Timely news thodupuzha

പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെ മുൻ പൊലീസ് ഉദ്യോഗസ്ഥൻ എത്തിയത് മാധ്യമപ്രവർത്തകനെന്ന വ്യാജേന

തിരുവനന്തപുരം: സംസ്ഥാന പൊലീസ് ആസ്ഥാനത്ത് വാർത്താ സമ്മേളനത്തിനിടെയുണ്ടായ സുരക്ഷാ വീഴ്ചയിൽ അന്വേഷണം പ്രഖ്യാപിച്ച് ഡിജിപി. പ്രതിഷേധവുമായെത്തിയത് മുൻ പൊലീസ് ഉദ്യോഗസ്ഥനാണെന്നും ഇദ്ദേഹം പെൻഷൻ കാർഡ് ഉപയോഗിച്ചാണ് പൊലീസ് ആസ്ഥാനത്ത് കയറിയതെന്നും പൊലീസ് കണ്ടെത്തി.

ഡിജിപിയുടെ മുൻ സുരക്ഷ ഉദ്യോഗസ്ഥനാണെന്ന് പരിചയപ്പെടുത്തിയാണ് ഇദ്ദേഹം അകത്ത് പ്രവേശിച്ചത്. പിന്നീട് മാധ്യമപ്രവർത്തകനാണെന്ന് സ്വയം പരിചയപ്പെടുത്തി കോൺഫറൻസ് ഹാളിലും പ്രവേശിച്ചെന്നും പൊലീസിൻറെ കണ്ടെത്തി. ഇന്ന് രാവിലെ സംസ്ഥാന പൊലീസ് മേധാവിയായി ചുമതലയേറ്റെടുത്ത രവദ ചന്ദ്രശേഖറിൻറെ ആദ്യ വാർത്താസമ്മേളനത്തിനിടെയാണ് നാടകീയ രംഗങ്ങൾ.

പൊലീസ് ആസ്ഥാനത്തെ അഞ്ചാം നിലയിലെ കോൺഫറൻസ് ഹാളിലായിരുന്നു പുതിയ ഡിജിപിയുടെ പത്രസമ്മേളനം. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിനിടെ ഇദ്ദേഹം തൻറെ പരാതിയിൽ നടപടിയാവശ്യപ്പെടുകയായിരുന്നു. അദ്ദേഹം 30 വർഷം സർവീസിൽ അനുഭവിച്ച വേദനകൾ എന്നുപറഞ്ഞ് ചില രേഖകൾ ഉയർത്തിക്കാട്ടി.

മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയിട്ടും നടപടിയുണ്ടായില്ലെന്നും താൻ നേരിട്ട ദുരനുഭവത്തിൽ പൊലീസുകാർ മറുപടി പറയണമെന്നും ആവശ്യപ്പെട്ടു. ഇതോടെ, എല്ലാം പരിഹരിക്കാമെന്ന് റവാഡ ചന്ദ്രശേഖർ പറഞ്ഞു. ഇതിൽ അസ്വാഭാവികത തോന്നിയതോടെ പൊലീസ് ഉദ്യോഗസ്ഥർ മാധ്യമപ്രവർത്തകരോട് കാര്യങ്ങൾ ചോദിച്ചു.

എന്നാൽ ഇയാൾ മാധ്യമപ്രവർത്തകനല്ല എന്നറിഞ്ഞതോടെ പൊലീസ് ഇടപെട്ട് മാറ്റുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ പൊലീസുകാർ അനുനയിപ്പിച്ച് പുറത്തേക്ക് കൊണ്ടുപോവുകയായിരുന്നു. വാർത്താസമ്മേളനത്തിന് ശേഷം ഇദ്ദേഹത്തിൻറെ പ്രതികരണം മാധ്യമപ്രവർത്തകർ തേടിയെങ്കിലും ഇദ്ദേഹം സംസാരിക്കാൻ തയാറായില്ല.

Leave a Comment

Your email address will not be published. Required fields are marked *