങിൽ വിവിധ മത്സരങ്ങളിൽ സമ്മാനാർഹരായവർക്ക് സമ്മാനം വിതരണം ചെയ്തു. സമ്മേളനത്തെ തുടർന്ന് യൂദിത്ത് അംഗങ്ങളായ സ്ത്രീകളുടെ കലാപരിപാടികളുെം നടന്നു.






