കൊച്ചി: ചെല്ലാനത്ത് കടലാക്രമണവുമായി ബന്ധപ്പെട്ട വിഷയത്തിൽ പ്രതിഷേധിച്ച് കരിങ്കൊടി കാട്ടിയവർ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മാപ്പ് പറയാൻ മന്ത്രി സജി ചെറിയാൻ തയാറാകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. എപ്പോൾ മുതലാണ് മത്സ്യത്തൊഴിലാളികളെ കണ്ടാൽ ഗുണ്ടകളാണെന്ന് ഫിഷറീസ് മന്ത്രിക്ക് തോന്നിത്തുടങ്ങിയത്? താടി വച്ചവരൊക്കെ ഗുണ്ടകളാണോ? താടി വച്ചവരൊക്കെ ഗുണ്ടകളാണെന്ന് ഒരു മന്ത്രിക്ക് തോന്നിത്തുടങ്ങിയാൽ കേരളത്തിന്റെ അവസ്ഥ എന്താകും? താടിവച്ചതു കൊണ്ട് ഗുണ്ടകളാണെന്ന് തോന്നിയെന്നും പത്രത്തിൽ കണ്ടപ്പോഴാണ് അവർ പാട്ടിക്കാരാണെന്ന് മനസിലായതെന്നുമാണ് മന്ത്രി പറഞ്ഞത്. രൂക്ഷമായ കടലാക്രമണമുള്ള പ്രദേശത്ത് ജനങ്ങൾക്ക് ജീവിക്കാനാകാത്ത അവസ്ഥ വന്നപ്പോൾ കടലാക്രമണ പ്രതിരോധ സംവിധാനങ്ങളെ മെച്ചപ്പെടുത്താനും സഹായിക്കാനും സർക്കാർ തയാറാകാതെ വന്നപ്പോഴാണ് കരിങ്കൊടി കാട്ടിയത്. മുഖ്യമന്ത്രി പോലെ സജി ചെറിയാൻ ആകാമോ? മന്ത്രിമാർക്കെതിരെ കരിങ്കൊടി കാട്ടാൻ പാടില്ലെന്നാണോ? കരിങ്കൊടി പ്രതിഷേധത്തിന്റെ സൂചനയാണ്. കരിങ്കൊടി കാട്ടിയാൽ ആ പ്രശ്‌നം പരിഹരിക്കാനാണ് ശ്രമിക്കേണ്ടത്. അല്ലാതെ കരിങ്കൊടി കാട്ടിയ മത്സ്യത്തൊഴിലാളികളൊക്കെ ഗുണ്ടകളാണെന്ന പരാമർശം പിൻവലിച്ച് മന്ത്രി മാപ്പ് പറയണം.
ആരോഗ്യമന്ത്രി പറഞ്ഞതെല്ലാം പാളുകയാണെന്നു സൂചിപ്പിക്കുന്ന റിപ്പോർട്ടുകളാണ് വിവിധ ആശുപത്രികളിൽ നിന്നും മെഡിക്കൽ കോളജുകളിൽ നിന്നും വരുന്നത്. കേരളത്തിലെ പ്രതിപക്ഷം നിയമസഭയിലും പുറത്തും ആരോഗ്യരംഗത്തെ കുറിച്ച് പറഞ്ഞ കാര്യങ്ങളൊക്കെ ശരിയാണെന്ന് ബോധ്യമായിരിക്കുകയാണ്. എല്ലാ മെഡിക്കൽ കോളജുകളിലും സർക്കാർ ആശുപത്രികളിലും മരുന്ന് ക്ഷാമം അതീവ രൂക്ഷമായുണ്ട്. സർജറി കഴിഞ്ഞാൽ തുന്നാനുള്ള നൂല് പോലും രോഗി വാങ്ങിക്കൊണ്ടു വരണം. കെട്ടിടത്തിന് മുകളിൽ നിന്നും വീണയാളുടെ ചികിത്സയ്ക്ക് 88000 രൂപ നൽകേണ്ടി വന്നു. ഓപ്പറേഷൻ നടത്തണമെങ്കിൽ അങ്ങോട്ട് കാശ് നൽകേണ്ട അവസ്ഥയാണ്. സ്വകാര്യ ആശുപത്രിയിൽ വാങ്ങിക്കുന്ന വേഗതയിൽ സർക്കാർ ആശുപത്രികളിൽ സാധനങ്ങൾ വാങ്ങാൻ സാധിക്കില്ലെന്നാണ് മന്ത്രി ഇന്നലെ പറഞ്ഞത്. ഇത് തുടങ്ങിയിട്ട് രണ്ടു മൂന്നു കൊല്ലമായി. ഇക്കാര്യം പ്രതിപക്ഷം നിരന്തരമായി പറഞ്ഞതാണ്. ഒരു വർഷത്തേക്ക് ആവശ്യമുള്ള സാധനങ്ങൾ ആശുപത്രികൾ ഇൻഡന്റ് നൽകുകയാണ് ചെയ്യുന്നത്. അതിൽ നിന്നാണ് മെഡിക്കൽ സർവീസസ് കോർപറേഷൻ ടെൻഡർ വിളിച്ച് സാധനങ്ങൾ വാങ്ങുന്നത്. എന്നാൽ ഇതൊന്നും നടക്കുന്നില്ല. പ്ലാൻ ഫണ്ട് പോലും വെട്ടിക്കുറയ്ക്കുകയാണ്. എന്നിട്ടും സംസ്ഥാനത്ത് ഒരു ധനപ്രതിസന്ധിയും ഇല്ലെന്നും ധനപ്രതിസന്ധി ഉണ്ടെന്ന് പറയുന്നത് വികസന വിരോധികളാണെന്നുമാണ് നിലമ്പൂർ തിരഞ്ഞെടുപ്പിൽ മുഖ്യമന്ത്രി പറഞ്ഞത്. ആരോഗ്യ കേരളം വെന്റിലേറ്ററിലാണെന്നത് യാഥാർത്ഥ്യമാണ്. അത് പരിഹരിക്കുന്നതിന് പകരം ന്യായീകരണങ്ങളും പി.ആർ മനേജ്‌മെന്റ് പരിപാടികളുമായി നടക്കുകയാണ്. ആരോഗ്യരംഗത്തെ നശിപ്പിച്ചതിന്റെ പ്രധാന കാരണം ഇല്ലാത്ത കാര്യങ്ങൾ പൊലിപ്പിച്ചു കാട്ടിയ പി.ആർ വർക്കാണ്. അധികകാലം ജനങ്ങളെ കബളിപ്പിക്കാനാകില്ല. ആരോഗ്യ രംഗത്തെ തകർച്ചയെ കുറിച്ച് പഠിക്കാൻ പൊതുജനാരോഗ്യ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള യു.ഡി.എഫ് ഹെൽത്ത് കമ്മിഷനെ പ്രഖ്യാപിക്കുകയാണ്. അതിന്റെ ഭാഗമായി ഹെൽത്ത് കോൺക്ലേവ് സംഘടിപ്പിക്കും. പണം ഇല്ലെങ്കിൽ പി.എസ്.സി അംഗങ്ങളുടെ പെൻഷനും ശമ്പളവും കൂട്ടിയത്?
മന്ത്രിയുടെ ജീവൻ അപകടത്തിലാകുന്ന ഘട്ടത്തിലാണ് റവാഡ ചന്ദ്രശേഖരൻ വെടിവയ്ക്കാൻ ഉത്തരവിട്ടത്. എം.വി രാഘവനെ കൊലപ്പെടുത്താനാണ് സി.പി.എം അന്ന് ശ്രമിച്ചത്. അന്ന് സ്വാശ്രയ മെഡിക്കൽ കോളജിനെതിരെ സമരം നടത്തിയ സി.പി.എമ്മാണ് മാപ്പ് പറയേണ്ടത്. ഇപ്പോൾ സ്വകാര്യ സർവകലാശാല നിയമം പാസാക്കുകയാണ്.
രമേശ് ചെന്നിത്തല എന്നെക്കുറിച്ചല്ല പരാതി പറഞ്ഞത്. ഏതോ മാധ്യമങ്ങൾ പറയുന്നുവെന്നാണ്. നിങ്ങൾ തന്നെ വി.ഡി സതീശൻ ക്യാപ്ടനാണെന്ന് പറയും. എന്നിട്ട് രമേശ് ചെന്നിത്തലയോട്, വി.ഡി സതീശൻ ക്യാപ്റ്റനാണെന്ന് പറയുന്നുണ്ടല്ലോയെന്ന് ചോദിക്കും. എന്നാൽ ഇന്നലെ അദ്ദേഹം എന്നെക്കുറിച്ച് പറഞ്ഞ നല്ലവാക്കിനെ കുറിച്ച് ചോദിക്കുമെന്ന് കരുതി. അതുണ്ടായില്ല. നിങ്ങൾ കുത്തിത്തിരുപ്പിന്റെ ആശാൻമാരാണ്. ആരോഗ്യരംഗം ഉൾപ്പെടെ സാധാരണക്കാരെ ബാധിക്കുന്ന വിഷയങ്ങളിലേക്ക് മാധ്യമങ്ങളും ശ്രദ്ധ പതിപ്പിക്കണമെന്നാണ് ആഭ്യർത്ഥന. രാവിലെ 9 മണിയാകുമ്പോൾ ചില മാധ്യമങ്ങൾ ആകാശത്ത് നിന്നും വാർത്തയുണ്ടാക്കും. ഞങ്ങൾ നിലമ്പൂരിൽ വിജയിച്ചല്ലോ. ചില പറയുന്നതു കേൾക്കുമ്പോൾ ഞങ്ങൾ തന്നെയാണോ ജയിച്ചതെന്ന് സംശയം തോന്നും. ജയിപ്പിച്ചതിന്റെ പിറ്റേ ദിവസമാണ് പണിയുമായി ഇറങ്ങിയത്. ഞങ്ങൾ ഒരു കുടുംബമാണ്. എല്ലാവരും കൂടിയാലോചിച്ചേ തീരുമാനം എടുക്കൂ. 2026 -ലെ തിരഞ്ഞെടുപ്പ് ഫല പ്രഖ്യാപനം വരുമ്പോൾ ടീം യു.ഡി.എഫിന്റെ കരുത്ത് എന്താണെന്ന് നിങ്ങൾക്ക് വ്യക്തമാകും.






