Timely news thodupuzha

വിസ്തൃതി പരിഗണിക്കാതെ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം, ഹൈറേഞ്ചിന്റെ സ്വപ്നം സാക്ഷാത്കരിക്കപ്പെട്ടവെന്ന് മന്ത്രി റോഷി അ​ഗസ്റ്റിൻ

കട്ടപ്പന: ഹൈറേഞ്ചിന്റെ ഏറെ നാളായുള്ള ആവശ്യമായിരുന്ന ഷോപ്പ് സൈറ്റ് പട്ടയമെന്ന സ്വപ്നം സാക്ഷാത്കരിക്കപ്പെടുകയാണെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു. മന്ത്രിസഭാ യോഗത്തിലാണ് ഇതു സംബന്ധിച്ച തീരുമാനമായത്. കെട്ടിടങ്ങളുടെ വിസ്തൃതി പരിഗണിക്കാതെ തന്നെ പട്ടയം നൽകാമെന്നാണ് മന്ത്രിസഭാ യോഗത്തിൽ തീരുമാനമെടുത്തിരിക്കുന്നത്.

1977ന് മുമ്പ് വനഭൂമി കൈവശം വെച്ചു വരുന്നവർക്ക് കേന്ദ്രസർക്കാരിന്റെ അനുമതിയോടെ ഭൂമി പതിച്ചു നൽകാൻ 1993ലെ ഭൂപതിവ് ചട്ടം വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത്തരത്തിൽ ഭൂമി കൈവശം വെച്ച് വരുന്നവർ പലവിധ നിർമ്മാണ പ്രവർത്തനങ്ങളും നടത്തിയിട്ടുണ്ട്. ചട്ടപ്രകാരം ഷോപ്പ് സൈറ്റിന് പട്ടയം അനുവദിക്കാൻ വ്യവസ്ഥയുണ്ട്. ഈ സാഹചര്യത്തിലാണ് കൈവശ ഭൂമിയിൽ നിർമ്മാണ പ്രവർത്തികൾ നടത്തിയിട്ടുണ്ടെങ്കിൽ അതിന്റെ വിസ്തൃതി പരിഗണിക്കാതെ തന്നെ വസ്തുവിന് പട്ടയം നൽകാൻ മന്ത്രിസഭായോഗം അനുമതി നൽകിയത്.

1993 ലെ ചട്ടപ്രകാരം കൃഷിക്കും വീടു നിർമാണത്തിനും കടകൾക്കുമാണ് പട്ടയം നൽകുന്നത്. എന്നാൽ കട്ടപ്പനയിൽ ഷോപ്പ് സൈറ്റുകൾക്ക് പട്ടയം നൽകുന്ന കാര്യത്തിൽ അവ്യക്തത തുടരുകയായിരുന്നു. 2009 ലെ സർക്കാർ ഉത്തരവിന്റെ അടിസ്ഥാനത്തിൽ ചട്ടത്തിലെ, ഷോപ്പ് എന്നത് ചെറിയ കടകൾ എന്നാണ് വ്യാഖ്യാനിച്ചിരുന്നത്. ഇതിന്റെ അടിസ്ഥാനത്തിൽ കടകൾ സ്ഥിതി ചെയ്യുന്ന സ്ഥലത്തിന് പട്ടയം നൽകുന്ന കാര്യത്തിൽ അവ്യക്തത നിലനിന്നിരുന്നു. തുടർന്ന് നിരന്തരമായ ഇടപെടലുകളിലൂടെ വിഷയം ക്യാബിനറ്റിന്റെ പരിഗണനയിൽ കൊണ്ടുവരികയും ഈ അവ്യക്തത നീക്കി പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു എന്ന് മന്ത്രി റോഷി അഗസ്റ്റിൻ വ്യക്തമാക്കി.

കേരളത്തിലെയും അതോടൊപ്പം ഇടുക്കി ജില്ലയിലെയും ഭൂപ്രശ്‌നങ്ങൾ ഒന്നൊന്നായി പരിഹരിച്ചു വരുന്നതിന്റെ ഒടുവിലത്തെ തീരുമാനമാണ് ബുധനാഴ്ചത്തെ ഷോപ്പ് സൈറ്റ് പട്ടയവുമായുള്ള ബന്ധപ്പെട്ടുള്ള മന്ത്രിസഭാ യോഗ തീരുമാനം. 1960 ഭൂപതിവു നിയമത്തിന് കീഴിലുള്ള വിവിധ ചട്ടങ്ങൾ പ്രകാരം പതിച്ചു നൽകിയ വസ്തുവിൽ വീടു വയ്ക്കുന്നതിനും മറ്റു നിർമാണ പ്രവർത്തനങ്ങൾ നടത്തുന്നതിനും ഉണ്ടായിരുന്ന അവ്യക്തതകൾ പരിഹരിക്കുന്നതിനുള്ള നിരവധി ചട്ട നിർമാണങ്ങൾ ഇതിനോടകം തന്നെ നടത്തിയിരുന്നു.

ഇതിന്റെ അടുത്ത ഘട്ടമായാണ് ഇപ്പോൾ ഷോപ്പ് സൈറ്റ് പട്ടയങ്ങൾ സംബന്ധിച്ചുള്ള ആശയക്കുഴപ്പവും പരിഹരിച്ചിരിക്കുന്നതെന്ന് മന്ത്രി റോഷി അഗസ്റ്റിൻ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *