തിരുവനന്തപുരം: സ്‌കൂൾ വിദ്യാർഥിനികൾക്ക് നടപ്പാക്കിയ മൂന്നു ദിവസ ആർത്തവ അവധി അവരെക്കൊണ്ട് നിർബന്ധിച്ച് എടുപ്പിക്കില്ലെന്ന് വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദീൻ. നന്മയുള്ള തീരുമാനമായിട്ടാണ് അതിനെ സർക്കാർ കാണുന്നതെന്നും ആർത്തവ അവധിയിൽ സ്ത്രീ സമൂഹത്തിന് പരാതിയുണ്ടെങ്കിൽ പുനഃപരിശോധിക്കുമെന്നും മന്ത്രി പറഞ്ഞു. പൊതു നിർദേശമായി ഉയർന്നുവന്ന വിഷയം സർക്കാർ പരിഗണിച്ചു എന്ന് മാത്രമേയുളളൂ. ആർത്തവ സമയത്ത് കഠിനമായ ബുദ്ധിമുട്ടുകൾ അനുഭവിക്കുന്ന വിദ്യാർഥിനികളും സ്ത്രീകളുമുണ്ട്. അവരെ ക്ലാസുകളിൽ പങ്കെടുപ്പിക്കാൻ നിർബന്ധിക്കരുത്. അവരെ പരിഗണിച്ചാണ് സർക്കാർ ഇത്തരമൊരു തീരുമാനമെടുത്തത്.
എന്നാൽ ആർത്തവ അവധി സംബന്ധിച്ച് യുഡിഎഫിനകത്ത് അഭിപ്രായ വ്യത്യാസമില്ലെന്നും മന്ത്രി വ്യക്തമാക്കി. അതേസമയം, ഈ പദ്ധതിയുമായി ബന്ധപ്പെട്ട് വിശദമായ രൂപരേഖ തയാറാക്കാൻ പൊതുവിദ്യാഭ്യാസ ഡയറക്റ്ററെ ചുമതലപ്പെടുത്തി. ഉദ്യോഗസ്ഥരിൽ നിന്നും വിവരം ശേഖരിക്കുന്നതിനൊപ്പം അധ്യാപക, വിദ്യാർഥി സംഘടന പ്രതിനിധികളുമായും ചർച്ച നടത്തും. ചിട്ടയായും ഫലപ്രദമായും പദ്ധതി നടപ്പാക്കുകയാണ് ലക്ഷ്യം. പൊതു വിദ്യാഭ്യാസ ഡയറക്റ്റർ അടുത്തയാഴ്ച ഫീൽഡ് ഓഫിസർമാരുമായി കൂടിക്കാണും.
ഡിഇഒമാരുമായും എഇഒമാരുമായും കൂടിക്കാഴ്ച നടത്തും. സ്‌കൂൾതലത്തിൽ അഭിപ്രായങ്ങൾ ആരായും. അധ്യാപക, വിദ്യാർഥി സംഘടനകളുടെ അഭിപ്രായങ്ങൾ സ്വീകരിക്കും. അതിന് ശേഷം വിദ്യാഭ്യാസ വകുപ്പ് സർക്കാരുമായി ചർച്ച ചെയ്യും. തുടർന്നാവും പദ്ധതി നടപ്പാക്കുക. അതേസമയം ആർത്തവ അവധി പ്രഖ്യാപനത്തിൽ അപാകതയില്ലെന്ന് മന്ത്രി കെ.എ. തുളസി വ്യക്തമാക്കി. ആർത്തവ അവധിക്കെതിരേ ബജെപി സംസ്ഥാന വൈസ് പ്രസിഡൻറും മുൻ ഡിജിപിയും തിരുവനന്തപുരം കോർപ്പറേഷൻ കൗൺസിലറുമായ ആർ. ശ്രീലേഖയും മുസ്‌ലിം ലീഗിൻറെ വനിതാ നേതാവ് നൂർബീന റഷീദുമൊക്കെ രംഗത്തുവന്നിരുന്നു. ആർത്തവ അവധി പെൺകുട്ടികളുടെ സ്വകാര്യതയെ ബാധിക്കുമെന്നും സ്വകാര്യത സംരക്ഷിക്കണമെന്നും അവർ ആവശ്യപ്പെട്ടു.






