Timely news thodupuzha

പ്രാർത്ഥന: ശ്വാസോച്ഛ്വാസത്തിന്റെ ആത്മീയ ലയം; ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

ജീവിതത്തിന്റെ താളലയങ്ങളിൽ, ശാന്തവും എന്നാൽ ശക്തവുമായ ഒരു സ്പന്ദനമുണ്ട്: പ്രാർത്ഥന. പ്രാർത്ഥന വെറുമൊരു യാന്ത്രികമായ പ്രവൃത്തിയല്ല, മറിച്ച് അത് ഒരു അവസ്ഥയാണ്. മനുഷ്യനും ദൈവവും തമ്മിലുള്ള ഒരു നിരന്തരമായ ആന്തരിക പ്രവാഹം, ശ്വസനം പോലെ തന്നെ സ്വാഭാവികവും അത്യവശ്യവുമായ ഒരു പ്രവൃത്തി.

പലരും പ്രാർത്ഥനയുടെ യഥാർത്ഥ അർത്ഥം അറിയാതെ വെറും ഒരു ദിനചര്യയും നിർബന്ധിത ആചാരാനുഷ്ഠാനവും കരുതുകയും അനുഷ്ഠിക്കുകയും ചെയ്യുന്നു. ഇത് പലപ്പോഴും, വ്യവസ്ഥാപിതമായ ദൈവ സങ്കൽപ്പത്തിലേക്കുള്ള ഒരു യാന്ത്രികമായ തിരിയലായി ഇത് മാറുന്നു. അതിനാൽ തന്നെ ഇത് ബോധപൂർവമായ സാന്നിധ്യമോ, അർത്ഥപൂർണ്ണമായ ഒരു ആത്മീയ ചര്യയയോ അല്ലാതാകുന്നു. എന്നാൽ, പ്രാർത്ഥന ഒരു മതപരമായ നിർബന്ധിത കടമയേക്കാൾ അത് ആത്മാവിന്റെ ജീവനുള്ള ശ്വാസമാണ്. പ്രാർത്ഥനയെ നാം ദൈവവുമായുള്ള സംഭാഷണമായി മാത്രം കാണാതെ, ശ്വാസോച്ഛ്വാസത്തിന് തുല്യമായ ഒരു അനിവാര്യമായ പ്രക്രിയയായി മനസ്സിലാക്കിയാലോ? “പ്രാർത്ഥന ശ്വാസോച്ഛ്വാസത്തിന് സമാനമാണ്” എന്ന് പറയുന്നതിൻ്റെ അർത്ഥം, പ്രാർത്ഥനയെ പുതിയൊരു വെളിച്ചത്തിൽ കാണാൻ നമ്മെ ക്ഷണിക്കുകയാണ്. ദൈവവുമായി നമ്മെ ബന്ധിപ്പിക്കുന്ന, നമ്മുടെ ആന്തരിക സന്തുലനവും സ്വസ്ഥതയും സമഗ്രമായ പ്രശാന്തതയും (resilience) ശക്തിപ്പെടുത്തുകയും നിലനിർത്തുകയും ചെയ്യുന്ന ഒരു തുടർച്ചയായ പ്രവൃത്തിയായി, പ്രവാഹമായി, സാന്നിധ്യമായി പ്രാർത്ഥനയെ മാറ്റുവാൻ നമുക്ക് സാധിക്കുമെന്ന യാഥാർത്ഥ്യത്തിലേക്കുള്ള ഒരു വെളിച്ചം വീശൽ ഇന്നു നമുക്കാവശ്യമാണ്.

നമുക്ക് ആദ്യം ശ്വാസമെടുക്കൽ പരിശോധിക്കാം. ഇതൊരു സ്വീകരിക്കുന്ന പ്രവൃത്തിയാണ്. ശ്വസിക്കുമ്പോൾ ശരീരത്തിൽ പ്രാണവായു നിറയുന്നതുപോലെ, പ്രാർത്ഥന ആത്മാവിനെ പ്രത്യാശ, വിശ്വാസം, അർത്ഥം എന്നിവയാൽ സദാ പരിപോഷിപ്പിക്കുന്നു. നമ്മൾ നിശ്വസിക്കുമ്പോൾ നമ്മിലെ ആശങ്കകൾ, ഭയങ്ങൾ, അഭ്യർത്ഥനകൾ എല്ലാം നമുക്ക് അതീതമായ ഒരു ശക്തിയുടെ കൈകളിൽ ഏൽപ്പിക്കുന്നു. ഈ ലളിതമായ ചലനത്തിൽ ആഴത്തിലുള്ള പ്രതീകാത്മകതയുണ്ട്. ഇങ്ങനെ ചെയ്യുമ്പോൾ നാം സ്വീകരിക്കലിന്റെയും കീഴടങ്ങുന്നതിന്റെയും നിശബ്ദതയുടെയും ആവിഷ്കാരത്തിന്റെയും ചാക്രിയമായ ബന്ധത്തിൽ ജീവിക്കുവാൻ നമ്മെത്തന്നെ സമർപ്പിക്കുന്നു. ആത്യന്തികമായി, പ്രാർത്ഥന വെറും വാക്കുകളുടെ വിനിമയം മാത്രമല്ല, മറിച്ച് നമ്മുടെ മനസ്സും ശരീരവും ആത്മാവും പൂർണ്ണമായി ഒരു ഉന്നത ശക്തിയിൽ അർപ്പിക്കുന്ന ഒരു സമർപ്പണമാണ്. അത് നമ്മുടെ ആഗ്രഹങ്ങളെയും ഭയങ്ങളെയും ആശങ്കകളെയും കൈവിട്ട്, ദൈവികമായ ഒന്നിന്റെ ഹിതത്തിന് സ്വയം വിട്ടുകൊടുക്കുന്ന ഒരു പ്രക്രിയയാണ്. ഈ സമർപ്പണത്തിലൂടെയാണ് നാം ആന്തരികമായ ശാന്തിയും ആത്മീയമായ നിറവും കണ്ടെത്തുന്നത്.

ജീവന്റെ ശ്വാസമാണ് പ്രാർത്ഥന. നാം ശ്വസിക്കുമ്പോൾ, പ്രണവായു നമ്മുടെ കോശങ്ങളെ പോഷിപ്പിക്കുകയും നമുക്ക് ഊർജ്ജം നൽകുകയും ചെയ്യുന്നു. ആത്മീയമായി, ശ്വാസമെടുക്കൽ കൃപ, സ്നേഹം, സമാധാനം, പ്രചോദനം എന്നിവ ദൈവിക ഉറവിടത്തിൽ നിന്ന് സ്വീകരിക്കുന്നതിന് തുല്യമാണ്. ഇത് നിശബ്ദമായ ശ്രവണമാണ്, നമ്മുടെ ഹൃദയം തുറക്കൽ, ഒന്നും ചെയ്യാതെ തന്നെ നമുക്ക് ലഭിക്കുന്നവ സ്വീകരിക്കൽ. നാം ഒരു വലിയ ബന്ധത്തിന്റെ ഭാഗമാണെന്നും നമുക്ക് എപ്പോഴും പിന്തുണ ലഭ്യമാണെന്നും അംഗീകരിക്കലാണ് ഇത്. ഈ ശ്വാസമെടുക്കൽ നിശ്ചലതയുടെ നിമിഷങ്ങളിൽ ജ്ഞാനവും ശാന്തതയും ചേർന്ന ഹൃദയത്തിൽ — പ്രകൃതിയുടെ സമാധാനപരമായ സൗന്ദര്യം കാണുമ്പോഴും ഹൃദയം സ്പർശിക്കുന്ന സംഗീതം കേൾക്കുമ്പോഴും അല്ലെങ്കിൽ ആഴമായ വിശ്വാസത്തിന്റെ സ്പന്ദനം അനുഭവിക്കുമ്പോഴും ആന്തരികമായൊരു അശരീര സന്ദേശം പോലെ പ്രചോദനവും നമ്മിൽ സംഭവിച്ചുകൊണ്ടിരിക്കും.

നിശ്വാസം എന്നത് വിട്ടുകൊടുക്കലിന്റെയും നൽകലിന്റെയും സ്വീകാര്യതയുടെയും പ്രവൃത്തിയാണ്. നാം ഉപയോഗിച്ച വായു വിട്ടയച്ച്, പുതിയതിന് ഇടം നൽകുന്നു. ആത്മീയമായി, ശ്വാസം വിടുന്നത് നന്ദി, അപേക്ഷകൾ, ഭക്തി, വിശ്വാസം എന്നിവ പ്രകടിപ്പിക്കലാണ്. ഇത് ആശങ്കകൾ, ഭയങ്ങൾ, നമ്മെ ഭാരപ്പെടുത്തുന്ന എല്ലാം വിട്ടുകളയലാണ്. നമ്മുടെ ആഗ്രഹങ്ങളെ ദൈവത്തിന് സമർപ്പിക്കുകയും മറ്റുള്ളവരുടെ ക്ഷേമത്തിനായി നമ്മുടെ ഊർജം വിട്ടുകൊടുക്കുകയുമാണ്. ഈ ശ്വാസം വിടൽ, വാക്കുകളിലോ, ചിന്തകളിലോ ഉള്ള പ്രാർത്ഥനകളായോ, അനുകമ്പയുടെ പ്രവൃത്തികളായോ, ലോകത്തിന് സമാധാനം ആഗ്രഹിക്കുന്ന ആത്മാർത്ഥമായ വാഞ്ഛയായോ പ്രകടമാക്കുന്നു.

ശ്വാസോച്ഛ്വാസത്തിൽ ഉള്ളതുപോലെ, പ്രാർത്ഥനയിലും ശ്വാസമെടുക്കലും വിടലും തമ്മിൽ “നല്ലത്”* അല്ലെങ്കിൽ “മോശം” എന്ന വേർതിരിക്കലോ, തിരഞ്ഞെടുപ്പുകളോ ഇല്ല. ഈ രണ്ട് ഘട്ടങ്ങളും പരസ്പരം ബന്ധപ്പെട്ട് ഒരു നിരന്തര ചാക്രീയമായ ചനലാത്മകത രൂപപ്പെടുത്തുന്നു. ശ്വാസമെടുക്കാതെയും വിടാതെയുമുളള ഒരു ജീവിതം ആർക്കും സാധ്യമല്ല. അതുപോലെ, അപേക്ഷകൾ മാത്രമുള്ള (ശ്വാസം വിടൽ) ഒരു പ്രാർത്ഥനാ ജീവിതം അപൂർണ്ണമാണ്. ഇതുപോലെ തന്നെ, നിഷ്ക്രിയമായ സ്വീകരിക്കൽ മാത്രമുള്ള (ശ്വാസമെടുക്കൽ) ഒരു പ്രാർത്ഥനയും ഉപയോഗശൂന്യവും അപൂർണ്ണവുമാണ്.

ജീവിതത്തിന്റെ ഒരു താളമായി പ്രാർത്ഥന മാറേണ്ടിയിരിക്കുന്നു. പ്രാർത്ഥന പ്രത്യേക സമയത്തോ, മതപരമായ നിർമ്മിച്ച സ്ഥലത്തോ നടത്തുവാനുള്ള ഒരു പ്രത്യേക പ്രവൃത്തിയല്ല. അതുപോലെ പ്രാർത്ഥന ഏതെങ്കിലും പുണ്യസ്ഥലങ്ങളിലോ, തീർത്ഥാടന കേന്ദ്രങ്ങളിലോ മാത്രം നിറവേറ്റപ്പെടേണ്ട ഒരു പ്രവൃത്തിയുമല്ല. ഈ ഭൂമിയും അതിലെ ഓരോ മണൽത്തരിയും പുണ്യമുള്ളതാണ് – പ്രാർത്ഥനയ്ക്കായി നാം പ്രത്യേക സ്ഥലം തിരഞ്ഞെടുക്കേണ്ടതില്ല. പ്രാർത്ഥിക്കുവാൻ വേണ്ടി പ്രഭാത, മധ്യാഹ്ന, പ്രദോഷങ്ങൾക്കായി കാത്തിരിക്കേണ്ടതുമില്ല – പിറവിയെടുക്കുന്ന ഓരോ നിമിഷവും നമുക്ക് പ്രാർത്ഥിക്കുവാനുളള സമയമാണ്. ഇത് ഒരു ആചാരമോ, അനുഷ്ഠാനമോ ആയി കരുതുന്നവരാണ് ഇപ്രകാരം ചെയ്യുന്നത്. ഇതൊരു ശീലമാണ്. ഇങ്ങനെ കാലവും സ്ഥലവും നോക്കി പ്രാർത്ഥിക്കുന്നവർ സ്വന്തം മനസ്സിൻറെ വ്യഗ്രതയ്ക്ക് കീഴടങ്ങുക മാത്രമാണ് ചെയ്യുന്നത്. മറിച്ച് നമ്മിൽ നിരന്തരം സംഭവിക്കേണ്ട ഒരു ആന്തരിക മനോഭാവമാണ്. ശ്വാസത്തെപ്പോലെ, അത് നമ്മെ നിരന്തരം അനുഗമിക്കുന്നു – സന്തോഷത്തിലും വേദനയിലും സമൃദ്ധിയിലും അഭാവത്തിലും. നാം ബോധപൂർവ്വം പ്രാർത്ഥിക്കാത്തപ്പോൾ പോലും, നമ്മുടെ ഹൃദയം പലപ്പോഴും ഒരു നിശബ്ദ പ്രാർത്ഥനയിൽ ഏർപ്പെടുന്നു – ഒരു നെടുവീർപ്പ്, ഒരു പ്രത്യാശ, ഒരു നന്ദി.

പ്രാർത്ഥന നിലയ്ക്കാത്ത ഒരു ബന്ധമാണ്, കടമയല്ല. പലരും പ്രാർത്ഥനയെ ഒരു മതപരമായ കടമയായോ, ഔപചാരിക ആചാരമായോ കാണുന്നു. എന്നാൽ നമ്മൾ അതിനെ ശ്വസനവുമായി താരതമ്യം ചെയ്യുമ്പോൾ, കാഴ്ചപ്പാട് മാറുന്നു. ആരും ശ്വസിക്കാൻ ഓർമ്മിക്കേണ്ടതില്ല – അത് ലളിതമായി സംഭവിക്കുന്നു. അതുപോലെ, പ്രാർത്ഥന ഒരു സ്വാഭാവിക ആന്തരിക മനോഭാവമാകാം – സ്വീകരിക്കുകയും ആശയവിനിമയം നടത്തുകയും ചെയ്യുന്ന ഒരു ജാഗ്രതയുള്ള, തുറന്ന, ശ്രദ്ധയുള്ള ഹൃദയം.

ഈ പ്രാർത്ഥനയുടെ രൂപത്തിന് പ്രത്യേക വാക്കുകളോ, രൂപങ്ങളോ ആവശ്യമില്ല. രാവിലെ ഒരു ചെറിയ നന്ദി പ്രകടനത്തോടെ ആരംഭിക്കാം. കഷ്ടപ്പാടുകളിൽ ഒരു നിശബ്ദമായ, വിധി നിർണ്ണയം ഇല്ലാത്ത നിരീക്ഷണം. മാറ്റം വരുത്തുവാൻ കഴിയാത്തതിനെ ഹൃദയപൂർവ്വം സ്വീകരിക്കൽ. പ്രകൃതിയെ കാണുമ്പോൾ ആദരവിന്റെ ഒരു നിമിഷം – ഇതെല്ലാം പ്രാർത്ഥനയാണ്. പ്രാർത്ഥിക്കുന്നവർ കൂടുതൽ ബോധപൂർവ്വം മാത്രമല്ല, കൂടുതൽ ആഴത്തിലും ജീവിക്കുന്നു. കാരണം അവർ എല്ലാറ്റിനോടും എപ്പോഴും അനുസ്യൂതം ബന്ധപ്പെട്ടു കൊണ്ടിരിക്കുന്നു.

പ്രാർത്ഥന നിർബന്ധിത ആചാരമോ, അനുഷ്ഠാനമോ ആയി കരുതരുത്. മറിച്ച് ദൈവവുമായുള്ള ഒഴുകുന്ന സംഭാഷണമായിരിക്കണം. നമ്മൾ ശ്വസിക്കുമ്പോൾ, ദൈവത്തിന്റെ സാന്നിധ്യവും സമാധാനവും വചനവും നാം ആഗിരണം ചെയ്യുന്നു. നമ്മൾ നിശ്വസിക്കുമ്പോൾ, നമ്മുടെ ആശങ്കകളും അഭ്യർത്ഥനകളും നന്ദിയും നാം അവനിലേക്ക് തിരികെ നൽകുന്നു. നമ്മുടെ മുഴുവൻ ജീവിതത്തെയും ഒരു പ്രാർത്ഥനയാക്കുക – വാക്കുകൾ കൊണ്ട് മാത്രമല്ല, തുറന്ന മനസ്സിന്റെയും ബന്ധത്തിന്റെയും മനോഭാവത്തിലൂടെ. ദൈവസാന്നിധ്യത്തിൽ നാം അത് ചെയ്താൽ ഓരോ ചിന്തയും, ഓരോ പ്രവൃത്തിയും, ഓരോ ശ്വാസവും ഒരു പ്രാർത്ഥനയാകും.

പ്രാർത്ഥനയെ ശ്വാസോച്ഛ്വാസത്തിന്റെ സ്വാഭാവികവും ലയാത്മകവുമായ പ്രക്രിയയായി മനസ്സിലാക്കുമ്പോൾ, അത് ഒരു അധിക ഭാരമായി, വിരസമായി തോന്നാതെ, നമ്മുടെ ദൈനംദിന ജീവിതവുമായി സമന്വയിപ്പിക്കാൻ നമുക്ക് കഴിയും. ഇത് നമ്മുടെ ജീവിതത്തിൻ്റെ അഭിഭാജ്യ ഘടകമായി ഭാഗമായി മാറുന്നു. ശക്തിയുടെയും ബന്ധത്തിന്റെയും നവീകരണത്തിന്റെയും സൗഖ്യത്തിന്റെയും ഒരു ഉറവിടമായി, എപ്പോഴും ലഭ്യമാണ് – ഓരോ ശ്വാസനിശ്വാസത്തിലും.

നമ്മുടെ വേഗതയേറിയതും ശ്രദ്ധ വ്യതിചലിച്ചതുമായ ലോകത്ത്, പ്രാർത്ഥന പലപ്പോഴും ഒരു തിടുക്കത്തിലുള്ള പാരായണമോ, അല്ലെങ്കിൽ തുടർച്ചയായ അഭ്യർത്ഥനകളുടെ ഒരു പരമ്പരയോ ആകാം. അവധാനപൂർവ്വമായ നമ്മുടെ പൂർണ്ണ ശ്രദ്ധ വർത്തമാന നിമിഷത്തിലേക്ക് കൊണ്ടുവരുന്നതിലൂടെ പ്രാർത്ഥന പവിത്രമായ സംഭാഷണത്തിൻ്റെ ആഴത്തിലാക്കാനുള്ള ഒരു പാത തുറക്കുവാൻ നമ്മെ സഹായിക്കുന്നു. അവധാനപൂർവ്വമായ പ്രാർത്ഥന (mindful prayer) ഏറ്റവും ഉയർന്ന സാന്നിധ്യത്തിന്റെയും സ്വസ്വീകാര്യതയുടെയും ഒരു പരിശീലനമാണ്. ഇത് വിധിയില്ലാതെ നമ്മുടെ ചിന്തകളെയും വികാരങ്ങളെയും ശാരീരിക സംവേദനങ്ങളെയും നമുക്ക് ചുറ്റുമുള്ള ലോകത്തെക്കുറിച്ചും പൂർണ്ണമായി ബോധവാന്മാരാകാൻ നമ്മെ സഹായിക്കുന്നു. ഈ സമീപനം പ്രാർത്ഥനയെ വെറും മാനസിക വ്യായാമത്തിൽ നിന്ന് ശരീരം, മനസ്സ്, ആത്മാവ് എന്നിവയെ ഉൾപ്പെടുത്തുന്ന ഒരു സമഗ്രമായ അനുഭവമാക്കി മാറ്റുന്നു. ശൂന്യമായ പദപ്രയോഗങ്ങൾക്കും ആവർത്തന വിരസതയ്ക്കുമപ്പുറം ആധികാരികവും തുറന്നതും കരുണാമയവുമായ സാന്നിധ്യത്തിന്റെ ഇടത്തിലേക്ക് നീങ്ങാനുള്ള ഒരു ആഹ്വാനമാണിത്. ശ്രദ്ധാപൂർവ്വമായ പ്രാർത്ഥന പരിശീലിക്കുന്നതിലൂടെ, നമുക്ക് ഒരു ലളിതമായ ദൈനംദിന ആചാരത്തെ ആഴമേറിയതും ജീവൻ നൽകുന്നതുമായ ഒരു പരിശീലനമാക്കി മാറ്റുവൻ കഴിയും. അത് നമ്മുടെ ജീവിതത്തെ സമ്പന്നമാക്കുകയും ഓരോ നിമിഷത്തിലും സമാധാനവും ശാന്തിയും സന്തോഷവും കണ്ടെത്തുവാൻ സഹായിക്കുകയും ചെയ്യും.

പ്രാർത്ഥനയുടെ ആഴം അറിയുന്നതും പൂർണ്ണമാവുന്നതും അത് കൃതജ്ഞതയുടെ നിശബ്ദമായ ഹൃദയസ്പന്ദനമായി മാറുമ്പോൾ മാത്രമാണ്. പ്രാർത്ഥന ആത്മനിഷ്ഠവും സത്യവും പൂർണ്ണവുമാകുന്നത് എന്തുകൊണ്ടും അല്ലാതെ എന്നിട്ടും ഹൃദയം നന്ദിയിൽ നിറയുമ്പോഴാണ്.

Leave a Comment

Your email address will not be published. Required fields are marked *