ഇടുക്കി: പൊതുവിദ്യാഭ്യാസ രംഗത്ത് കേരളം നേടിയത് അസൂയാവഹവും അഭിമാനകരവുമായ നേട്ടമാണെന്ന് ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ. തൊടുപുഴ സെന്റ് സെബാസ്റ്റ്യൻസ് യു.പി സ്‌കൂളിൽ ജില്ലാതല പ്രവേശനോത്സവത്തിന്റെ ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു മന്ത്രി.

5000 കോടി രൂപയാണ് സ്‌കൂളുകൾ നവീകരിക്കുന്നതിനായി സർക്കാർ ചെലവഴിച്ചത്. വിവിധ സ്‌കൂൾ കെട്ടിടങ്ങൾക്കായി അഞ്ച് കോടി, രണ്ടു കോടി, ഒരു കോടി എന്നിങ്ങനെ തുക മുടക്കി നവീകരിച്ച് ഹൈടെക്ക് ക്ലാസ് റൂമുകൾ സജ്ജമാക്കി. സുരക്ഷിതവും ആനന്ദകരവുമായ വിദ്യാഭ്യാസമാണ് കുട്ടികൾക്ക് പ്രദാനം ചെയ്യുന്നത്. കമ്പ്യൂട്ടർ പഠനവും എ. ഐ അധിഷ്ഠിത വിദ്യാഭ്യാസവും വിദ്യാർത്ഥികൾക്കും അധ്യാപകർക്കും പകർന്നു നൽകുന്ന മാതൃകാപരമായ വിദ്യാഭ്യാസ ശൈലിയാണ് കേരളം പിന്തുടരുന്നതെന്നും മന്ത്രി പറഞ്ഞു.

ഉന്നത വിദ്യാഭ്യാസരംഗത്തും മികച്ച വളർച്ചയാണ് കേരളം കൈവരിച്ചത്. രാജ്യത്തെ 100 മികച്ച കോളേജുകളിൽ 16 എണ്ണം കേരളത്തിലാണ്. 200 മികച്ച കോളേജുകളിൽ 46 എണ്ണം സംസ്ഥാനത്തെ കലാലയങ്ങളാണ്. ഇന്ത്യയിലാദ്യമായി ഡിജിറ്റൽ സർവകലാശാലയും സയൻസ് പാർക്കും സ്ഥാപിച്ചത് കേരളമാണെന്ന് മന്ത്രി പറഞ്ഞു.

ലഹരിക്കേസുകൾ ആശങ്കയുളവാക്കുന്നുണ്ടെങ്കിലും ലഹരി വ്യാപനത്തിനെതിരെ പോലീസ് ജാഗ്രത പാലിക്കുന്നുണ്ട്. ലഹരിക്കെതിരെ ജില്ലാ പോലീസ് നടപ്പാക്കുന്ന ക്യാമ്പസ് ബീറ്റ്‌സ് പദ്ധതി പ്രകാരം ജില്ലയിലെ എല്ലാ സ്‌കൂളുകളും കേന്ദ്രീകരിച്ച് എ.എസ്.പിയുടെ കീഴിൽ സബ്ഡിവിഷൻ തലത്തിൽ ഡി.വൈ.എസ്പിമാർക്ക് ചുമതല നൽകി കൃത്യമായ നിരീക്ഷണമുണ്ടാകും. ഒരു സ്‌കൂളിന് ഒരു സിവിൽ പോലീസ് ഓഫീസർ ചുമതല വഹിക്കും. ഈ പോലീസ് ഓഫീസർ രക്ഷകർത്താക്കൾ അദ്ധ്യാപകർ എന്നിവരുമായി നിരന്തരം ബന്ധപ്പെട്ട് പ്രവർത്തിക്കും. അത്തരത്തിൽ കൃത്യമായ നിരീക്ഷണത്തിലായിരിക്കും സ്‌കൂളുകൾ എന്നും മന്ത്രി പറഞ്ഞു.

സെന്റ് സെബാസ്റ്റ്യൻസ് സ്‌കൂളിൽ കളി ഒരു ലഹരി പദ്ധതിയും മന്ത്രി ഉദ്ഘാടനം ചെയ്തു. പ്രവേശനോത്സവം സംസ്ഥാനതല ഉദ്ഘാടനം മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിക്കുന്നതിന്റെ ഓൺലൈൻ സംപ്രേഷണവും സ്‌കൂളിൽ ഒരുക്കിയിരുന്നു.

ഇടുക്കി ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് രാരിച്ചൻ നീറണാംകുന്നേൽ അധ്യക്ഷത വഹിച്ചു. ലഹരിക്കെതിരെ ജില്ലാ പോലീസ് നടപ്പാക്കുന്ന ക്യാമ്പസ് ബീറ്റ്‌സ് പദ്ധതിയുടെ വിശദീകരണവും ലഹരി വിരുദ്ധ സന്ദേശവും പ്രതിജ്ഞ ചൊല്ലി കൊടുക്കലും ഇടുക്കി ജില്ലാ പോലീസ് മേധാവി ടി.കെ. വിഷ്ണുപ്രദീപ് നിർവഹിച്ചു. തൊടുപുഴ മുനിസിപ്പൽ ചെയർമാൻ കെ. ദീപക് പഠനോപകരണ വിതരണം നടത്തി.

വാർഡ് കൗൺസിലർ ജോസ് മഠത്തിൽ, സമഗ്രശിക്ഷ കേരള ജില്ലാ പ്രൊജക്ട് കോ-ഓഡിനേറ്റർ എ.എം ഷാജഹാൻ, ഡയറ്റ് പ്രിൻസിപ്പാൾ ജി.പി. ഗോപകുമാർ, തൊടുപുഴ ഡി.ഇ.ഒ ഷീബ മുഹമ്മദ്, തൊടുപുഴ എ.ഇ.ഒ കെ. ബിന്ദു, സ്‌കൂൾ മാനേജർ ഫാ. ജോസ് പൊതൂർ, പി.ടി.എ പ്രസിഡന്റ് എം റോയി തോമസ്, പി.ടി.എ പ്രസിഡന്റ് ഡിംപിൾ വിനോദ്, വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പി.സി. ഗീത, സ്‌കൂൾ ഹെഡ്മാസ്റ്റർ ഷിന്റോ ജോർജ് തുടങ്ങിയവർ പങ്കെടുത്തു.






