ഇടുക്കി: ചൊവ്വാഴ്ച്ച രാത്രി 10 മണിയോടെയാണ് കട്ടപ്പനയിൽ മാലിന്യ ടാങ്ക് വൃത്തിയാക്കാനിറങ്ങിയ മൂന്നു പേർ അപകടത്തിൽ പെട്ടത്. തമിഴ്നാട് കമ്പം സ്വദേശി ജയരാമൻ, ഗൂഡല്ലൂർ സ്വദേശികളായ സുന്ദരപാണ്ഡ്യൻ, മൈക്കിൾ എന്നിവരാണ് മരിച്ചത്. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം ഇടുക്കി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പോസ്റ്റുമോർട്ടം നടത്തി. ഉറ്റവരെ നഷ്ടപ്പെട്ടവരെ ആശ്വസിപ്പിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു മറ്റുള്ളവർ.
സാമ്പത്തികമായി ഏറെ പിന്നാക്കാവസ്ഥയിലുള്ളവരാണ് മരിച്ച മൂന്നു പേരും. സ്വന്തമായി വീടുപോലും ഇല്ലാത്ത ഇവരെ സഹായിക്കാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ബന്ധുക്കൾ ആവശ്യപ്പെട്ടു.
അപകടം സംബന്ധിച്ച് മന്ത്രി റോഷി അഗസ്റ്റിൻ ഇടുക്കി ജില്ലാ കളക്ടറോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതിൻ്റെ അടിസ്ഥാനത്തിൽ എ ഡി എം ഷൈജു ജേക്കബ് അപകട സ്ഥലം സന്ദർശിച്ചു. നഗരസഭാ ആരോഗ്യവിഭാഗവും പരിശോധന നടത്തി. അപകടം ഉണ്ടായ ഹോട്ടലിൽ നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നത് ശ്രദ്ധയിൽ പെട്ടിരുന്നില്ലെന്ന് നഗരസഭാ ചെയർപേഴ്സൺ ബീനാ ടോമി പറഞ്ഞു.






