Timely news thodupuzha

തൊടുപുഴ നഗരസഭ കൗൺസിലർ മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കി

തൊടുപുഴ: നഗരസഭ പതിനൊന്നാം വാർഡ് കൗൺസിലർ മാത്യു ജോസഫിനെ കേരള ഹൈക്കോടതി അയോഗ്യനാക്കി വിധി പ്രസ്താവിച്ചു. ആക്ടിംഗ് ചീഫ് ജസ്റ്റിസ് എ മുഹമ്മദ് മുഷ്താഖ്, ജസ്റ്റിസ് എസ് മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് വിധി പ്രസ്താവിച്ചത്.

2020 ലെ തദ്ദേശ തെരഞ്ഞെടുപ്പിൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പ് സ്ഥാനാർത്ഥിയായി പതിനൊന്നാം വാർഡിൽ നിന്നും വിജയിച്ച മാത്യു ജോസഫ് എൽഡിഎഫിലെ സിപിഎമ്മിൽ ചേരുകയായിരുന്നു. ഇദ്ദേഹത്തെ അയോഗ്യൻ ആക്കണമെന്ന് കാണിച്ച് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷൻ മുമ്പാകെ യുഡിഎഫ് കൗൺസിലർമാരായ അഡ്വ. ജോസഫ് ജോൺ, കെ ദീപക് എന്നിവർ ഹർജി ഫയൽ ചെയ്തെങ്കിലും കമ്മീഷൻ അത് തള്ളി. തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിധിക്കെതിരെ യുഡിഎഫ് കൗൺസിലർമാർ കേരള ഹൈക്കോടതി മുമ്പാകെ റിട്ട് ഫയൽ ചെയ്തു. ഹൈക്കോടതി സിംഗിൾ ബെഞ്ച് റിട്ട് ഹർജി അനുവദിക്കുകയും മാത്യു ജോസഫിനെ കൗൺസിലർ സ്ഥാനത്ത് തുടരുന്നതിൽ നിന്ന് അയോഗ്യൻ ആക്കുകയും ആറുവർഷത്തേക്ക് തിരഞ്ഞെടുപ്പിൽ മത്സരിക്കുന്നതിന് വിലക്കുകയും ചെയ്തു. ഇതിനെതിരെ മാത്യു ജോസഫ് ഡിവിഷൻ ബെഞ്ചിൽ നൽകിയ അപ്പീലാണ് കോടതി തള്ളിയത്.

പൊതു തെരഞ്ഞെടുപ്പിൽ ചെണ്ട ചിഹ്നത്തിൽ കേരള കോൺഗ്രസ് സ്ഥാനാർത്ഥിയായി മത്സരിച്ച മാത്യു ജോസഫ് പിളർപ്പിനെ തുടർന്ന് കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് രാഷ്ട്രീയ പാർട്ടിയായി അംഗീകാരം നഷ്ടപ്പെട്ടെന്നും അംഗീകാരമില്ലാത്ത പാർട്ടിക്ക് കൂറുമാറ്റ നിരോധന നിയമപ്രകാരം നടപടി ആവശ്യപ്പെടാൻ അധികാരമില്ലെന്നുമാണ് പ്രധാനമായും അപ്പീലിൽ വാദിച്ചത്. എന്നാൽ കേരള കോൺഗ്രസ് ജോസഫ് ഗ്രൂപ്പിന് തദ്ദേശ തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ കേരള ഹൈക്കോടതി തന്നെ അനുവദിക്കുകയും സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷൻ അനുവദിച്ച ചെണ്ട ചിഹ്നം തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടി ചിഹ്നമായി അംഗീകരിക്കാൻ നിർദ്ദേശിക്കുകയും ചെയ്തിരുന്നു. ഇത് കൂടി കണക്കിലെടുത്താണ് ഹൈക്കോടതി അപ്പീൽ തള്ളിയത്. ഹർജിക്കാർക്ക് വേണ്ടി അഡ്വ. കെ സി വിൻസൻറ്, അഡ്വ. ജോസി ജേക്കബ് എന്നിവർ ഹൈക്കോടതിയിൽ ഹാജരായി.

തൊടുപുഴ നഗരസഭയിൽ ഇതോടെ 35ൽ 33 അംഗങ്ങൾ മാത്രമായി ചുരുങ്ങി. കൂറുമാറ്റത്തെ തുടർന്ന് മുമ്പ് ഹൈക്കോടതി അയോഗ്യയാക്കിയ ജെസ്സി ജോണി മത്സരിച്ച ഒമ്പതാം വാർഡിൽ ഉപതെരഞ്ഞെടുപ്പ് നടക്കുകയാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ 382 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യുഡിഎഫ് സ്ഥാനാർത്ഥി വിജയിച്ചത്. നഗരസഭയിൽ യുഡിഎഫിന് നിലവിൽ 12 അംഗങ്ങളാണുള്ളത്. ഉപതിരഞ്ഞെടുപ്പിൽ ഒമ്പതാം വാർഡിൽ നിന്ന് യുഡിഎഫ് വിജയിച്ചാൽ യുഡിഎഫിന്റെ അംഗബലം 13 ആയി ഉയരും. കൂറ് മാറ്റത്തിലൂടെ എൽഡിഎഫിനൊപ്പം ചേർന്ന മാത്യു ജോസഫിനെ ഹൈക്കോടതി അയോഗ്യനാക്കിയതോടെ എൽഡിഎഫിൻ്റെ അംഗബലം 12 ആയി ചുരുങ്ങി.

Leave a Comment

Your email address will not be published. Required fields are marked *