Timely news thodupuzha

ആഗസ്‌തി മത്തായിക്ക് 101 ന്റെ നിറവിലും കനലെരിയുന്ന സമരവീര്യം: ‘പോരാടുക അല്ലെങ്കിൽ മരിക്കുക’ – സ്വാതന്ത്ര്യ സമര സേനാനിയുടെ നിലപാട് വ്യക്തം

കരിങ്കുന്നം: “പോരാടുക അല്ലെങ്കിൽ മരിക്കുക…” സ്വാതന്ത്ര്യത്തിന്റെ 80-ാം വാർഷികത്തിലും ഈ വാക്കുകൾ ഉരുവിടുമ്പോൾ 101-ാം വയസ്സിലും കരിങ്കുന്നം ഒറ്റല്ലൂർ കിഴക്കേമനക്കൽ ആഗസ്‌തി മത്തായി എന്ന ‘കൊച്ചേട്ടന്റെ’ മുഖത്ത് പഴയ സമരവീര്യം തിളങ്ങിനിൽപ്പുണ്ട്. സ്വാതന്ത്ര്യസമര പോരാട്ടങ്ങളുടെ ജ്വലിക്കുന്ന ഓർമ്മകളുമായി പുതുതലമുറയ്ക്ക് ആവേശമായി മാറിയിരിക്കുകയാണ് ഈ ജ്വലിക്കുന്ന വ്യക്തിത്വം.
യുവത്വം കത്തിനിൽക്കുന്ന കാലത്ത് മഹാത്മാ ഗാന്ധി, ജവഹർലാൽ നെഹ്റു തുടങ്ങിയ മഹാന്മാരായ നേതാക്കളുടെ ജീവിതത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് ആഗസ്തി സമരഭൂമിയിലേക്ക് ഇറങ്ങിത്തിരിച്ചത്. പാലാ-മീനച്ചിൽ താലൂക്കിലും തൊടുപുഴ താലൂക്കിലും നടന്ന ഒട്ടേറെ സ്വാതന്ത്ര്യസമര പരിപാടികളിൽ അദ്ദേഹം സജീവ പങ്കാളിയായിരുന്നു.

ക്വിറ്റ് ഇന്ത്യ സമരകാലത്ത് പ്രക്ഷോഭങ്ങൾക്ക് മുൻനിരയിൽ നിന്ന് നേതൃത്വം നൽകിയ അദ്ദേഹം, കെ.വി. തോമസ്, ചെറിയാൻ ജെ. കാപ്പൻ, കെ.എം. ചാണ്ടി എന്നിവരോടൊപ്പം കോട്ടയം, ഇടുക്കി ജില്ലകൾ കേന്ദ്രീകരിച്ച് സജീവമായി പ്രവർത്തിച്ചു. പ്രക്ഷോഭങ്ങൾക്കിടെ പൊലീസിന്റെ ക്രൂരമർദനനങ്ങൾക്കും പലതവണ ജയിൽവാസത്തിനും ഇരയായി.

തിരുവിതാംകൂർ പ്രക്ഷോഭ കാലത്ത് ആഗസ്‌തി മത്തായിയുടെയും സഹപ്രവർത്തകരുടെയും പേരിൽ ബ്രിട്ടീഷ് സർക്കാർ അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചു. തുടർന്ന് പ്രമുഖ നേതാക്കളുടെ നിർദ്ദേശപ്രകാരം നെല്ലാപാറ, ഇല്ലിചാരി, പുറപ്പുഴ എന്നിവിടങ്ങളിലെ ചെറുവനങ്ങളിൽ അദ്ദേഹത്തിന് ഏറെക്കാലം ഒളിവിൽ കഴിയേണ്ടി വന്നു. വെള്ളം മാത്രം കുടിച്ച്, പൊലീസിന്റെ കണ്ണുവെട്ടിച്ച് കഴിഞ്ഞ ആ ദിനങ്ങൾ ഇന്നും അദ്ദേഹത്തിന്റെ ഓർമ്മയിലുണ്ട്. ഒടുവിൽ ഇന്ത്യക്ക് സ്വാതന്ത്ര്യം ലഭിച്ചതിനു ശേഷമാണ് അറസ്റ്റ് വാറന്റ് പിൻവലിച്ചതും അദ്ദേഹം പരസ്യമായി പുറത്തിറങ്ങിയതും. വല്യപറമ്പിൽ മത്തായി, പുറപ്പുഴ നീലകണ്ഠൻ നായർ, കുട്ടി സാഹിബ്, എ.സി. ചാക്കോ, തെരുവത്ത് ആന്റണി, കാസിം തുടങ്ങി നിരവധി സൃഹൃത്തുക്കൾ അന്ന് തൊടുപുഴയിലും പുറപ്പുഴയിലുമൊക്കെയായി തനിക്കൊപ്പം സമരവേദികളിൽ സജീവമായിരുന്നുവെന്ന് അദ്ദേഹം ഓർത്തെടുക്കുന്നു.

രാഷ്ട്രത്തിന്റെ ആദരം

സ്വാതന്ത്ര്യ സമരകാലത്തെ സമാനതകളില്ലാത്ത പോരാട്ടത്തെ അംഗീകരിച്ച് മുൻ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി താമ്രപത്രം നൽകി ആഗസ്‌തി മത്തായിയെ ആദരിച്ചിട്ടുണ്ട്. പിൽകാലത്ത് മുൻ പ്രധാനമന്ത്രി മൻമോഹൻ സിംഗ്, പ്രധാനമന്ത്രി നരേന്ദ്ര മോദി എന്നിവരും ഡൽഹിയിലേക്ക് ക്ഷണിച്ചുവരുത്തി അദ്ദേഹത്തെ ആദരിച്ചു. ഡൽഹിയിൽ നടന്ന ക്വിറ്റ് ഇന്ത്യ ദിന ചടങ്ങുകളിൽ മൂന്ന് തവണ കേന്ദ്ര സർക്കാരിന്റെ പ്രത്യേക ക്ഷണപ്രകാരം അദ്ദേഹം പങ്കെടുത്തിട്ടുണ്ട്. രാഷ്ട്രപതി, ഗവർണർ, സംസ്ഥാന മുഖ്യമന്ത്രിമാർ എന്നിവരുടെ ആദരവും വിവിധ കാലഘട്ടങ്ങളിലായി ലഭിച്ചു. മഹാത്മാഗാന്ധിയുടെ മാതൃഭൂമി സന്ദർശനത്തിന്റെ 75-ാം വാർഷികവേളയിൽ മാതൃഭൂമിയും ഈ സ്വാതന്ത്ര്യസമര സേനാനിയെ പൊന്നാടയണിയിച്ച് ആദരിച്ചിരുന്നു.

നിഷ്ഠയുള്ള ജീവിതം

101-ാം വയസ്സിലും ചിട്ടയായ ജീവിതരീതിയാണ് പിതാവിന്റേതെന്ന് മകൻ മാത്യു പറയുന്നു. ഏത് കാര്യത്തിലും വ്യക്തമായ നിലപാട് വേണമെന്നത് അദ്ദേഹത്തിന് നിർബന്ധമാണ്. വസതിയിലെ മുറിയിൽ ഇപ്പോഴും ഗാന്ധിജിയുടെ ചിത്രം അദ്ദേഹം പവിത്രമായി സൂക്ഷിക്കുന്നു. പരേതയായ ത്രേസ്യാമ്മയാണ് ഭാര്യ. മക്കൾ: നിഷ, ലൂസി, ലാലി, അനിത, ബീന, കെ.എം. മാത്യു, ബെന്നി.

Leave a Comment

Your email address will not be published. Required fields are marked *