Timely news thodupuzha

logo

ആലുവയിൽ കർക്കടക വാവ് ബലി തർപ്പണത്തിന് ഹാംഗർ പന്തൽ

ആലുവ: ശനിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെ ആലുവ മണപ്പുറം ശിവക്ഷേത്രത്തിലെ പതിവ് പൂജകളോടെ കർക്കടക വാവ് ബലി തർപ്പണത്തിന് തുടക്കമാകും.

മഴ നനയാതെ സൗകര്യപ്രദമായി ബലിതർപ്പണം നടത്താൻ മണപ്പുറത്തെ പാർക്കി‌ങ്ങ് ഏരിയയിൽ കൂറ്റൻ ഹാംഗർ പന്തൽ സ്ഥാപിച്ചിട്ടുണ്ട്. ഒരേ സമയം 500 പേർക്ക് ഇതിനുള്ളിൽ ബലിതർപ്പണം നടത്താൻ സാധിക്കും.

തിരക്ക് കൂടിയാൽ ജി.സി.ഡി.എ മണപ്പുറം റോഡിലും ബലിതർപ്പണത്തിനു സൗകര്യമൊരുക്കുമെന്ന് ദേവസ്വം ബോർഡ് അധികൃതർ പറഞ്ഞു. അതേസമയം, കനത്ത മഴ തുടരുന്നത് പെരിയാറിലെ ജല നിരപ്പ് ഉയർത്തുമോയെന്ന ആശങ്ക നിലനിർത്തുന്നുണ്ട്.

ഈ സാഹചര്യത്തിൽ മണപ്പുറത്തെ ക്ഷേത്രത്തിലേക്ക് പ്രവേശനം അനുവദിക്കില്ല. പകരം ഭജനമഠത്തിനു സമീപമുള്ള മുകളിലെ ക്ഷേത്രത്തിൽ ദർശനം നടത്താൻ സൗകര്യമുണ്ടാകും.

ഭക്തജനങ്ങൾക്ക് പുഴയോരത്തേക്ക് പോകാനോ മുങ്ങിക്കുളിക്കാനോ അനുമതിയില്ല. കൊട്ടാരക്കടവിൽ നിന്ന് മണപ്പുറം ഭാഗത്തേക്കുള്ള നടപ്പാലം അടച്ചു പൂട്ടിയിരിക്കുകയാണ്.

അതിനാൽ തോട്ടക്കാട്ടുകര വഴി മാത്രമേ മണപ്പുറത്തേക്ക് പ്രവേശനം അനുവദിക്കൂ. കാലാവസ്ഥ പ്രതികൂലമായതിനാൽ അപ്പം, അരവണ തുടങ്ങിയവ തയാറാക്കാൻ കഴിഞ്ഞിട്ടില്ല. പകരം കൂട്ട് പായസം, പാൽപ്പായസം എന്നിവ പ്രത്യേക കൗണ്ടറിൽ ലഭ്യമാക്കും.

ശനിയാഴ്ച ഉച്ചയ്ക്ക് 12 മണി വരെയാണ് ബലിതർപ്പണത്തിനുള്ള സമയമെങ്കിലും ഞായറാഴ്ചയും ജനത്തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ തർപ്പണത്തിന് സൗകര്യം ഉണ്ടാകും.

ഭക്തജനങ്ങളുടെ സുരക്ഷയ്ക്കായി ആലുവ ഡി.വൈ.എസ്‌.പി റ്റി.ആർ രാജേഷിന്‍റെ മേൽനോട്ടത്തിൽ അഞ്ഞൂറോളം പൊലീസ് സേനാംഗങ്ങളെ മണപ്പുറത്തും പരിസരത്തുമായി ഡ്യൂട്ടിക്ക് നിയോഗിച്ചിട്ടുണ്ട്.

മണപ്പുറത്തെ താത്കാലിക പൊലീസ് ഔട്ട് പോസ്റ്റും പ്രവർത്തനം തുടങ്ങി. ഫയർ ഫേഴ്സ്, സ്കൂബ ടീം, മുങ്ങൽ വിദഗ്ധർ എന്നിവരുടെ സേവനവും ഉണ്ടാകും.

Leave a Comment

Your email address will not be published. Required fields are marked *