പീരുമേട്: പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി അസമിൽ നിന്ന് പിടിയിൽ. അറസ്റ്റിലായത് 29 വർഷത്തെ കഠിനതടവിന് ശിക്ഷിക്കപ്പെട്ട പ്രതിപോക്സോ കേസിൽ ശിക്ഷ അനുഭവിക്കവേ പരോളിലിറങ്ങി അസമിലേക്ക് മുങ്ങിയ പ്രതിയെ പോലീസ് സാഹസികമായി പിടികൂടി. അസം ഉദൽഗുരി സ്വദേശി മസിബെർ റഹ്മാനെയാണ് (52) പീരുമേട് പോലീസ് അസമിലെത്തി അറസ്റ്റ് ചെയ്തത്.2022 ഏപ്രിലിലായിരുന്നു കേസിനാസ്പദമായ സംഭവം. പഴയ പാമ്പനാറിലുള്ള പോബ്സൺ എസ്റ്റേറ്റ് ലയത്തിൽ അതിക്രമിച്ചു കയറി അസം സ്വദേശിനിയായ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി പീഡിപ്പിച്ച് ഗർഭിണിയാക്കുകയായിരുന്നു. സംഭവത്തിന് ശേഷം നാടുവിട്ട പ്രതിയെ പീരുമേട് പോലീസ് മുമ്പ് അറസ്റ്റ് ചെയ്തിരുന്നു. തുടർന്ന് കട്ടപ്പന പോക്സോ കോടതി ജഡ്ജി ബിൽകുൽ ജി.ആർ പ്രതിക്ക് 29 വർഷത്തെ കഠിനതടവും 60,000 രൂപ പിഴയും ശിക്ഷ വിധിച്ചു.ശിക്ഷാ കാലയളവ് മൂന്ന് വർഷം പിന്നിട്ടപ്പോൾ പരോളിലിറങ്ങിയ പ്രതി പിന്നീട് ജയിലിലേക്ക് തിരിച്ചെത്താതെ അസമിലേക്ക് മുങ്ങുകയായിരുന്നു. തുടർന്ന് പീരുമേട് പോലീസ് സ്റ്റേഷൻ സബ് ഇൻസ്പെക്ടർമാരായ അജേഷ് കെ.ആർ, ജോസ് സെബാസ്റ്റ്യൻ, അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ മുരുകേശൻ എം.ജി. എന്നിവരടങ്ങുന്ന സംഘം അസമിലെത്തി പത്തു ദിവസത്തോളം പകലും രാത്രിയും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ പിടികൂടിയത്.തുടർന്ന് പ്രതിയെ അസമിലെ പോക്സോ കോടതിയിൽ ഹാജരാക്കി ട്രാൻസിറ്റ് വാറന്റ് നേടി. അസമിൽ നിന്ന് കേരളത്തിലേക്കുള്ള മൂന്ന് ദിവസത്തെ യാത്രയിൽ സി.ആർ.പി.എഫ് ജവാന്മാരുടെ സേവനവും പോലീസ് സംഘത്തിന് നിർണ്ണായക സഹായമായി. കേരളത്തിലെത്തിച്ച പ്രതിയെ തൊടുപുഴ പോക്സോ കോടതിയിൽ ഹാജരാക്കി വീണ്ടും ജയിലിലടച്ചു.
പോക്സോ കേസിൽ ശിക്ഷ അനുഭവിക്കുന്നതിനിടെ പരോളിലിറങ്ങി മുങ്ങിയ പ്രതി പിടിയിൽ






