ന്യൂഡൽഹി: കേന്ദ്ര സർവകലാശാലകളിലെ എസ്.എഫ്.ഐ നേതാക്കൾക്കെതിരെ ലൈംഗിക പീഡന പരാതികളുമായി വിദ്യാർത്ഥിനികൾ രംഗത്ത്. ഡൽഹി സർവകലാശാല, ഹൈദരാബാദ് ഇഫ്‌ലു, പോണ്ടിച്ചേരി സർവകലാശാല എന്നിവിടങ്ങളിലെ യൂണിറ്റ് പ്രസിഡന്റ്, സെക്രട്ടറി പദവികളിലുണ്ടായിരുന്നവർക്കെതിരെയാണ് ഗുരുതരമായ ആരോപണങ്ങൾ ഉയർന്നിരിക്കുന്നത്. ലൈംഗികമായും മാനസികമായും പീഡിപ്പിക്കുകയും വേട്ടയാടുകയും ചെയ്യുന്നതായി പരാതികളിലുണ്ട്. ഡൽഹി സർവകലാശാലയ്ക്കു കീഴിലുള്ള ഹിന്ദു കോളജ് യൂനിറ്റ് എസ്.എഫ്.ഐ പ്രസിഡന്റും സെക്രട്ടററിയേറ്റ് അംഗവുമായിരുന്ന അഭിരാം എൻ.ആറിനെതിരെയാണ് ഒരു പരാതിയുള്ളത്. കോളജിൽ ആദ്യമായി പഠിക്കാനെത്തിയ 18കാരിയായ മലയാളി വിദ്യാർത്ഥിനിയൊണ് മാനസികമായി പീഡിപ്പിക്കുകയും ശാരീരികബന്ധത്തിന് നിർബന്ധിക്കുകയും ചെയ്തതെന്ന് പരാതിയിൽ പറയുന്നു. നിലവിൽ ജാമിഅ മില്ലിയ്യ സർവകലാശാലയിൽ വിദ്യാർത്ഥിയും യൂനിറ്റ് എസ്.എഫ്.ഐയിൽ സജീവവുമാണ് അഭിരാം.
സജീവ എസ്.എഫ്.ഐ പ്രവർത്തകയായിരുന്നു ഇര. സംഭവത്തിൽ പരാതിയുമായി ഡൽഹി സർവകലാശാലയിലെ ഉൾപ്പെടെ എസ്.എഫ്.ഐ നേതാക്കളെ ബന്ധപ്പെട്ടപ്പോൾ പരിഹാസത്തോടെ തള്ളിക്കളയുകയായിരുന്നുവെന്ന് വിദ്യാർത്ഥിനി ആരോപിക്കുന്നു. ഇതോടൊപ്പം ഇരയെ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വ്യക്തിപരമായി അധിക്ഷേപിക്കാനും അവഹേളിക്കാനും എസ്.എഫ്.ഐ നേതാക്കൾ കൂട്ടുനിന്നെന്നും പരാതിയുണ്ട്. പോണ്ടിച്ചേരി സർവകലാശാലയിലെ എസ്.എഫ്.ഐ യൂനിറ്റ് പ്രസിഡന്റ് അനന്തപദ്മനാഭനെതിരെയാണ് മറ്റൊരു ലൈംഗിക പരാതി. സർവകലാശാലയിൽ ലൈബ്രറി സയൻസ് വിഭാഗത്തില്‍ രണ്ടാം വർഷ ബിരുദാനന്തര ബിരുദ വിദ്യാർത്ഥിയാണ് അനന്തപദ്മനാഭൻ. നിരവധി പെൺകുട്ടികളെയാണ് ഇയാൾ ശാരീരികമായും മാനസികമായും പീഡിപ്പിച്ചതെന്ന് പരാതിയില്‍ പറയുന്നുണ്ട്. പീഡനത്തിനിരയായവരിൽ 17 വയസ് പ്രായമുള്ള കുട്ടികളും ഉൾപ്പെടുമെന്ന് മീറ്റൂ കുറിപ്പിൽ പറയുന്നുണ്ട്. ഹൈദരാബാദിലെ ഇംഗ്ലീഷ് ആൻഡ് ഫോറിൻ ലാംഗ്വജസ് സർവകലാശാലയിൽ(ഇഫ്‌ലു) യൂനിറ്റ് സെക്രട്ടറി സിദ്ദാർത്ഥ് സെൽവരാജിനെതിരെയാണ് ലൈംഗികാതിക്രമം നടത്തിയതായി മറ്റൊരു ആരോപണമുള്ളത്. സർവകലാശാലയിലെ തന്നെ ഒരു വിദ്യാർത്ഥിനിയെയാണ് ഇയാൾ ലൈംഗികമായി പീഡിപ്പിച്ചത്.






