തൊടുപുഴ: ഉടുമ്പന്നൂർ ഗ്രാമപഞ്ചായത്തിലെ വയോ സൗഹൃദ കൂട്ടായ്മയായ ഉല്ലാസക്കൂടിന് തണലൊരുക്കാനൊരുങ്ങി പഞ്ചായത്തിലെ ലൈബ്രറികൾ. ഉല്ലാസക്കൂട് വാർഡ് തല – അയൽക്കൂട്ട തല കൂട്ടായ്മകൾക്ക് യോഗം ചേരുന്നതിനായി പഞ്ചായത്ത് പരിധിയിൽ ആകെയുള്ള10 ലൈബ്രറികളുടെ സൗകര്യം വിട്ട് നൽകും. ലൈബ്രറി കൗൺസിലിൻ്റെ വയോജന വേദിയുമായി ഉല്ലാസക്കൂട് കൂട്ടായ്മയെ കണ്ണിചേർക്കും. ലൈബ്രറി കൗൺസിലിൻ്റെ നേതൃത്വത്തിൽ ചേർന്ന പഞ്ചായത്ത് തല ലൈബ്രറി നേതൃ സംഗമത്തിലാണ് തീരുമാനം.

ലൈബ്രറികളുടെ പ്രവർത്തനം കൂടുതൽ ജനകീയവും മികവുറ്റതാക്കുന്നതിൻ്റേയും ഭാഗമായി ഓരോ ലൈബ്രറിയും ഓരോ പൊതുസ്ഥലം ഏറ്റെടുത്ത് ശുചീകരിച്ച് സൗന്ദര്യവത്കരിച്ച് സംരക്ഷിക്കുന്നതിനും തീരുമാനിച്ചു. വിവിധ പ്രവർത്തനങ്ങൾക്കായി ഒരു പ്രവർത്തന കലണ്ടർ തയ്യാറാക്കും. ഗ്രാമപഞ്ചായത്ത് ഹാളിൽ ചേർന്ന നേതൃ സംഗമം തൊടുപുഴ താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി.വി ഷാജി ഉദ്ഘാടനം ചെയ്തു.
ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗവുമായ എം. ലതീഷ് അധ്യക്ഷനായി. റ്റി.ജി മോഹനൻ സ്വാഗതവും ഇ.കെ രാജപ്പൻ നന്ദിയും പറഞ്ഞു. റ്റി.ജി മോഹനൻ കൺവീനറായി 10 അംഗ
പഞ്ചായത്ത് തല നേതൃസമിതി രൂപീകരിച്ചു.






