Timely news thodupuzha

അവധാനപൂർവ്വമായ വയോവൃദ്ധി: അൻപതു വയസ്സിനു ശേഷം ജീവിതത്തിൽ എങ്ങനെ സന്തോഷവും സാകല്യവും കണ്ടെത്താം?

ആൻ്റണി പുത്തൻപുരയ്ക്കൽ എഴുതുന്നു

മാനവരാശിക്ക് ഒരു ചിന്തിക്കുന്ന മസ്തിഷ്കം വികസിച്ച നാൾമുതൽ മനുഷ്യബുദ്ധി ഉയർത്തിയ ഏറ്റവും സുപ്രധാനമായ ചോദ്യം, ഒരു പക്ഷേ, ജൈവജീവികളുടെ വാർദ്ധക്യവും മരണവും എങ്ങനെ, എന്തുകൊണ്ട് എന്നുള്ളതായിരിക്കാം. വാർദ്ധക്യത്തിന്റെയും മരണത്തിന്റെയും അനിവാര്യത മനുഷ്യരാശിയെ അലട്ടിത്തുടങ്ങിയിട്ട് ഏറ്റവും ചുരുങ്ങിയത് അയ്യായിരം വർഷത്തിലേറെയായി. ആദിമ മനുഷ്യരുടെ ജിജ്ഞാസ ഒരു ശാസ്ത്ര വിപ്ലവത്തിന് വഴിയൊരുക്കാൻ പിന്നെയും നൂറ്റാണ്ടുകൾ വേണ്ടിവന്നു. സഹസ്രാബ്ദങ്ങളായി മനുഷ്യനെ അലട്ടിയ ഏറ്റവും വലിയ പ്രഹേളിക നമ്മുടെ വാർദ്ധക്യവും മരണവും തന്നെ. ഇതിനെ അടിസ്ഥാനമാക്കി അനേകം ഐതിഹ്യങ്ങളും അന്ധവിശ്വാസങ്ങളും ഊഹാപോഹങ്ങളും മാനവചരിത്രത്തിൽ സൃഷ്ടിക്കപ്പെട്ടു. ഉറുക്കിലെ സുമേറിയൻ രാജാവായ ഗിൽഗമെഷ് മരണത്തിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുകയും, എന്നാൽ ആത്യന്തികമായി ഇത് വ്യർഥമാണെന്ന നിഗമനത്തിൽ എത്തിച്ചേരുകയും ചെയ്തതായി ഐതിഹ്യമുണ്ട്. ഏതാനും ദശാബ്ദങ്ങൾക്കു മുൻപു മാത്രമാണ് ശാസ്ത്രലോകം വാർദ്ധക്യത്തെക്കുറിച്ചുള്ള ശാസ്ത്രീയ പഠനങ്ങളും ഗവേഷണങ്ങളുമായി മുന്നോട്ടുവന്നത്. വയോജനവിജ്ഞാനം അനുദിനം പുതിയ കണ്ടുപിടിത്തങ്ങൾ നടത്തുന്നുണ്ടെങ്കിലും വാർദ്ധക്യത്തിന് അടിവരയിടുന്ന അടിസ്ഥാന തന്മാത്രകളുടെയും കോശ പ്രക്രിയകളുടെയും സമഗ്രമായ ഒരു അവലോകനം ഇന്നും നിലവിലില്ല. ആധുനിക കാലത്ത് രോഗം-മരണമല്ല, വിപരീതമായ, ശാശ്വതമായ ജീവിതമാണ് മിക്ക ജൈവചികിത്സ ശാസ്ത്രജ്ഞരെയും അലട്ടുന്നത്. അടുത്ത ദശകങ്ങളിൽ മനുഷ്യന്റെ ശരാശരി ആയുസ്സ് എത്ര വർദ്ധിക്കും എന്നതല്ല പ്രധാന ചോദ്യം. പകരം, മനുഷ്യന്റെ വാർദ്ധക്യവും സ്വാഭാവിക മരണവും ദശാബ്ദങ്ങളോളം, ഒരുപക്ഷേ അനിശ്ചിതകാലത്തേക്ക് നീട്ടിവെക്കുന്നത് പ്രായോഗികമാണോ എന്നതാണ് പ്രശ്നം. വാർദ്ധക്യത്തിന്റെ സംവിധാനങ്ങളെക്കുറിച്ച് നമ്മൾ ചെയ്യുന്നതും അറിയാത്തതുമായ കാര്യങ്ങളും, മനുഷ്യന്റെ ആയുസ്സ് പരിമിതപ്പെടുത്തുന്ന അപചയവും രോഗവും ഗണ്യമായി മന്ദഗതിയിലാക്കുന്നതും നിർത്തുന്നതും, അല്ലെങ്കിൽ പഴയപടിയാക്കുന്നതും മുൻകൂട്ടി കാണുന്നതിന് ആവശ്യമായ അറിവ് നമുക്കുണ്ടോ എന്നതാണ് ശാസ്ത്രജ്ഞരെ സമ്മർദ്ദത്തിലാക്കുന്ന മറ്റു ചോദ്യങ്ങൾ.

ജൈവശാസ്ത്രപരമായ അപചയം

എല്ലാ ജീവികളിലും വയോവൃദ്ധി (ageing) അല്ലെങ്കിൽ വാർദ്ധക്യം പ്രധാനമായും ഒരു ജൈവശാസ്ത്രപരമായ മാറ്റമാണ്. ഈ വ്യതിയാനങ്ങൾ സങ്കീർണ്ണവും സ്ഥൂലതന്മാത്ര (macromolecular) ഘടനകൾ മുതൽ കോശങ്ങളും ജൈവകലകളും (tissue) വരെ എല്ലാ തലങ്ങളിലും സംഭവിക്കുന്നു. ശരീരഘടനയുടെയും പ്രവർത്തനത്തിന്റെയും ക്രമാനുഗതമായ അപചയമാണ് നമ്മെ വാർദ്ധക്യത്തിലേക്ക് നയിക്കുന്ന ഘടകങ്ങൾ. ജൈവിക പ്രവർത്തനങ്ങളുടെ കുറവും ശാരീരിക വികാസങ്ങളിലെ ഉപാപചയ സമ്മർദ്ദവുമായി പൊരുത്തപ്പെടാനുള്ള കോശങ്ങളുടെ കഴിവില്ലായ്മയുമാണ് ഇതിനു കാരണമായി ശാസ്ത്രലോകം കരുതുന്നത്. ആയുസ്സിന്റെ സമീപസ്ഥ (proximal) നിർണ്ണായക ഘടകങ്ങളും വാർദ്ധക്യത്തിന്റെ കാരണങ്ങളും ഇന്നും ശാസ്ത്രലോകത്തിന് വ്യക്തമാക്കാൻ കഴിയുന്നുമില്ല.


വാർദ്ധക്യം, എല്ലാ സചേതന ജീവികളും അഭിമുഖീകരിക്കേണ്ട അനിഷേധ്യമായ ഒരു പ്രക്രിയയാണ്. മനുഷ്യൻ ഒഴികെ എല്ലാ ജീവികളിലും ഈ പ്രതിഭാസം സംഭവിക്കുന്നത് സ്വാഭാവികവും ആയാസരഹിതവുമായാണ്. എന്നാൽ, മനുഷ്യരിൽ വാർദ്ധക്യം മിക്കപ്പോഴും അത്യന്തം ക്ലേശകരമായ ഒരു പ്രക്രിയയാണ്. ഇതിനു കാരണം മനുഷ്യരിൽ ഭൂരിപക്ഷം പേർക്കും വാർദ്ധക്യത്തെക്കുറിച്ച് സമഗ്രമായ അവബോധം ഇല്ലാത്തതുകൊണ്ടാണ്. മറ്റൊന്ന്, മനുഷ്യന്റെ വാർദ്ധക്യം ശാരീരികവും മാനസികവും സാമൂഹികവുമായ തലങ്ങളിലൂടെ കടന്നുപോകുന്ന ഒരു അവസ്ഥയാണ്. തീർച്ചയായും, പ്രായത്തിനനുസരിച്ച് ശരീരത്തിൽ വരുന്ന എല്ലാ മാറ്റങ്ങളെയും നാം അനുഭവിച്ചറിയുന്നുണ്ടെങ്കിലും വാർദ്ധക്യത്തെ സമചിത്തതയോടെ അഭിമുഖികരിക്കാൻ ഭൂരിപക്ഷമാളുകൾക്കും സാധിക്കുന്നില്ല. വാർദ്ധക്യത്തിലെത്തുമ്പോൾ നമ്മൾ അവശ്യം ശ്രദ്ധിക്കേണ്ട ശാരീരികവും മാനസികവും സാമൂഹികവും സാമ്പത്തികവുമായ അനേകം കാര്യങ്ങളുണ്ട്.

നിഷേധാത്മകമായ സമീപനം

വയോവൃദ്ധി പലപ്പോഴും നിഷേധാത്മകമായ അർത്ഥം വ്യഞ്ജിപ്പിക്കുന്ന ഒരു വാക്കായി നാം കരുതാറുണ്ട്. ആരോഗ്യത്തകർച്ച, ജീവിതശൈലി പരിമിതികൾ, സന്ധികളിൽ അനുഭവപ്പെടുന്ന വേദന, പേശികളുടെ ബലക്കുറവ് എന്നിവയായിരിക്കും ഇങ്ങനെ ചിന്തിക്കാൻ നമ്മെ പ്രേരിപ്പിക്കുന്ന കാര്യങ്ങൾ. ഈ ചിന്തകൾ ഒരു സാമ്പ്രദായിക ചിന്താരീതിയാണ്. കൂടുതൽ ഒഴിവു സമയം, അധിക യാത്രയ്ക്കുള്ള അവസരങ്ങൾ, പുതിയ എന്തെങ്കിലും പഠിക്കാനുളള സാധ്യതകൾ തുടങ്ങിയ ധാരാളം കാര്യങ്ങളിൽ കൂടുതൽ ശുഭാപ്തിവിശ്വാസമുള്ളവർക്ക് ശ്രദ്ധ കേന്ദ്രീകരിക്കാൻ കഴിയും. വാർദ്ധക്യത്തോടുള്ള നമ്മുടെ പരമ്പരാഗതമായ സമീപനം മാറ്റുകയാണെങ്കിൽ, നമുക്ക് ചെയ്യാൻ കഴിയുന്ന കാര്യങ്ങൾക്ക് പരിമിതികൾ ഉണ്ടാവില്ല.

നമ്മൾ ശ്രദ്ധാപൂർവ്വം വാർദ്ധക്യത്തെ നേരിടുകയാണെങ്കിൽ വാർദ്ധക്യം എന്നത് വെറും നിഷേധാത്മകമായ സാമൂഹിക പ്രതീക്ഷകളാൽ നിർവചിക്കപ്പെട്ട ഒരു വാക്ക് മാത്രമായി മാറും. നമ്മുടെ ചിന്തകളും പെരുമാറ്റ രീതികളും ദിനചര്യകളും പരിഷ്കരിക്കാൻ ഇപ്പോൾ നമ്മൾ തീരുമാനമെടുത്താൽ, വാർദ്ധക്യം കൂടുതൽ സന്തോഷകരവും ആയാസരഹിതവും സ്വതന്ത്രവുമായ ഒരവസ്ഥയായി മാറ്റാൻ കഴിയും. ഇങ്ങനെ ചെയ്യുവാനുളള സമ്പൂർണ്ണ അധികാരം നമ്മുടേത് മാത്രമാണ്.

മനുഷ്യ ജീവിതം ഋതുഭേദങ്ങൾ പോലെയാണ്. വസന്തവും ഗ്രീഷ്മവും ശരത് കാലവും ശൈത്യവും പോലെയുള്ള ഋതുക്കൾ നമ്മുടെ ജീവിതത്തിലുമുണ്ട്. ഓരോ ഋതുവിലൂടെയും ഭൂമി നിശ്ചയമായും കടന്നുപോകണം. അതുപോലെ നമ്മുടെ ശരീരവും. അനിഷേധ്യമായ ഒരു യാഥാർത്ഥ്യമാണിത്. വാർദ്ധക്യത്തിൻ്റെ തുടക്കം ശൈത്യത്തിൻ്റെ ആരംഭദശയാണ്. വസന്തത്തിൻ്റെ നിറഭേദങ്ങൾക്കു ഈ സമയം മങ്ങലേറ്റിട്ടുണ്ട്. ഇന്നലെ ഹരിതാഭമായി നിന്ന ഇലകൾ നിറം മങ്ങി ഭൂമിയിലേക്ക്, വഴിയോരങ്ങളിലേക്ക് വീഴാൻ ഒരിളം തെന്നലിനുവേണ്ടി കാത്തിരിക്കുന്നതുപോലെ, ഒരന്തിമ വേർപിരിയലിനു വേണ്ടിയുള്ള നമ്മുടെ സമയവും വിദൂരത്തല്ല. വാർദ്ധക്യം ഒരു സുപ്രധാന തിരഞ്ഞെടുപ്പിനുള്ള സമയമാണ്. നമ്മുടെ വാർദ്ധക്യം എങ്ങനെയുള്ളതാകണമെന്ന് നമുക്ക് തന്നെ തിരഞ്ഞെടുക്കാം. പുതിയ അവസരങ്ങളും സാധ്യതകളും സാഹസികതയും കണ്ടെത്തേണ്ടത് നാം തന്നെയാണ്.

തുടരും…..

Leave a Comment

Your email address will not be published. Required fields are marked *