Timely news thodupuzha

logo

ചക്രവ്യൂഹ പരാമർശം; ഇ.ഡി റെയ്ഡിന് ഒരുങ്ങുന്നുണ്ട്: ചായയും ബിസ്ക്കറ്റുമായി കാത്തിരിക്കുകയാണെന്ന് രാഹുൽ

ന്യൂഡൽഹി: പാർലമെൻറിനെ ചക്രവ്യൂഹ പരാമർശത്തിൽ തനിക്കെതിരേ റെയ്ഡിന് ഇ.ഡി തയാറാവുന്നുണ്ടെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി.

ഇ.ഡിയ്ക്ക് ചായയും ബിസ്ക്കറ്റുമായി താൻ കാത്തിരിക്കുകയാണെന്നും എക്സ് പ്ലാറ്റ്ഫോമിൽ പങ്കുവച്ച കുറിപ്പിൽ രാഹുൽ പറയുന്നു. ഇ.ഡിക്കുള്ളിലുള്ളവർ തന്നെയാണ് ഇക്കാര്യം അറിയിച്ചതെന്നും രാഹുൽ പറയുന്നു.

എക്സിൽ ഇ.ഡിയെ ടാഗ് ചെയ്തായിരുന്നു രാഹുലിൻറെ പോസ്റ്റ്. ജൂലൈ 29ന് പാർലമെൻറിൽ നടത്തിയ പ്രസംഗത്തിലാണ് രാഹുൽ ചക്രവ്യൂഹ പരാമർശം നടത്തിയത്.

കുരുക്ഷേത്ര യുദ്ധഭൂമിയിൽ ആറ് പേർ അഭിമന്യുവിനെ ചക്രവ്യൂഹത്തിൽ കുടുക്കി കൊലപ്പെടുത്തിയ പോലെ രാജ്യം മറ്റൊരു ചക്രവ്യൂഹത്തിൻറെ കുരുക്കിലാണെന്നായിരുന്നു രാഹുലിൻറെ പരാമർശം.

21ആം നൂറ്റാണ്ടിൽ രൂപീകൃതമായ പുതിയ ചക്രവ്യൂഹത്തിൻറെ കേന്ദ്രത്തിൽ ആറ് പേരുണ്ട്. പ്രധാനമന്ത്രി നരേന്ദ്ര മോദി, ആഭ്യന്തര മന്ത്രി അമിത് ഷാ, ആർ.എസ്.എസ് മേധാവി മോഹൻ ഭാഗവത്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ദോവൽ, വ്യവസായികളായ അംബാനി, അദാനി എന്നിവരാണ് ചക്രവ്യൂഹത്തിൻറെ കേന്ദ്ര ബിന്ദുക്കളെന്നും രാഹുൽ പേരെടുത്ത് പറഞ്ഞു.

രാജ്യത്തെ യുവാക്കൾ, കർഷകർ, സ്ത്രീകൾ, ചെറുകിട, ഇടത്തരം വ്യവസായങ്ങൾ എല്ലാം ഈ ചക്രവ്യൂഹത്തിൽ തളർന്ന് ഇരിക്കുകയാണ്. ധന മന്ത്രിയുടെ ബജറ്റ് ഈ ചക്രവ്യൂഹം നിയന്ത്രിക്കുന്നവരെ സംരക്ഷിക്കുവാൻ ആണെന്നും രാഹുൽ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *