ഇടുക്കി: മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ആദ്യഘട്ട സുരക്ഷാ പരിശോധന പൂർത്തിയായി. പതിനഞ്ച് ദിവസത്തിനകം പരിശോധനാ റിപ്പോർട്ട് ദേശീയ ഡാം സുരക്ഷാ അതോറിറ്റിക്ക് കൈമാറുമെന്ന് വിദഗ്ധ സമിതി അധ്യക്ഷൻ ബൽരാജ് ജോഷി തേക്കടിയിൽ പറഞ്ഞു.
സുപ്രീം കോടതി ഉത്തരവിനെ തുടർന്നാണ് കേന്ദ്ര സംഘം പരിശോധനയ്ക്കായി എത്തിയത്.ഡാം സുരക്ഷാ അതോറിറ്റി നിയോഗിച്ച അഞ്ചംഗ സമിതിയാണ് മുല്ലപ്പെരിയാറിൽ പരിശോധന നടത്തുന്നത്. രാവിലെ 10 മണിയോടെ സംഘം ബോട്ട് മാർഗം അണക്കെട്ടിലേക്ക് തിരിച്ചു. പ്രധാന ഡാം, ബേബി ഡാം, സ്പിൽവേ, ഗാലറി തുടങ്ങി എല്ലാ പ്രധാന ഭാഗങ്ങളിലും സമിതി വിശദമായി സ്ഥിതിഗതികൾ വിലയിരുത്തി.എൻ.എച്ച്.പി.സി മുൻ മേധാവി ബൽരാജ് ജോഷിക്ക് പുറമെ വിദഗ്ധരായ ഗോപാൽ ധവാൻ, പ്രൊഫ. എം.എൽ. ശർമ്മ, ഗുൽഷൻ രാജ്, അശുതോഷ് ദാഷ് എന്നിവരാണ് സംഘത്തിലുള്ളത്. പരിശോധന പൂർത്തിയാക്കിയ സംഘം കേരള, തമിഴ്നാട് ജലവിഭവ വകുപ്പ് ഉദ്യോഗസ്ഥരുമായി ചർച്ച നടത്തും. പുതിയ അണക്കെട്ട് വേണമെന്ന ആവശ്യത്തിൽ ഉറച്ചുനിൽക്കുന്ന കേരളം, സമ്പൂർണ സുരക്ഷാ ഓഡിറ്റ് വേണമെന്ന നിർദേശം യോഗത്തിൽ വെക്കും.സെപ്റ്റംബർ നാലിനാകും സംഘം മടങ്ങുക.
വിദഗ്ധ സമിതി റിപ്പോർട്ട് നൽകിയ ശേഷം തുടർനടപടികൾ ചർച്ച ചെയ്യാൻ ഡൽഹിയിൽ ഉന്നതതല യോഗം വിളിക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി വ്യക്തമാക്കിയിട്ടുണ്ട്.






