കോടിക്കുളം: പഞ്ചായത്തിലെ കോടിക്കുളം – ചെരിയംപാറ പ്രധാനമന്ത്രി റോഡിൻറെ ആരംഭ ഭാഗത്ത് സ്വകാര്യ വ്യക്തി നടത്തിയ കയ്യേറ്റത്തിൽ നടപടി സ്വീകരിക്കാത്തതിൽ പ്രതിക്ഷേധവുമായി നാട്ടുകാർ.

തൊടുപുഴ – വണ്ണപ്പുറം മെയിൻ റോഡിൽ നിന്നും ചേലയ്ക്കത്തടം വഴി ചെരിയംപാറക്ക് പോകുന്ന റോഡിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് 100 മീറ്റർ നീളത്തിലാണ് റോഡിനോട് ചേർന്ന പുരയിട ഉടമസ്ഥൻ റോഡ് കൈയ്യേറ്റം നടത്തിയിട്ടുള്ളത്. ആറ് മാസം മുമ്പാണ് ഇപ്രകാരം റോഡിലേക്കിറക്കി വേലിക്കാലുകൾ കുഴിച്ചിട്ട് റോഡിൽ തടസ്സം സൃഷ്ടിച്ച് കൈയ്യേറ്റം നടത്തിയത് റോഡിലേക്കിറക്കി കുഴിച്ചിട്ടിട്ടുള്ള ശീമക്കൊന്നക്കാലുകൾ വളർന്ന് ശിഖിരങ്ങൾ റോഡിൻ്റെ ടാറിങ് ഭാഗത്തേക്ക് പന്തലിച്ച് നിൽക്കുന്നത് അപകടങ്ങൾക്ക് കാരണമാകുമെന്നും നാട്ടുകാർ പറഞ്ഞു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ റോഡ് കൈയ്യേറിയ ഉടനെ തന്നെ നാട്ടുകാർ പഞ്ചായത്തിൽ പരാതി അറിയിച്ചതിൽ പരാതി എഴുതി നൽകാൻ നിർദേശിച്ച പ്രകാരം പരാതി എഴുതി നൽകിയതായും എന്നാൽ റോഡ് ജില്ലാ പഞ്ചായത്തിൻ്റെ ആസ്തിയിലുള്ളതായതിനാൽ ഇടുക്കി ജില്ലാ പഞ്ചായത്തിൽ നിന്നും നടപടി സ്വീകരിക്കട്ടെ എന്ന നിലപാട് സ്വീകരിച്ച് കൈയ്യൊഴിയുന്ന സമീപനമാണ് കോടിക്കുളം പഞ്ചാത്തിൻെറ ഭാഗത്തു നിന്നും ഉണ്ടായതെന്നും നാട്ടുകാർ പറയുന്നു. ജില്ലാ പഞ്ചായത്ത് പരാതി പരിശോധിച്ച് റോഡ് കൈയ്യേറി കുഴിച്ചിട്ടിട്ടുള്ള വേലിക്കാലുകൾ നീക്കം ചെയ്യുവാൻ പുരയിട ഉടമസ്ഥനോട് പറഞ്ഞിട്ടുണ്ടെന്ന മറുപടിയല്ലാതെ അനധികൃത കൈയ്യേറ്റം ഒഴിപ്പിക്കുന്നതിനുള്ള എന്തെങ്കിലും നടപടി സ്വികരിച്ചതായി തങ്ങൾക്ക് യാതൊരു അറിയിപ്പും കോടിക്കുളം പഞ്ചായത്തിൽ നിന്നോ ജില്ലാ പഞ്ചായത്തിൽ നിന്നോ ലഭിച്ചിട്ടില്ല എന്ന് പരാതിക്കാർ പറയുന്നു 2014 വർഷത്തിൽ പി.എം.ജി.എസ്. വൈ പദ്ധതി പ്രകാരം 3 കോടി രൂപ ചിലവഴിച്ച് 8 മുതൽ 10 വരെ മീറ്റർ വീതിയിൽ നിർമ്മാണം പൂർത്തീകരിച്ച് ജില്ലാ പഞ്ചായത്തിന് കൈമാറിയ 3 കിലേ മീറ്റർ റോഡാണ് വർഷങ്ങളായി വേണ്ട രീതിയിൽ ടാറിങ്ങും ഇരുവശവും ക്ലിയർ ചെയ്ത് സംരക്ഷിക്കാത്തതിനാലാണ് പല ഭാഗങ്ങളിലും ഇകാരം കൈയ്യേറ്റങ്ങൾ ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറയുന്നു.
അധികാരികളുടെ ഭാഗത്ത് നിന്നും റോഡ് കൈയ്യേറ്റം നീക്കം ചെയ്യുന്നതിൽ അടിയന്തിര നടപടി ഉണ്ടാവണമെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി ജില്ലാ കളക്ടർ മുതലായവരെ നേരിൽകണ്ട് പരാതി നൽകുവാൻ തീരുമാനിച്ചിരിക്കുകയാണ് എന്നും നാട്ടുകാർ പറഞ്ഞു.






