Timely news thodupuzha

പരസ്പരം പഴിച്ച് ട്രംപും സെലൻസ്കിയും

വാഷിങ്ങ്ടൺ: യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപും യുക്രൈൻ പ്രസിഡൻറ് വ്ലോഡിമിർ സെലൻസ്കിയും തമ്മിൽ നടത്തിയ ചർച്ച നാടകീയ രംഗങ്ങൾ‌ക്കൊടുവിൽ അലസിപ്പിരിഞ്ഞു. വൈറ്റ് ഹൗസിൽ നിന്ന് സെലൻസ്കി ഇറങ്ങിപ്പോയതിനു പിന്നാലെ സംയുക്ത വാർത്താസമ്മേളനവും റദ്ദാക്കി.

ഓവൽ ഓഫിസിൽ നടന്ന ചർച്ചക്കിടെ ഇരു നേതാക്കളും അതി രൂക്ഷമായി തർക്കത്തിലേർപ്പെടുകയായിരുന്നു. യുദ്ധം അവസാനിപ്പിക്കാൻ റഷ്യൻ പ്രസിഡൻറ് വ്ലോഡിമിർ പുടിൻ ആഗ്രഹിക്കുന്നുവെന്ന ട്രംപിൻറെ പ്രസ്താവനയാണ് സെലൻസ്കിയെ പ്രകോപിതനാക്കിയത്.

പുടിനെ വിശ്വസിക്കാനാകില്ലെന്നും കൊലയാളിയായ അയാളോട് ഒരു വിട്ടുവീഴ്ചയും പാടില്ലെന്നും സെലൻസ്കി വ്യക്തമാക്കി. അതിനിടെ മൂന്നാം ലോകയുദ്ധത്തിലേക്ക് നയിക്കുന്ന നിലപാടുകളാണ് സെലൻസ്കിയുടേതെന്ന് ട്രംപ് ആരോപിച്ചു.

പുടിനോടുള്ള മൃദു സമീപനത്തെ സെലൻസ്കിയും ചോദ്യം ചെയ്തു. യുക്രൈനിലെ ധാതു സമ്പത്തിൽ ഒരു ഭാഗത്തിൻറെ അവകാശം യുഎസിന് നൽകുന്നതിനുള്ള കരാറിൽ ഒപ്പു വയ്ക്കാതെയാണ് സെലൻസ്കി മടങ്ങിയത്. റഷ്യയ്ക്കെതിരേയുള്ള യുദ്ധത്തിൽ യുക്രൈനിന് യുഎസ് സഹായങ്ങൾ നൽകിയിരുന്നു.

അതിന് നന്ദി കാണിക്കുന്നില്ലെന്ന ട്രംപിൻറെ ആരോപണത്തിനോട് യുഎസ് ജനതയോട് ഇക്കാര്യത്തിൽ നിരവധി തവണ നന്ദി പറഞ്ഞതായി സെലൻസ്കി തിരിച്ചടിച്ചു. ട്രംപ് അധികാരത്തിലേറിയതിനു പിന്നാലെ സെലൻസ്കിയോട് അകൽച്ച വ്യക്തമാക്കിയിരുന്നു. റഷ്യയോട് അടുക്കുന്ന നയമാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്.

സെലൻസ്കിയെ ഏകാധിപതി എന്നു വിളിച്ചതും സൗദിയിൽ യുക്രൈനെ പങ്കെടുപ്പിക്കാതെ റഷ്യക്കൊപ്പം യുക്രൈൻ സമാധാന ഉച്ചകോടി നടത്തിയതുമെല്ലാം ഈ അകൽച്ചയുടെ ഭാഗമായിരുന്നു.

കഴിഞ്ഞ ദിവസം ഫ്രഞ്ച് പ്രസിഡൻറ് ഇമ്മാനുവൽ മക്രോൺ, ബ്രിട്ടീഷ് പ്രധാനമന്ത്രി കെയ്ർ സ്റ്റാമർ എന്നിവരുമായുള്ള കൂടിക്കാഴ്ചയ്ക്കു പുറകേയാണ് സെലൻസ്കിയോടുള്ള സമീപനത്തിൽ മാറ്റം വരുത്താൻ ട്രംപ് തയാറായത്.

Leave a Comment

Your email address will not be published. Required fields are marked *