ഇൻറർനെറ്റ് ഇല്ലാതെയും യുപിഐ ഇടപാട് നടത്താൻ കഴിയുന്ന ടാപ് ആൻഡ് പേ സംവിധാനം ഇന്ത്യയിലേക്കും. ഫോണും പിഒഎസ് മെഷീനും ഓഫ് ലൈനിൽ ആണെങ്കിൽ പോലും പണമിടപാട് നടത്താവുന്ന സംവിധാനമാണിത്.
നിയർ ഫീൽഡ് കമ്യൂണിക്കേഷൻ (എൻഎഫ്സി) സാങ്കേതിക വിദ്യ ഉപയോഗിച്ചാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്. ഡെബിറ്റ്, ക്രെഡിറ്റ് കാർഡുകളിലെ ടാപ് ആൻഡ് പേ സംവിധാനത്തിനു സമാനമായിരിക്കും ഇതും. ഓഫ് ലൈനിലുള്ള ടാപ് ആൻഡ് പേ സംവിധാനം വഴി 2000 രൂപയുടെ ഇടപാട് വരെ നടത്താം.
അതിനായി ഇൻറർനെറ്റ് കണക്ഷനുള്ള സമയത്ത് യുപിഐ ലൈറ്റ് വാലറ്റിൽ പണം നിറയ്ക്കണം. പിന്നീട് ഫോണിലും പിഒഎസിലും നെറ്റ് ഇല്ലാത്തപ്പോഴും പണമിടപാട് നടത്താൻ കഴിയും. യുപിഐ ലൈറ്റ് വാലറ്റിൽ നിന്ന് പണം വരുന്നതിനാൽ യുപിഐ പിൻ ഉപയോഗിക്കേണ്ടതായും വരില്ല. വിമാനങ്ങൾ, ഭൂഗർഭ മെട്രൊ സ്റ്റേഷനുകൾ, ഗ്രാമങ്ങൾ, കൂറ്റൻ കെട്ടിടങ്ങൾ തുടങ്ങി നെറ്റ് വർക്ക് ഇല്ലാത്ത സ്ഥലങ്ങളിലെല്ലാം ഈ സംവിധാനം ഗുണപ്രദമായിരിക്കും. ഇതേക്കുറിച്ച് ഔദ്യോഗിക അറിയിപ്പുകളൊന്നും പുറത്തു വന്നിട്ടില്ല.






