മീററ്റ്: ഉത്തർപ്രദേശിൽ പതിനേഴ് വയസ്സുള്ള പെൺകുട്ടിയുടെ തലയറുത്ത് മൃതദേഹം കനാലിൽ തള്ളിയ സംഭവത്തിൽ അമ്മ ഉൾപ്പെടെ 4 കുടുംബാംഗങ്ങൾ പൊലീസ് കസ്റ്റഡിയിൽ. വ്യാഴാഴ്ച രാവിലെയാണ് മീററ്റിലെ പർതാപൂരിലുള്ള കനാലിൽ മൃതദേഹം കണ്ടത്. ദൗറലയിലെ ഗ്രാമത്തിൽ നിന്നും കഴിഞ്ഞ ദിവസം വിദ്യാർഥിനിയെ കാണാനില്ലെന്ന് പരാതി ഉയർന്നിരുന്നു.
ഈ പെൺകുട്ടിയെ തന്നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടിയുടെ കൈയിൽ ചുരുട്ടി പിടിച്ച നിലയിൽ ആൺ സുഹൃത്തിൻറെ പേരും ഫോൺ നമ്പറും അടങ്ങിയ പേപ്പർ ഉണ്ടായിരുന്നു. ഇതാണ് മൃതദേഹം തിരിച്ചറിയാൻ സഹായിച്ചത്. ഗ്രാമവാസികളാണ് അഴുക്കുചാലിൽ വികൃതമായ മൃതദേഹം ആദ്യം കാണുന്നത്.
തുടർന്ന് പൊലീസിനെ വിവരമറിയിക്കുകയായിരുന്നു. സ്ഥലത്തെത്തിയ പൊലീസ് മൃതദേഹത്തിനൊപ്പമുണ്ടായിരുന്ന നമ്പറിൽ വിളിച്ചു. ഫോൺ എടുത്ത യുവാവാണ് മരിച്ച പെൺകുട്ടിയെക്കുറിച്ചുള്ള വിവരങ്ങൾ കൈമാറിയത്. മരിച്ചത് തൻറെ കാമുകിയാണെന്നും യുവാവ് സമ്മതിച്ചു.
തുടർന്ന് യുവാവ് നൽകിയ വിവരത്തിനെ അടിസ്ഥാനത്തിൽ പെൺകുട്ടിയുടെ കുടുംബത്തെ വിവരമറിയിക്കുകയായിരുന്നു. പെൺകുട്ടിയുടെ അമ്മയെയും രണ്ട് അമ്മാവന്മാരെയും ഒരു ബന്ധുവിനെയും പൊലീസ് കസ്റ്റഡിയിലെടുത്തു.
ദുരഭിമാനക്കൊലയാണെന്നാണ് പൊലീസ് നിഗമനം. ആൺസുഹൃത്തുമായി ബന്ധം അവസാനിപ്പിക്കാൻ സമ്മതിക്കാതിരുന്ന പെൺകുട്ടിയെ കുടുംബം തലയറുത്ത് കൊലപ്പെടുത്തിയതാണെന്നാണ് പൊലീസ് നിഗമനം. കൂടുതൽ അന്വേഷണം നടത്തിവരികയാണ്. പെൺകുട്ടിയുടെ തല ഇതുവരെ കണ്ടെത്താനായിട്ടില്ല.






