തിരുവനന്തപുരം: ഇന്ന് ഏറെ ചർച്ച ചെയ്യപ്പെടുന്ന ഒന്നാണ് സൂമ്പാ ഡാൻസ് സ്കൂൾ കുട്ടികളിൽ പഠിപ്പിക്കുന്നത്.ആരോഗ്യപരമായി നമ്മുടെ കുട്ടികൾക്ക്, ഏതെങ്കിലും കായിക പ്രവർത്തനങ്ങൾ നടത്തണമെന്നത് ആവശ്യമാണ്.
ഇന്നത്തെ ജീവിത സാഹചര്യത്തിൽ സ്കൂൾ തലത്തിലേക്ക് വരുന്ന കുട്ടികൾക്ക് ശാരീരികമായ കളികളിലും, മറ്റു വിനോദങ്ങളിലും ഏർപ്പെടുന്നതിന് സമയം ലഭിക്കുന്നില്ല. ഏതെങ്കിലും യാത്രാ മാർഗ്ഗങ്ങളിൽ സ്കൂളിൽ രാവിലെ എത്തുന്ന കുട്ടി പoനത്തിൻ്റെ തിരക്കിലേക്കു മാറുന്നു.
ളുകളിൽ കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം കുറഞ്ഞതിനാൽ അവന് കളികളിലും മറ്റും ഏർപ്പെടുന്നതിനു് സമയം ലഭിക്കുന്നില്ല. പല അവസരങ്ങളിലും ചില സ്കൂൾ അധികൃതരും, മാതാപിതാക്കളും കുട്ടികൾ കളികളിൽ ഏർപ്പെടുന്നതും മറ്റും പ്രോത്സാഹിപ്പിക്കുന്നില്ല.പഠനത്തേ ബാധിക്കും എന്നതാണ് കാഴ്ചപ്പാട്.
ഇപ്പോൾ ചർച്ച ചെയ്യപ്പെടുന്ന സൂമ്പാ ഡാൻസ് കുട്ടികൾ ഒന്നിച്ചു ചെയ്യുന്നത് അവരുടെ മാനസികാരോഗ്യത്തിനും, ശാരീരി കാരോഗ്യത്തിനും നല്ലതാണ്. മുൻ കാലങ്ങളിൽ സ്കൂൾ അസംബിളികളിൽ മാസ്സ് Drill നടത്തിയിരുന്നു.അത് ആ സ്കുളിലെ കായികാദ്ധ്യാപകൻ്റെ നേതൃത്വത്തിൽ വളരെ ഭംഗിയായി ചെയ്തിരുന്നു. കുട്ടികൾക്ക് ഉണർവ്വ് ഏകുന്നതിന് ഇത് ഉപകരിച്ചിരുന്നു. ഒരു സ്കുളിലെ കായികാദ്ധ്യാപകൻ ഏതെങ്കിലുമെരു കായിക ഇനത്തിൻ്റെ കോച്ചല്ല മറിച്ച് തൻ്റെ സ്കുളിലെ മുഴുവൻ കുട്ടികളുടെയും കായികക്ഷമത ഉയർത്തുന്ന പ്രവർത്തനങ്ങൾ ചെയ്യുന്ന ആളാകണം. അതിന് സ്കുളുകളിൽ കുട്ടികളുടെ എണ്ണം നോക്കാതെ കായികാദ്ധ്യാപക നിയമനം ഉണ്ടാവണം.
ഇന്നു കാണുന്ന വിവാദങ്ങൾ അവസാനിപ്പിച്ച്, ശരീയായ ആരോഗ്യ കായിക വിദ്യാഭ്യാസം കുട്ടികൾക്ക് പ്രാപ്തമാക്കണം, അതിന് ആവശ്യമായ കായികാദ്ധ്യാപക നിയമനവും പഠിപ്പിക്കുന്നതിനുള്ള സമയവും നൽകണം.
കായിക പ്രവർത്തനങ്ങൾ വിദ്യാർത്ഥികളെ ധാർമ്മികത, മൂല്യങ്ങൾ, അച്ചടക്കം, പരസ്പര വിശ്വാസത്തിൻ്റെ ബോധം എന്നിവ പഠിപ്പിക്കുന്നു.സ്പോർട്സ്മാൻ്റെ ആത്മാവ് ജീവിതത്തിൻ്റെ വിവിധ ഘട്ടങ്ങളെ മനോഹരമായി കൈകാര്യം ചെയ്യാനും മയക്കുമരുന്ന്, ആത്മഹത്യ തുടങ്ങിയ തിന്മകളെ ഒഴിവാക്കാനും അവരെ സഹായിക്കുന്നു.
ശാരീരികവും, മാനസികവുമായ ആരോഗ്യത്തിനും, വ്യക്തിത്വ വികാസത്തിനും കായിക വിദ്യാഭ്യാസം അത്യന്താപേക്ഷിതമാണ്.ഇത് കുട്ടികളിൽ ശാരീരികക്ഷമതയും രോഗപ്രതിരോധ ശേഷിയും വർദ്ധിപ്പിക്കുന്നു. അതുപോലെ കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിലൂടെ, കുട്ടികളിൽ സാമൂഹിക ബന്ധങ്ങൾ, സഹകരണം നേതൃത്വഗുണം തുടങ്ങിയ കഴിവുകൾ വളർത്താനും ഇതു സഹായിക്കുന്നു.
ആരോഗ്യ കായിക വിദ്യാഭ്യാസത്തിൻ്റെ ഗുണങ്ങൾ…..
ശാരീരികക്ഷമതയും ആരോഗ്യവും – കായിക വിദ്യാഭ്യാസത്തിലൂടെ കുട്ടികളിൽ ശാരീരിക ക്ഷമതയും ആരോഗ്യവും വർദ്ധിക്കുന്നു. ഓട്ടം, ചാട്ടം, നീന്തൽ തുടങ്ങിയ ശാരീരിക പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതിലൂടെ പേശികൾ ബലപ്പെടുന്നു.ഹൃദയത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുന്നു.കൂടാതെ ശരീരഭാരം നിയന്ത്രിക്കാനും ഇത് സഹായിക്കുന്നു.
മാനസികാരോഗ്യം – കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ സന്തോഷം നൽകുന്ന ഹോർമോണുകൾ ഉൽപാദിപ്പിക്കപ്പെടുന്നു. ഇത് സമ്മർദ്ദവും ഉത്കണ്ഠയും കുറക്കാൻ സഹായിക്കുന്നു. അതുപോലെ ഏകാഗ്രത, ഓർമ്മശക്തി, പ്രശ്നപരിഹാര ശേഷി എന്നിവ മെച്ചപ്പെടുത്താനും ഇതു സഹായിക്കുന്നു.
സാമൂഹിക വികസനം – കായിക വിനോദങ്ങളിൽ ഏർപ്പെടുമ്പോൾ, കുട്ടികൾക്ക് സഹകരണ മനോഭാവം, ടീം വർക്ക്, നേതൃത്വഗുണം, അച്ചടക്കം തുടങ്ങിയ സാമൂഹിക കഴിവുകൾ സ്വായത്തമാക്കാൻ കഴിയും.
ജീവിത നൈപുണ്യങ്ങൾ – കായിക വിദ്യാഭ്യാസത്തിലൂടെ കുട്ടികൾക്ക് ജീവിതത്തിൽ അത്യാവശ്യമായ പല നൈപുണ്യങ്ങളും നേടാൻ കഴിയും. ഇതിൽ പ്രധാനപ്പെട്ടവയാണ്, ലക്ഷ്യബോധം, ആത്മവിശ്വാസം ,കഠിനാധ്വാനം, പരാജയങ്ങളെ അതിജീവിക്കാനുള്ള കഴിവ് എന്നിവ.
വിദ്യാഭ്യാസ പരമായ നേട്ടങ്ങൾ – കായിക വിനോദങ്ങളിൽ ഏർപ്പെടുന്നതിലൂടെ, പoനത്തിൽ കൂടുതൽ ഏകാഗ്രതയും, ശ്രദ്ധയും നേടാൻ കുട്ടികൾക്ക് കഴിയുന്നു.ഇത് അവരുടെ അക്കാദമിക് നിലവാരം മെച്ചപ്പെടുത്താനും കഴിയുന്നു.
ചുരുക്കത്തിൽ കായിക വിദ്യാഭ്യാസം കുട്ടികളുടെ ശാരീരികവും മാനസികവുമായ വളർച്ചക്ക് അത്യന്താപേക്ഷിതമാണ്.ഇത് ആരോഗ്യകരമായ ജീവിതശൈലിക്ക് അടിത്തറയിടുകയും, സാമൂഹികവും, വൈഞ്ജാനികവുമായ കഴിവുകൾ വികസിപ്പിക്കുകയും ചെയ്യുന്നു.
കായിക രംഗത്തും കഴിവുള്ള തലമുറയെ കണ്ടെത്തുന്നതിനും വളർത്തിയെടുക്കുന്നതിനും സാധിക്കുന്നു. ഇന്നത്തെ ഈ മേഖലയിലെ വിവാദങ്ങൾ അവസാനിപ്പിച്ച്, ആരോഗ്യമുള്ള തലമുറയെ വളർത്തിയെടുക്കുന്നതിന് സ്കുളുകളിൽ കായിക വിദ്യാഭ്യാസത്തിന് പ്രാധാന്യം നൽകുന്ന വിധത്തിൽ സ്ക്കൂൾ കരിക്കുലത്തിൽ ആവശ്യമായ മാറ്റങ്ങൾ വരുത്തുന്നതിന് വിദ്യാഭ്യാസ വകുപ്പ് തയ്യാറാവണം. കേരളത്തിലെ മാധ്യമങ്ങളും, രാഷ്ട്രിയ നേതൃത്വങ്ങളൂം, പൊതു സമൂഹവും ഈ വലിയൊരു ലക്ഷ്യം നേടുന്നതിനുള്ള പരിശ്രമങ്ങൾ ചെയ്യേണ്ടതാണ്.
റിട്ട. കായികാദ്ധ്യാപകനായ ലേഖകൻ(കെ.വി ദേവസ്യ) 2012ലെ ദേശീയ അദ്ധ്യാപക അവാർഡ് ജേതാവു കൂടിയാണ്.






