ന്യൂഡൽഹി: കേന്ദ്ര മന്ത്രിസഭയിൽ ഉടൻ പുനഃസംഘടന ഉണ്ടായേക്കുമെന്ന അഭ്യൂഹങ്ങൾക്കിടെ തമിഴ്നാട്ടിലെ ഡിഎംകെയെ കേന്ദ്ര സർക്കാരിൻറെ ഭാഗമാക്കാനുള്ള നീക്കത്തെക്കുറിച്ചും ചർച്ചകൾ സജീവം. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള മന്ത്രിസഭയിൽ 20ലധികം വകുപ്പുകളിൽ മാറ്റങ്ങൾ ഉണ്ടായേക്കുമെന്നാണ് രാഷ്ട്രീയ വൃത്തങ്ങളിൽ നിന്നുള്ള സൂചന. നിലവിലെ ചില മന്ത്രിമാരുടെ ജോലിഭാരം കുറയ്ക്കുന്നതിനും വകുപ്പുകളുടെ ചുമതല പുനഃക്രമീകരിക്കുന്നതിനുമാണ് പുനഃസംഘടനയിലൂടെ ലക്ഷ്യമിടുന്നതെന്നാണ് റിപ്പോർട്ടുകൾ. ഇതിൻറെ ഭാഗമായി ഡിഎംകെയ്ക്ക് കേന്ദ്ര മന്ത്രിസഭയിൽ പ്രാതിനിധ്യം നൽകുമെന്ന അഭ്യൂഹവും ശക്തമായിട്ടുണ്ട്. തമിഴ്നാട്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളിൽ ഉണ്ടായ മാറ്റങ്ങളും പുതിയ രാഷ്ട്രീയ ശക്തികളുടെ വളർച്ചയും ദേശീയതലത്തിലെ സഖ്യസാധ്യതകളെക്കുറിച്ചുള്ള ചർച്ചകൾക്ക് വഴിവച്ചിട്ടുണ്ട്.
എന്നാൽ ബിജെപിയുമായി സഖ്യമുണ്ടാക്കുന്നതുമായി ബന്ധപ്പെട്ട് ഡിഎംകെ നേതൃത്വം ഇതുവരെ ഔദ്യോഗികമായി അനുകൂല നിലപാട് വ്യക്തമാക്കിയിട്ടില്ല. കേന്ദ്ര മന്ത്രിസഭാ പുനഃസംഘടന സംബന്ധിച്ച് നേരത്തെയും നിരവധി റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഓഗസ്റ്റ് 15ന് ശേഷമുള്ള കാലയളവിൽ പുനഃസംഘടന ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ നേരത്തെ പറഞ്ഞിരുന്നു.
അതേസമയം കേന്ദ്ര സർക്കാരിൻറെ ഭാഗത്തുനിന്ന് ഇതുസംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉണ്ടായിട്ടില്ല. ഡിഎംകെയുടെ കേന്ദ്രമന്ത്രിസഭാ പ്രവേശനം സംബന്ധിച്ച അഭ്യൂഹങ്ങൾ ഇപ്പോൾ രാഷ്ട്രീയ ചർച്ചകളിൽ മാത്രമാണ്. അന്തിമ തീരുമാനം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഡിഎംകെ നേതൃത്വവും തമ്മിലുള്ള രാഷ്ട്രീയ ധാരണകൾക്ക് ശേഷമായിരിക്കും വ്യക്തമാകുക.






