ഇടുക്കി: പാമ്പള ഡാമിന് സമീപം സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കത്തിക്കരിഞ്ഞ നിലയിൽ കണ്ടെത്തി. കൊലപാതകമാണെന്ന സംശയത്തെ തുടർന്ന് ഉന്നത പോലീസ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തുന്നു.വഴിയാത്രക്കാരാണ് മൃതദേഹം ആദ്യം കണ്ടത്.പാമ്പള ഡാം കഴിഞ്ഞ് കോതമംഗലം റോഡിലൂടെ മുന്നോട്ടുപോകുമ്പോൾ കെഎസ്ഇബിയുടെ ക്വാർട്ടേഴ്സുകൾ സ്ഥിതി ചെയ്യുന്ന ഭാഗത്താണ് മൃതദേഹം കണ്ടെത്തിയത്. ഇവിടെ പ്രവർത്തനം നിലച്ച പഴയൊരു കടയുടെ താഴ്ഭാഗത്തായാണ് മൃതദേഹം കിടന്നിരുന്നത്. മൃതശരീരത്തിന്റെ അരയ്ക്കു താഴെയുള്ള ഭാഗമാണ് കത്തിക്കരിഞ്ഞ നിലയിലുള്ളതെന്നാണ് പ്രാഥമിക വിവരം. മൃതദേഹം സ്ത്രീയുടേതാണെന്നാണ് പ്രാഥമിക നിഗമനമെങ്കിലും ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.സംഭവത്തിൽ ദുരൂഹത നിലനിൽക്കുന്നതിനാൽ പോലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഇവിടെ എത്തിച്ച സാഹചര്യം, മരണകാരണം, സംഭവത്തിനു പിന്നിൽ കൊലപാതകമാണോ തുടങ്ങിയ കാര്യങ്ങൾ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂ. മൃതദേഹത്തിന്റെ തിരിച്ചറിയലും മരണകാരണവും ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
പാമ്പള ഡാമിന് സമീപം സ്ത്രീയുടേതെന്ന് സംശയിക്കുന്ന മൃതദേഹം കണ്ടെത്തി.






