ഇടുക്കി: ഐ.എൻ.റ്റി.യു.സിയ്ക്ക് കീഴിൽ സംസ്ഥാനത്തെ വിവിധ മേഖലകളിലെ നിരവധിയായ ട്രേഡ് യൂണിയനുകൾ രൂപീകരിച്ച് തൊഴിലാളി വർഗ്ഗ താൽപ്പര്യങ്ങൾ സംരക്ഷിക്കുവാൻ ശക്തമായ പോരാട്ടങൾക്ക് നേതൃത്വം നൽകിയ കരുത്തനായ നേതാവായിരുന്നു പി.എ ജോസഫ്. പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ഐ.എൻ.റ്റി.യു.സി അഖിലേന്ത്യാ പ്രസിഡന്റും ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറിയുമായിരുന്ന പി.എ ജോസഫ് വിട വാങ്ങിയിട്ട് രണ്ട് വർഷം പിന്നിടുകയാണ്.
തൊഴിലാളി വർഗ്ഗത്തിന്റെ ഉന്നമനത്തിനായി ജീവിതം തന്നെ മാറ്റിവച്ച അദ്ദേഹത്തിന്റെ രണ്ടാമത് അനുസ്മരണ സമ്മേളനമാണ് പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷന്റെ നേതൃത്വത്തിൽ വണ്ടിപ്പെരിയാറിൽ സംഘടിപ്പിച്ചത്.
വണ്ടിപ്പെരിയാർ അഴുത ബ്ലോക്ക് ഹാളിൽ നടന്ന അനുസ്മരണ സമ്മേളനത്തിൽ പ്ലാന്റേഷൻ വർക്കേഴ്സ് ഫെഡറേഷൻ ജില്ലാ പ്രസിഡന്റ് ഷാഹുൽ ഹമീദ് അധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് റ്റി.എം ഉമ്മർ സ്വാഗതമാശംസിച്ചു. ഐ.എൻ.റ്റി.യു.സി ദേശീയ സെക്രട്ടറി ഡോ. ജോസ് ജോർജ് പ്ലാത്തോട്ടം അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു.
ഐ.എൻ.റ്റി.യു.സി ജനറൽ സെക്രട്ടറി ആന്റണി കുറ്റൂക്കാരൻ മുഖ്യ പ്രഭാഷണം നടത്തി. കെ.പി.ഡബ്ല്യൂ യൂണിയൻ ജനറൽ സെക്രട്ടറി ഷാജി പൈനാടത്ത്, ഐ.എൻ.റ്റി.യു.സി പീരുമേട് റീജണൽ പ്രസിഡന്റ കെ.എ സിദിഖ്, ഡി.സി.സി ജനറൽ സെക്രട്ടറിമാരായ പി.എ അബ്ദുൾ റഷീദ്, ആർ ഗണേശൻ, പി.കെ ചന്ദ്രശേരൻ, ഏലപ്പാറ ബ്ലോക്ക് കോൺഗ്രസ് കമ്മറ്റി പ്രസിഡന്റ് ജോർജ് ജോസഫ് കൂറുംപുറം, ഡി.സി.സി എക്സിക്യൂട്ടീവ് മെമ്പർ സാബു വയലിൽ, കോൺഗ്രസ് പീരുമേട് മണ്ഡലം പ്രസിഡന്റ് കെ രാജൻ, വണ്ടിപ്പെരിയാർ മണ്ഡലം പ്രസിഡന്റ് രാജൻ കൊഴുവൻമാക്കൽ, കെ.ഡി.ഡബ്ല്യൂ.സി ജില്ലാ സെക്രട്ടറി കെ ഉദയകുമാർ, യൂത്ത് കോൺഗ്രസ് നേതാക്കൾ തുടങ്ങിയവർ സംസാരിച്ചു.






