ഇടുക്കി: കേരളത്തിൽ യുഡിഎഫ് അധികാരത്തിൽ വന്നാൽ ജില്ലയിലെ ഭൂപ്രശ്‌നങ്ങൾ പൂർണ്ണമായും പരിഹരിക്കുമെന്ന് കേരള കോൺഗ്രസ് ഡെപ്യൂട്ടി ചെയർമാൻ അഡ്വ. കെ ഫ്രാൻസിസ് ജോർജ് എം പി പറഞ്ഞു. ചെറുതോണിയിൽ കേരള കോൺഗ്രസ് ഇടുക്കി ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടന്ന കർഷക മാർച്ചും ധർണ്ണയും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പിണറായി സർക്കാർ കൊണ്ടുവന്ന ഭൂനിയമചട്ട ഭേദഗതി ഇടുക്കിയിലെ ജനങ്ങളെ പ്രതിസന്ധിയിൽ ആക്കും. 2023 ൽ ഭൂനിയമ ഭേദഗതിബിൽ നിയമസഭയിൽ അവതരിപ്പിച്ചപ്പോൾ 1964 ലെയും 1993ലെയും ചട്ടപ്രകാരം ലഭിച്ചിട്ടുള്ള പട്ടയ ഭൂമിയിലെ നിർമ്മിതികൾ നിബന്ധനകൾ ഇല്ലാതെ മുൻകാല പ്രാബല്യത്തോട് കൂടി ക്രമവത്ക്കരിക്കണമെന്ന് യു ഡി എഫ് ഭേദഗതി കൊണ്ട് വന്നതാണ്. ചട്ടങ്ങൾ രൂപീകരിക്കുമ്പോൾ പ്രശ്‌നങ്ങൾ എല്ലാം പരിഹരിക്കും എന്നാണ് അന്ന് നിയമസഭയിൽ മുഖ്യമന്ത്രിയും വകുപ്പ് മന്ത്രിയും പറഞ്ഞത്. പുതിയ ചട്ടങ്ങൾ നിലവിൽ വരുന്നതോടെ പട്ടയഭൂമി കൃഷി ഭൂമി മാത്രമായി മാറും. ഇവിടെ വാണിജ്യ ആവശ്യത്തിനുള്ള കെട്ടിട നിർമ്മാണം അസാധ്യമാകും. കാലകാലങ്ങളായി നിയമാനുസൃതം നിർമ്മിച്ചിട്ടുള്ള കെട്ടിടങ്ങൾക്ക് പിഴ ഈടാക്കാനുള്ള ഗവൺമെന്റ് തീരുമാനം ജനങ്ങളെ കൊള്ള അടിക്കുന്നതിനുള്ളതാണ്. ഇത് ഒരു കാരണ വശാലും അംഗീകരിക്കാൻ പറ്റില്ല.

ജില്ലാ പ്രസിഡന്റ് പ്രൊഫ. എം.ജെ.ജേക്കബിന്റെ നേതൃത്വത്തിൽ നടന്ന മാർച്ചിലും ധർണ്ണയിലും നൂറുകണക്കിന് പ്രവർത്തകർ പങ്കെടുത്തു. ജനങ്ങൾക്ക് അനുകൂലമായി ഭൂപ്രശ്‌നങ്ങൾ പരിഹരിച്ചില്ലെങ്കിൽ തുടർ സമര പരിപാടികൾ ആരംഭിക്കുമെന്ന് അദ്ധ്യക്ഷ പ്രസംഗത്തിൽ ജില്ലാ പ്രസിഡന്റ് പറഞ്ഞു.
പാർട്ടി സംസ്ഥാന കോർഡിനേറ്റർ അപു ജോൺ ജോസഫ് മുഖ്യ പ്രഭാഷണം നടത്തി. പട്ടയം കിട്ടിയ ഭൂമി പുതിയചട്ട പ്രകാരം കൃഷി ആവശ്യങ്ങൾക്ക് മാത്രമേ ഉപയോഗിക്കുവാൻ പറ്റു എന്ന സ്ഥിതി വന്നാൽ കൃഷിക്കാർക്ക് ബാങ്കുകൾ വായ്പകൾ നൽകാതെ വരും. പൊതുവിപണിയിലെ വിലയിടിവ് മൂലം ബാങ്കുകൾ വായ്പ നൽകുന്നതിൽ നിന്ന് വിട്ട് നിൽക്കും.
ഇടുക്കി ജില്ലയിലെ ജനങ്ങളോട് ഇരട്ടത്താപ്പ് ആണ് സംസ്ഥാന ഗവൺമെന്റ് സ്വീകരിക്കുന്നതെന്നും അപു ജോൺ ജോസഫ് പറഞ്ഞു. യോഗത്തിൽ അഡ്വ. തോമസ് പെരുമന, ഷീലാ സ്റ്റീഫൻ, നോബിൾ ജോസഫ്, വി എ ഉലഹന്നാൻ, ഷൈനി സജി, എം മോനിച്ചൻ, വർഗ്ഗീസ് വെട്ടിയാങ്കൽ, ഫിലിപ്പ് ജി മലയാറ്റ്, ബ്ലെയിസ് ജി വാഴയിൽ, ജോയി കൊച്ചുകരോട്ട്, ബിജു പോൾ, ബാബു കീച്ചേരിൽ, ജോജി ഇടപ്പള്ളിക്കുന്നേൽ, എം ജെ കുര്യൻ, അഡ്വ. എബി തോമസ്, വിനു ജോൺ, വർഗ്ഗീസ് സക്കറിയ, കെ കെ വിജയൻ, ജോൺസ് കുന്നപ്പിള്ളിൽ തുടങ്ങിയവർ സംസാരിച്ചു. മാർച്ചിന് ടോമിച്ചൻ മുണ്ടുപാലം, പി വി അഗസ്റ്റിൻ, മാത്യൂസ് തെങ്ങുംകുടി, ബെന്നി പുതുപ്പാടി, സാബു വേങ്ങവേലിൽ, ഷൈൻ വടക്കേക്കര, റ്റി വി ജോസുകുട്ടി, ഒ റ്റി ജോൺ, സണ്ണി കളപ്പുര, ടോമി തൈലംമാനാൽ, കെ എ പരീത്, സണ്ണി തെങ്ങുംപിള്ളിൽ, ഷിജോ ഞവരക്കാട്ട്, ജോയി കുടക്കച്ചിറ, പ്രദീപ് ജോർജ്, വിൻസന്റ് വള്ളാടി, അലക്‌സ പൗവത്ത്, തമ്പി മാനുങ്കൽ, ടോമി കാവാലം, ഡോളി സുനിൽ, വി റ്റി തോമസ്, ബേബിച്ചൻ തുരുത്തിയിൽ തുടങ്ങിയവർ നേതൃത്വം നൽകി.






