രാജാക്കാട്: മുല്ലക്കാനത്ത് പ്രവർത്തിക്കുന്ന രാജാക്കാട് കമ്യൂണിറ്റി ഹെൽത്ത് സെൻ്ററിൻ്റെ ശോച്യാവസ്ഥയെക്കുറിച്ചുള്ള മാധ്യമ വാർത്തയെ തുടർന്ന് ഉടുമ്പൻചോല എം എൽ എ സേനാപതി വേണു രാജാക്കാട് സി എച്ച് സി യിൽ സന്ദർശനം നടത്തി. കാലപ്പഴക്കത്താൽ ഉപയോഗശൂന്യമായി കിടക്കുന്ന വാഹനങ്ങളും, ക്വാർട്ടേഴ്‌സുകളും, ജലത്തിൻ്റെ ലഭ്യതക്കുറവും കിടത്തി ചികിത്സ നിലച്ചതുമെല്ലാം ഹെൽത്ത് ഇൻസ്പെക്ടറും പഞ്ചായത്തിലെ ജനപ്രതിനിധികളുമടങ്ങുന്ന സംഘവും എം.എൽ.എ യെ ധരിപ്പിച്ചു. 99 ലക്ഷം രൂപ എം.പി ഫണ്ട് ഉപയോഗിച്ച് നിർമ്മിക്കുന്ന ബ്ലോക്കിൻ്റെയും നിർമ്മാണം അവസാന ഘട്ടത്തിലായ വനിതാ വാർഡിൻ്റെയും ഉദ്‌ഘാടനത്തിന് ആരോഗ്യ വകുപ്പ് മന്ത്രിയേയും എം.പിയേയും എത്തിച്ച് ആതുരാലയത്തിൻ്റെ അടിസ്ഥാന പ്രശ്‌നങ്ങൾ എല്ലാം പരിഹരിച്ച് 24 മണിക്കൂറും ജനങ്ങൾക്ക് സേവനം ലഭിക്കത്തക്കവിധമുള്ള ഇടപെടൽ നടത്തുമെന്നും എം എൽ എ അറിയിച്ചു.
40 വർഷം മുൻപ് പ്രാഥമിക ആരോഗ്യ കേന്ദ്രമായി തുടങ്ങിയ ഈ ആതുരാലയം കഴിഞ്ഞ 15 വർഷമായി കമ്യൂണിറ്റി ഹെൽത്ത് സെൻ്റർ എന്ന പേരിലാണ് അറിയപ്പെടുന്നത്.നടത്തിപ്പ് ചുമതല നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്തിനുമാണ്. എന്നാൽ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിൻ്റെ സ്റ്റാഫ് പാറ്റേൺ പോലും ഇവിടെ ഇല്ല.30 ബെഡുകളുള്ള ഐ പി വിഭാഗവും ആഴ്ചയിലെ 3 ദിവസങ്ങളിൽ വിദഗ്ദ ഡോക്ടർമാർ എത്തി പോളി ക്ലീനിക്കും ഇവിടെ പ്രവർത്തിച്ചിരുന്നു. ഗ്രാമ പഞ്ചായത്ത് ആയിരുന്നു അന്ന് അധിക സ്‌റ്റാഫിനെ നിയമിച്ചിരുന്നത്.ഇതിന് ഓഡിറ്റ് ഒബ്ജക്ഷൻ ഉണ്ടായതിനെ തുടർന്നാണ് കിടത്തി ചികിത്സ നിലച്ചത്. കാലാകാലങ്ങളിൽ ബ്ലോക്ക് പഞ്ചായത്തും വിവിധ ഏജൻസികളും ഫണ്ട് അനുവദിച്ച് ഭൗതിക സൗകര്യങ്ങൾ വർദ്ധിപ്പിച്ചെങ്കിലും കിടത്തി ചികിത്സയും ആവശ്യത്തിനുള്ള മരുന്നുമെത്തിയിരുന്നില്ല. സമീപത്തുള്ള 5 പഞ്ചായത്തുകളിലെ ജനങ്ങൾ ആശ്രയിക്കുന്ന ഈ ആതുരാലയത്തിൽ പോരായ്മകൾ പരിഹരിച്ച് കിടത്തി ചികിത്സ ആരംഭിക്കണമെന്നാവശ്യപ്പെട്ട് രാജാക്കാട് മതസൗഹാർദ്ദ കൂട്ടായ്മയുടെ നേതൃത്വത്തിൽ പതിനായിരം പേർ ഒപ്പിട്ട നിവേദനം തിരുവനന്തപുരത്ത് എത്തി മന്ത്രിമാർക്ക് നൽകി 6 വർഷം കഴിഞ്ഞിട്ടും പ്രശ്‌ന പരിഹാരമുണ്ടായില്ല.
ഇതേ തുടർന്നാണ് മാധ്യമങ്ങൾ ശോച്യാവസ്ഥയെക്കുറിച്ച് വാർത്തകൾ നൽകിയത്. അതിനെ തുടർന്നാണ് എച്ച് എം സി മെമ്പർ എം.പി ജോസ്,പഞ്ചായത്ത് അംഗങ്ങളായ ബാബു കൊച്ചുപുര,ജോഷി കന്യാക്കുഴി,സാജു പഴപ്ലാക്കൽ,കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡൻ്റ് നന്ദകുമാർ ചൂഴിക്കര എന്നിവരോടൊപ്പം എം എൽ എ സന്ദർശനം നടത്തിയത്.






