ഇടുക്കി: പുതുവത്സരം തുടങ്ങിയപ്പോൾ തന്നെ ഇടുക്കി ജില്ലയിൽ വേനൽച്ചൂടും വർധിച്ചു. നവംബറിൽ ആരംഭിച്ച വേനൽ ചൂട് ഇപ്പോൾ തീവ്രമായിരിക്കുകയാണ്.
ഇതോടെ പല മേഖലകളിലും കുടിവെള്ളത്തിനും ക്ഷാമമനുഭവപ്പെട്ടു തുടങ്ങിയിട്ടുണ്ട്. വരും ദിവസങ്ങളിൽ കടുത്ത ജലക്ഷാമമുണ്ടാകുമെന്ന് കാലാവസ്ഥാ നിരീക്ഷകരും മുന്നറിയിപ്പു നൽകി.
പഴമക്കാർ പറയാറുള്ള നവംബർ, ഡിസംബർ, ജനുവരി മാസങ്ങളിലെ തണുപ്പിന്റെ കാഠിന്യം അന്യമാകുന്ന സ്ഥിതിയാണ് ഓരോ വർഷം കഴിയുന്തോറും കാലാവസ്ഥയിലുണ്ടാകുന്ന മാറ്റം വ്യക്തമാക്കുന്നത്.
വർഷങ്ങൾക്ക് മുമ്പ് പകൽ സമയങ്ങളിൽ കത്തുന്ന ചൂടും രാത്രികാലങ്ങളിൽ മരവിപ്പിക്കുന്ന തണുപ്പുമാണ് ഹൈറേഞ്ച്, ലോറേഞ്ച് വ്യത്യാസം ഇല്ലാതെ ജില്ലയിലെമ്പാടും അനുഭവപ്പെട്ടിരുന്നത്. എന്നാൽ ഇപ്പേൾ അവസ്ഥയാകെ മാറിയിരിക്കുകയാണ്. മരംകോച്ചുന്ന തണുപ്പനുവഭപ്പെട്ടിരുന്ന ഹൈറേഞ്ചിലും തണുപ്പിന്റെ കാഠിന്യം കുറഞ്ഞു. ദിവസങ്ങൾ കഴിയുന്തോറും കൂടുതൽ തീവ്രമാകുന്ന ചൂട് സാധാരണക്കാരായ ജനങ്ങളുടെ ദൈനം ദിന ജീവിതത്തെയും ബാധിച്ചു തുടങ്ങി.
പലയിടങ്ങളിലും കുടിവെള്ള സ്രോതസുകളിൽ വെള്ളം നാമമാത്രമായി. കുടിവെള്ള പദ്ധതികളുമായി ബന്ധപ്പെട്ടുള്ള ജല സംഭരണികളിലും വെള്ളത്തിൻ്റെ തോത് കുറഞ്ഞു തുടങ്ങി. ഏതാനും ദിവസങ്ങൾക്കകം പലരും കുടിവെള്ളം വില കൊടുത്തു വാങ്ങേണ്ട അവസ്ഥയും സംജാതമാകുമെന്നാണ് വിദഗ്ദർ പറയുന്നത്.
കാർഷിക വിളകളെ വേനൽ ബാധിച്ചു തുടങ്ങിയതോടെ കർഷകരും പ്രതിസന്ധിയിലാണ്. കൃഷിയിടങ്ങളിലും നിർമാണ മേഖലകളിലും ജോലിയെടുക്കുന്ന തൊഴിലാളികളേയും വേനൽ ഗുരുതരമായി ബാധിക്കുന്നു.






