Timely news thodupuzha

കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ ഇടുക്കി ജില്ലയിൽ പ്രവർത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി

ഇടുക്കി: കേരള വാട്ടർ അതോറിറ്റിയുടെ കീഴിൽ ജില്ലയിൽ പ്രവർത്തിക്കുന്ന നാല് ലബോറട്ടറികളിലൂടെ കുടിവെള്ളത്തിന്റെ ഗുണനിലവാരം പരിശോധിക്കാൻ കൂടുതൽ സൗകര്യങ്ങൾ ഏർപ്പെടുത്തി. ചെറുതോണിയിൽ ഇടുക്കി മെഡിക്കൽ കോളേജിന് സമീപമാണ് ജില്ലാ ലാബും ചെറുതോണി ഉപജില്ലാ ലാബും പ്രവർത്തിക്കുന്നത്. അടിമാലിയിലും തൊടുപുഴയിലും സബ്ജില്ലാ ലാബുകൾ പ്രവർത്തിക്കുന്നു. ഈ ലാബുകൾക്ക് എൻഎബിഎൽ അംഗീകാരവുമുണ്ട്. ശുദ്ധമായ ജലം കിട്ടാക്കനിയാവുകയും അമീബിക് മസ്തിഷ്‌കജ്വരം, മഞ്ഞപ്പിത്തം തുടങ്ങിയ ജലജന്യ രോഗങ്ങൾ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തിൽ കുടിവെള്ളത്തിന്റെ ശുദ്ധത ഉറപ്പുവരുത്തേണ്ടത് ആരോഗ്യസംരക്ഷണത്തിന് അനിവാര്യമാണ്. ജൽജീവൻ മിഷന്റെ ഭാഗമായി നടത്തിയ സർവേ പ്രകാരം ജില്ലയിലെ വിവിധ പഞ്ചായത്തുകളിലെ സ്രോതസുകളിലെ കുടിവെള്ളത്തിന്റെ ഗുണനിലവാരം കുറവാണെന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാപാരസ്ഥാപനങ്ങൾക്ക് ഭക്ഷ്യസുരക്ഷ ലൈസൻസിന് ആവശ്യമായ എല്ലാ കുടിവെള്ള പരിശോധനകളും നിശ്ചിത ഫീസ് ഈടാക്കി വാട്ടർ അതോറിറ്റിയുടെ കുടിവെള്ള ഗുണനിലവാര പരിശോധന വിഭാഗം സർട്ടിഫിക്കറ്റ് നൽകുന്നുണ്ട്. സ്‌കൂളുകളിലെ കുടിവെള്ളം പരിശോധിക്കാനും സൗകര്യമുണ്ട്. രാസ ഭൗതിക പരിശോധനയ്ക്ക് രണ്ട് ലിറ്റർ സാമ്പിൾ പുതുതായി വാങ്ങിയ വെള്ള നിറത്തിലുള്ള കന്നാസിൽ ശേഖരിക്കണം. അക്ഷയ കേന്ദ്രം വഴിയോ മൊബൈൽ ഫോൺ വഴിയോ ഫീസ് അടയ്ക്കാം.

Leave a Comment

Your email address will not be published. Required fields are marked *