തൊടുപുഴ: അധികാരത്തിലെത്തിയാൽ ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാതെ തമ്മിലടിക്കുകയും ഗ്രൂപ്പ് അടിസ്ഥാനത്തിൽ സ്ഥാനമാനങ്ങൾ പങ്കിടുകയും ചെയ്യുന്നവരാണ് യുഡിഎഫെന്ന് സിപിഐ എം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർഗീസ്. ഭരണസ്തംഭനത്തിനും വികസന മുരടിപ്പിനുമെതിരെ തൊടുപുഴ നഗരസഭയ്‌ക്ക് മുന്നിൽ സിപിഐ എം നടത്തിയ ധർണ ഉദ്‌ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ 10വർഷത്തിൽ കേരളം കൈവരിച്ച നേട്ടങ്ങൾ തകർക്കാനാണ് യുഡിഎഫ് സർക്കാർ ശ്രമിക്കുന്നത്. മന്ത്രിമാരാകാൻ പണം കൊടുക്കണമെന്ന നെറികെട്ട ഭരണസംവിധാനത്തിലേക്കാണ് യുഡിഎഫ് പോകുന്നത്. രണ്ടുമാസത്തിനകം ചീഞ്ഞുനാറിയ ഭരണമായി മാറി. തമ്മിലടിക്കുന്ന യുഡിഎഫ് ഭരണത്തിന്റെ അഴിമതിക്കും കെടുകാര്യസ്ഥതയ്‌ക്കുമതിരെയുള്ള ദൗത്യമാണ് സിപിഐ എം ഏറ്റെടുത്തിട്ടുള്ളതെന്നും സി വി വർഗീസ് പറഞ്ഞു.
സിപിഐ എം തൊടുപുഴ വെസ്റ്റ് ഏരിയ കമ്മിറ്റി ഓഫീസ് പരിസരത്തുനിന്ന് പ്രകടനം തുടങ്ങി. നൂറുകണക്കിന് പ്രവർത്തകർ അണിനിരന്നു. ഗാന്ധിസ്‍ക്വയറിലൂടെ നഗരസഭ ഓഫീസിന് മുന്നിൽ സമാപിച്ചു. ഉദ്ഘാടന യോഗത്തിൽ തൊടുപുഴ ഈസ്റ്റ് ഏരിയ സെക്രട്ടറി ലിനു ജോസ് അധ്യക്ഷത വഹിച്ചു. ജനങ്ങൾക്ക് ലഭിക്കേണ്ട സേവനങ്ങളും സുരക്ഷയുമാണ് ഇതിലൂടെ നഷ്ടമാവുന്നത്. സംസ്ഥാന കമ്മിറ്റിയംഗം കെ പി മേരി, ജില്ലാ സെക്രട്ടറിയറ്റംഗം മുഹമ്മദ് ഫൈസൽ, ജില്ലാ കമ്മിറ്റിയംഗങ്ങളായ വി വി മത്തായി, ടി ആർ സോമൻ തുടങ്ങിയവർ സംസാരിച്ചു.






