ഇടുക്കി: കൊന്നത്തടി പഞ്ചായത്തിൽ നടക്കുന്ന ജലജീവൻ മിഷന്റെ പ്രവർത്തനങ്ങളിലാണ് അഴിമതിയുള്ളതായി നാട്ടുകാർ ആരോപിക്കുന്നത്. കേന്ദ്ര- സംസ്ഥാന സർക്കാരുകൾ സംയുക്തമായി നടപ്പാക്കുന്ന ജലജീവൻ മിഷൻ പണികൾ തികച്ചും ഗുണമേന്മ ഇല്ലാത്ത വിധത്തിലാണ്നടക്കുന്നത്.
വൃത്തിയായി ടാറിംഗ് പൂർത്തീകരിച്ച റോഡിൻറെ വശങ്ങളിൽ കൂടി ട്രഞ്ച് വെട്ടി പൈപ്പുകൾ സ്ഥാപിച്ചാൽ അതിനുമുകളിൽ കോൺക്രീറ്റ് ചെയ്ത് ഉറപ്പാക്കണം എന്ന് വ്യവസ്ഥയുണ്ട്. എന്നാൽ കൊന്നത്തടി പഞ്ചായത്തിന്റെ വിവിധ മേഖലകളിൽ നടക്കുന്ന ഈ പ്രവർത്തനങ്ങൾ യാതൊരു ഗുണമേന്മയും ഇല്ലാത്ത വിധം ആണെന്നാണ് നാട്ടുകാരുടെ ആരോപണം.വേണ്ടത്ര സിമൻറ് ചേർക്കാതെയും മെറ്റൽ നാമമാത്രമായി ഉപയോഗിച്ച ശേഷം പാറപ്പൊടി കൂടുതലായി ചേർക്കുന്നതും ശ്രദ്ധയിൽ പെട്ടതോടെ കഴിഞ്ഞദിവസം നാട്ടുകാർ ഇടപെട്ട് ജോലികൾ തടഞ്ഞുവച്ചു.
ഒരു മീറ്റർ ആഴത്തിൽ ട്രെൻഡ് സ്ഥാപിച്ചു വേണം പൈപ്പിടാൻ എന്നും, മണ്ണിട്ട് മൂടിയ ഭാഗത്ത് 15 സെൻറീമീറ്ററിൽ കുറയാത്ത ഘനത്തിൽ കോൺക്രീറ്റ് ചെയ്യണമെന്നുമാണ് വ്യവസ്ഥ. എന്നാൽ പലയിടത്തും ഒന്നര അടി മാത്രം ആഴത്തിൽ പൈപ്പിട്ട ശേഷം ഏഴും എട്ടും സെൻറീമീറ്റർ ഘനത്തിൽ മാത്രമാണ് കോൺക്രീറ്റ് ചെയ്യുന്നത് എന്ന് പൊതുപ്രവർത്തകൻ മനേഷ് മോഹനൻ ആരോപിച്ചു. നിർമ്മാണ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കാൻ ജലസേചന വകുപ്പിന്റെയോ പഞ്ചായത്തിന്റെയോ സാങ്കേതിക വിഭാഗത്തിൽപ്പെട്ടവർ ആരുമില്ല. ഭരണകക്ഷിയിൽ പെട്ട ചില ആളുകളുടെ നിയന്ത്രണത്തിൽ മാത്രമാണ് കാര്യങ്ങൾ നീങ്ങുന്നത് എന്നും ആരോപണമുണ്ട്. കമ്പിളികണ്ടത്തേ മിനി സ്റ്റേഡിയത്തിൽ നിർമ്മാണ സാമഗ്രികൾ കൊണ്ട് ഇറക്കിയതോടെ വാഹനങ്ങൾ ഓടി ചെളി ഉണ്ടായതിനാൽ പ്രദേശത്തെ യുവാക്കളുടെ കായിക വിനോദങ്ങൾക്കും തടസ്സമായി. കൊന്നത്തടിയിലെ ജലജീവൻ മിഷൻ പ്രവർത്തനങ്ങളിൽ അധികൃതരുടെ ഇടപെടലും അന്വേഷണവും ഉണ്ടാവണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.






