Timely news thodupuzha

മഞ്ഞുമ്മൽ ബോയ്സ് സാമ്പത്തിക തട്ടിപ്പു കേസിൽ സൗബിൻ നേരിട്ട് ഹാജരാകണം

കൊച്ചി: മഞ്ഞുമ്മൽ ബോയ്സ് സിനിമയുമായി ബന്ധപ്പെട്ട സാമ്പത്തിക തട്ടിപ്പു കേസിൽ നിർമാതാക്കൾക്ക് പൊലീസിൻറെ നോട്ടീസ്. രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണ സംഘത്തിനു മുന്നിൽ ഹാജരാവാനാണ് നോട്ടീസിലെ നിർദേശം.

നിർമാതാക്കളായ സൗബിൻ ഷാഹിർ, ബാബു ഷാഹിർ, ഷോൺ ആൻറണി എന്നിവർക്കാണ് നോട്ടീസയത്. കേസ് റദ്ദാക്കണമെന്ന ആവശ്യം കഴിഞ്ഞ ദിവസം ഹൈക്കോടതി തള്ളിയിരുന്നു. അന്വേഷണം തുടരാമെന്ന കോടതി നിർദേശത്തിൻറെ അടിസ്ഥാനത്തിലാണ് പൊലീസിൻറെ നടപടി. ആലപ്പുഴ അരൂർ സ്വദേശി സിറാജ് വലിയവീട്ടിൽ നൽകിയ പരാതിയിലാണ് കേസ്.

സിനിമയ്ക്ക് ലഭിക്കുന്ന ലാഭവിഹിതത്തിൽ നിന്ന് 40 ശതമാനം നൽകാമെന്ന് കാണിച്ച് പണം വാങ്ങിയെന്നും, നിർമാണച്ചെലവ് പെരുപ്പിച്ചു കാണിച്ചെന്നുമായിരുന്നു സിറാജിൻറെ പരാതി

നിർമാണച്ചെലവ് 22 കോടി രൂപയാണെന്ന് കാണിച്ച് ഏഴുകോടി രൂപ വാങ്ങിയെന്നും സിറാജ് പറഞ്ഞിരുന്നു. എന്നാൽ, 22 കോടി രൂപ ചെലവായെന്നത് കള്ളമാണെന്നും സിനിമയ്ക്കായി നിർമാതാക്കൾ ഒരു രൂപ പോലും മുടക്കിയിട്ടില്ലെന്നും പൊലീസിൻറെ റിപ്പോർട്ടിൽ പറയുന്നു. 18.65 കോടി രൂപമാത്രമാണ് ചിത്രത്തിനായി ചെലവായതെന്നും, സിനിമ സൂപ്പർ ഹിറ്റായിട്ടും വാങ്ങിയ പണത്തിൻറെ ഒരു ഭാഗം പോലും പരാതിക്കാരന് പറവ ഫിലിം കമ്പനി തിരികെ നൽകിയിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു.

എന്നാൽ വാഗ്ദാനം നൽകിയ പണം കൃത്യസമയത്ത് നൽകിയില്ലെന്നാണ് പ്രതിയാക്കപ്പെട്ട നിർമാതാക്കളുടെ വാദം. ഇതുമൂലം ഷൂട്ടിങ് ഷെഡ്യൂളുകൾ മുടങ്ങി. അതിനാൽ വലിയ തുക നഷ്ടത്തിലായി. അതുകൊണ്ടാണ് സിറാജിന് ബാക്കി തുക നൽകാതിരുന്നതെന്നും നിർമാതാക്കൾ വാദിക്കുന്നു.

Leave a Comment

Your email address will not be published. Required fields are marked *