ഹൈദരാബാദ്: പത്താം ക്ലാസ് വിദ്യാർഥികൾക്ക് ശരീരഘടന വിശദീകരിക്കുന്നതിനായി മൃഗത്തിൻറെ തലച്ചോറ് ക്ലാസിലേക്കു കൊണ്ടുവന്ന അധ്യാപകനെതിരേ കേസ്. തെലങ്കാന വികാരാബാദ് ജില്ലയിലെ സർക്കാർ സ്‌കൂളിലെ സയൻസ് അധ്യാപകനെതിരേയാണ് ഗോവധ നിയമപ്രകാരം കേസെടുത്തത്. ജൂൺ 24നാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്.
പശുവിൻറെ തലച്ചോറാണെന്ന് അധ്യാപകൻ പറഞ്ഞതായി കുട്ടികൾ പരാതിപ്പെട്ടതിനെത്തുടർന്ന് സ്‌കൂളിലെ പ്രധാന അധ്യാപകൻ ഔദ്യോഗികമായി പരാതി നൽകുകയായിരുന്നു. എന്നാൽ ഇത് പശുവിൻറേത് തന്നെയാണോ എന്ന കാര്യത്തിൽ ഇതുവരെ സ്ഥിരീകരണം ഉണ്ടായിട്ടില്ലെന്നും കേസിൽ വിശദമായ അന്വേഷണം നടക്കുകയാണെന്ന് പൊലീസ് അറിയിച്ചു. ഇതിനിടെ, അധ്യാപകൻ മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ച് കർശന നടപടി സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് അഖില ഭാരതീയ വിദ്യാർഥി പരിഷത്തും (എബിവിപി) മറ്റ് പ്രാദേശിക ഗ്രൂപ്പുകളും സ്കൂളിലേക്ക് പ്രതിഷേധ പ്രകടനം നടത്തി.
സംഭവം വിവാദമായതിനു പിന്നാലെ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർ സ്കൂൾ സന്ദർശനം നടത്തി പ്രാഥമിക റിപ്പോർട്ടിൻറെ അടിസ്ഥാനത്തിൽ അധ്യാപകനെ സസ്‌പെൻഡ് ചെയ്തു. മണ്ഡലം വിദ്യാഭ്യാസ ഓഫീസറും സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.






