തൊടുപുഴ: വെങ്ങല്ലൂർ – ഊന്നുകൽ റോഡിലെ ആരവല്ലിക്കാവ് ജംഗ്ഷനിൽ തകർന്ന റോഡും വെള്ളക്കെട്ടും മൂലമുള്ള അപകടങ്ങൾ തുടർക്കഥയാകുന്നതിനിടെ, ഇന്നലെ ഉണ്ടായ അപകടത്തിൽ സ്കൂട്ടർ യാത്രക്കാരിയുടെ മൊബൈൽ ഫോൺ പോലും കണ്ടെത്താൻ ഫയർഫോഴ്സിന്റെ സഹായം തേടേണ്ടിവന്നു. റോഡിലെ കുഴിയിൽ മഴവെള്ളം കെട്ടിക്കിടന്ന ഭാഗത്തേക്ക് സ്കൂട്ടർ മറിഞ്ഞതിനെ തുടർന്ന് യാത്രക്കാരിയുടെ മൊബൈൽ ഫോൺ വെള്ളത്തിലേക്ക് തെറിച്ചുവീഴുകയായിരുന്നു. അപകടത്തിൽപ്പെട്ടവരും പ്രദേശവാസികളും ഏറെ നേരം തിരച്ചിൽ നടത്തിയെങ്കിലും കനത്ത വെള്ളക്കെട്ടും ചെളിയും കാരണം ഫോൺ കണ്ടെത്താനായില്ല.
തുടർന്ന് സ്ഥലത്തെത്തിയ അഗ്നിരക്ഷാസേന ഉദ്യോഗസ്ഥർ മോട്ടോർ പമ്പ് ഉപയോഗിച്ച് റോഡിലെ വെള്ളം വറ്റിച്ച ശേഷമാണ് മൊബൈൽ ഫോൺ കണ്ടെത്തിയത്. ഒരു മൊബൈൽ ഫോൺ പോലും കണ്ടെത്താനാകാത്തത്ര ആഴത്തിലും വ്യാപ്തിയിലും റോഡിൽ വെള്ളക്കെട്ട് രൂപപ്പെട്ടിരിക്കുന്ന സ്ഥിതിയാണ് ഇതിലൂടെ വ്യക്തമായതെന്ന് നാട്ടുകാർ ചൂണ്ടിക്കാട്ടുന്നു.
ആരവല്ലിക്കാവ് ജംഗ്ഷനിലെ റോഡിലെ കുഴികൾ മൂലം ഇരുചക്ര വാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് പതിവായിരിക്കുകയാണ്. മഴ ശക്തമായതോടെ കുഴികൾ പൂർണമായും വെള്ളത്തിനടിയിലാകുന്നതിനാൽ അപകടസാധ്യത ദിനംപ്രതി വർധിച്ചുവരികയാണ്. പ്രധാന വിനോദസഞ്ചാര കേന്ദ്രമായ മൂന്നാറിലേക്കുള്ള തിരക്കേറിയ പാതയായതിനാൽ ഇവിടെ ഗതാഗതക്കുരുക്കും പതിവാണ്.
നിരവധി പരാതികൾ നൽകിയിട്ടും പൊതുമരാമത്ത് വകുപ്പ് അടിയന്തര നടപടി സ്വീകരിക്കുന്നില്ലെന്നാണ് പ്രദേശവാസികളുടെ പരാതി. കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നതിന് മുമ്പ് റോഡ് ശാസ്ത്രീയമായി അറ്റകുറ്റപ്പണികൾ നടത്തി യാത്ര സുരക്ഷിതമാക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.






