Timely news thodupuzha

സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിതാ കമ്മീഷൻ അധ്യക്ഷ

മൂന്നാർ: തൊഴിലിടങ്ങളിൽ സ്ത്രീകൾക്ക് ആത്മാഭിമാനത്തോടെ ജോലി ചെയ്യാനുള്ള സാഹചര്യമുണ്ടാകണമെന്ന് വനിത കമ്മീഷൻ അധ്യക്ഷ അഡ്വ. പി സതീദേവി. സംസ്ഥാനത്ത് ആദ്യമായി വനം വകുപ്പിലെ വനിത ബീറ്റ് ഓഫീസർമാർക്കും വാച്ചർമാർക്കുമായി സംഘടിപ്പിച്ച പബ്ലിക് ഹിയറിംഗ് മൂന്നാറിൽ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സതീദേവി.

വിവിധ തൊഴിൽ മേഖലകളിൽ സ്ത്രീകൾ അനുഭവിക്കുന്ന പ്രശ്നങ്ങൾ നേരിട്ട് മനസിലാക്കുന്നതിനും പ്രശ്ന പരിഹാരത്തിനുള്ള ശുപാർശ സർക്കാരിന് സമർപ്പിക്കുന്നതിനുമായാണ് പബ്ലിക് ഹിയറിംഗ് സംഘടിപ്പിച്ചത്. വിവിധ തൊഴിൽ മേഖലകളിൽ പബ്ലിക് ഹിയറിംഗ് ഇതിനകം പൂർത്തീകരിച്ചു കഴിഞ്ഞു.

ഇടുക്കി ജില്ലയിലെ വിവിധ റേഞ്ചുകളിൽ നിന്നുള്ള വനിതാ ബീറ്റ് ഓഫീസർമാരും വാച്ചർമാരുമാണ് പബ്ലിക് ഹിയറിംഗിൽ പങ്കെടുത്തത്. ആദ്യമായാണ് വനിതാ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാർക്കായി പബ്ലിക് ഹിയറിംഗ് നടത്തുന്നത്.

തൊഴിലിടങ്ങളിലെ സാഹചര്യം സംബന്ധിച്ച് വനിതാ ഓഫീസർമാർ നടത്തിയ തുറന്നു പറച്ചിൽ പരിശോധിക്കും. പബ്ലിക് ഹിയറിംഗിൽ ഉയർന്ന വിഷയങ്ങൾ പരിശോധിച്ച് സർക്കാരിന് ശുപാർശ നൽകുമെന്നും പി. സതീദേവി പറഞ്ഞു.

മൂന്നാർ പഞ്ചായത്ത് ഹാളിൽ നടന്ന പരിപാടിയിൽ വനിത കമ്മീഷൻ അംഗം അഡ്വ. എലിസബത്ത് മാമ്മൻ മത്തായി അധ്യക്ഷത വഹിച്ചു.

വനിത കമ്മീഷൻ അംഗങ്ങളായ അഡ്വ. ഇന്ദിര രവീന്ദ്രൻ, വി.ആർ മഹിളാമണി, വനിത കമ്മീഷൻ ഡയറക്ടർ ഷാജി സുഗുണൻ, മൂന്നാർ ഡി.എഫ്.ഒ സാജു വർഗീസ്, വനിത കമ്മീഷൻ റിസർച്ച് ഓഫീസർ എ.ആർ അർച്ചന എന്നിവർ പങ്കെടുത്തു.

Leave a Comment

Your email address will not be published. Required fields are marked *