തൊടുപുഴ: ഓണക്കാലത്ത് അവശ്യ സാധനങ്ങൾ കുറഞ്ഞ നിരക്കിൽ ജനങ്ങൾക്ക് ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ തെക്കുംഭാഗം സർവീസ് സഹകരണ ബാങ്കിന്റെ നേതൃത്വത്തിൽ “സഹകരണ ഓണവിപണി” 2026 ആരംഭിച്ചു. ബാങ്ക് പ്രസിഡന്റ് ടോമി കാവാലം ഓണചന്തയുടെ ഉദ്ഘാടനം നിർവഹിച്ചു. അധിക വിലക്കയറ്റത്തിൽ നിന്നും സാധാരണ കുടുംബങ്ങളെ രക്ഷിക്കുന്നതിന് വേണ്ടി സബ്‌സിഡി നിരക്കിൽ അവശ്യ സാധനങ്ങൾ നൽകുക എന്നതാണ് ബാങ്കിന്റെ ലക്ഷ്യമെന്നു പ്രസിഡന്റ് പറഞ്ഞു.



വൈസ്പ്രസിഡന്റ് ഷമ്മി ഈപ്പച്ചൻ, ബോർഡ് മെമ്പർമാരായ റോബി സിറിയക്, ഷേർലി ജോസ്, സിന്ധു ശിവദാസ് സെക്രട്ടറി വി.റ്റി ബൈജു, എന്നിവർ ആശംസകൾ നേർന്നു. ബാങ്ക് ജീവനക്കാർ, സഹകാരികൾ തുടങ്ങിയവർ പങ്കെടുത്തു. ബാങ്കിന്റെ ആനക്കയം, അഞ്ചിരി ഡിപ്പോകളിലും ഓണചന്ത പ്രവർത്തിക്കുന്നുണ്ട്.


സബ്സിഡി നിരക്കിൽ വിവിധ ഉൽപ്പന്നങ്ങൾ ഇവിടെ നിന്നും വാങ്ങാവുന്നതാണ്. ജയ അരി/കുത്തരി /കുറുവ അരി എന്നിവ 33 രൂപ /കിലോ (54 രൂപ) , പച്ചരി – 29 രൂപ / കിലോ (40 രൂപ), പഞ്ചസാര – 34.65 രൂപ / കിലോ (58 രൂപ), ചെറുപയർ – 85 രൂപ / കിലോ (135 രൂപ), കടല – 63 രൂപ / കിലോ (98 രൂപ), ഉഴുന്ന് – 87 രൂപ / കിലോ (150 രൂപ), വൻ പയർ – 68 രൂപ /കിലോ (130 രൂപ), തുവരപ്പരിപ്പ് – 83 രൂപ /കിലോ ( 150 രൂപ), ചുവന്ന മുളക് – 136.50 രൂപ / കിലോ ( 325 രൂപ), മല്ലി അര കിലോ – 47.25 രൂപ (120 രൂപ), വെളിച്ചെണ്ണ അര ലിറ്റർ – 110 രൂപ (150 രൂപ) തുടങ്ങിയ വിലകളിൽ ലഭിക്കുന്നതാണ്.






