ഇടുക്കി: സി പി എം ഇടുക്കി നേതൃത്വത്തിനെതിരെ വിമർശനം. തിരഞ്ഞെടുപ്പ് തിരിച്ചടിക്ക് കാരണം സ്ഥാനാർഥി നിർണയത്തിലെ പാളിച്ചയെന്ന് പ്രതിനിധികൾഅടിമാലിയിൽ ചേർന്ന സി പി എം ഇടുക്കി വിപുലീകൃത ജില്ലാ കമ്മിറ്റി യോഗത്തിൽ ജില്ലാ നേതൃത്വത്തിനെതിരെ വിമർശനം ഉയർന്നു. നേതൃത്വത്തിലെ ചിലരുടെ ക്വാറി, റിസോർട്ട്, റിയൽ എസ്റ്റേറ്റ് മേഖലയുമായുള്ള ബന്ധം പാർട്ടിയുടെ ജനകീയ അടിത്തറയെ ബാധിച്ചെന്ന വിമർശനമാണ് ഉയർന്നത്. ഇത്തരം ബന്ധങ്ങൾ പാർട്ടിയെ ജനങ്ങളിൽ നിന്ന് അകറ്റിയെന്നും പ്രതിനിധികൾ ചൂണ്ടിക്കാട്ടി. തിരഞ്ഞെടുപ്പ് പരാജയത്തിലേക്ക് നയിച്ച പ്രധാന കാരണമായി സ്ഥാനാർഥി നിർണയത്തിലെ വീഴ്ചയും യോഗത്തിൽ ചർച്ചയായി. ഉടുമ്പൻചോലയിൽ എം എം മണിയെ മത്സരിപ്പിക്കാതിരുന്നത് ജില്ലയിലാകെ തിരിച്ചടിയായെന്ന് പ്രതിനിധികൾ പറഞ്ഞു. ജില്ലാ നേതൃത്വത്തിന്റെ താൽപര്യം മറികടന്ന് കെ കെ ജയചന്ദ്രനെ സ്ഥാനാർഥിയാക്കിയ തീരുമാനം പ്രതികൂലമായി ബാധിച്ചു. എം എം മണിയുടെ വ്യക്തിപ്രഭാവം തിരഞ്ഞെടുപ്പിൽ ഉപയോഗപ്പെടുത്താനും പാർട്ടിക്ക് കഴിഞ്ഞില്ലെന്നും വിമർശനമുയർന്നു. ദേവികുളത്തെ തിരിച്ചടിക്ക് പിന്നിൽ ദേശീയപാത 85 – ന്റെ നേര്യമംഗലം – വാളറ റീച്ചിന്റെ നിർമ്മാണം മുടങ്ങിയതും കാരണമായെന്ന് യോഗത്തിൽ വിലയിരുത്തലുണ്ടായി. ഇതോടെ ഇടുക്കിയോട് സർക്കാർ അവഗണന കാട്ടുന്നുവെന്ന വികാരം മണ്ഡലത്തിൽ ശക്തമായെന്നും പ്രതിനിധികൾ അഭിപ്രായപ്പെട്ടു. ജില്ലാ സെക്രട്ടേറിയറ്റിൽ നിന്ന് പി എസ് രാജനെ ഒഴിവാക്കാനും നീക്കമുണ്ട്. ആരോഗ്യപരമായ ബുദ്ധിമുട്ടുകൾ പരിഗണിച്ചാണ് തീരുമാനമെന്നാണ് സൂചന. ജില്ലാ കമ്മിറ്റിയിലേക്ക് രണ്ട് പുതിയ അംഗങ്ങളെ ഉൾപ്പെടുത്താനും നാല് പുതിയ ഏരിയ സെക്രട്ടറിമാരെ പ്രത്യേക ക്ഷണിതാക്കളാക്കാനും ധാരണയായേക്കും.
സി പി എം ഇടുക്കി നേതൃത്വത്തിനെതിരെ വിമർശനം





