കൊച്ചി: കുപ്രസിദ്ധ കുറ്റവാളി ബാലമുരുകൻറെ കൂട്ടാളി ഇമ്രാൻ പിടിയിൽ. ഇടപ്പളളിയിലെ വീട് വളഞ്ഞാണ് ഇമ്രാനെ കൊച്ചി സിറ്റി ഡാൻസാഫ് സംഘം പിടികൂടിയത്. തമിഴ്‌നാട് പൊലീസിന് കൈമാറിയ ഇമ്രാനിൽ നിന്നാണ് ബാലമുരുകനെക്കുറിച്ച് വിവരം കിട്ടിയത്. തുടർന്നാണ് തെങ്കാശി മേഖല കേന്ദ്രീകരിച്ച് പൊലീസ് അന്വേഷണം നടത്തിയത്. വിയ്യൂർ ജയിലിൽ നിന്നും നിന്നും ചാടിയ ബാലമുരുകൻ ഒട്ടൻഛത്രത്തിലും കവർച്ച നടത്തിയിരുന്നു. കഴിഞ്ഞ മാസം 23-നായിരുന്നു കവർച്ച.
ഈ കേസിലെ കൂട്ടുപ്രതിയാണ് ഇമ്രാൻ. അതേസമയം, ബാലമുരുകന് തെങ്കാശിയിലെ പാറയിടുക്കിൽ വീണ് പരിക്കേറ്റതായാണ് റിപ്പോർട്ട്. തെങ്കാശിയിലെ കടയത്ത് മലയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പരിക്കേറ്റത്. പൊലീസ് അടുത്തെത്തിയതോടെ ബാലമുരുകൻ പാറയുടെ മുകളിൽ നിന്ന് എടുത്തുചാടുകയായിരുന്നു. ഇയാൾക്ക് ഗുരുതര പരിക്കേറ്റതായാണ് വിവരം. ഇയാളെ രക്ഷപ്പെടുത്തി കസ്റ്റഡിയിലെടുക്കുന്നത് അടുത്ത ദിവസത്തേക്ക് മാറ്റി. നിലവിൽ രക്ഷാദൗത്യത്തിലേക്ക് കടന്നാൽ പൊലീസിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലിലാണ് തീരുമാനം. ഭാര്യയെ കാണാൻ വേണ്ടിയാണ് ബാലമുരുകൻ തെങ്കാശിയിലെത്തിയത്.
അമ്പതോളം വരുന്ന പൊലീസുകാരെ വെട്ടിച്ച് ബാലമുരുകൻ കുന്നിൽ മുകളിലേക്ക് ഓടിരക്ഷപ്പെടുകയായിരുന്നു. ബാലമുരുകനു പിന്നാലെ മലയിലേക്ക് ഓടിയ അഞ്ച് പൊലീസുകാർ ഏറെ നേരം ഇറങ്ങാൻ കഴിയാതെ കുടുങ്ങിക്കിടന്നു. ഒടുവിൽ ഫയർഫോഴ്‌സ് എത്തിയാണ് മലയിൽ കുടുങ്ങിയ പൊലീസുകാരെ താഴെയിറക്കിയത്.
തെങ്കാശി സ്വദേശി ബാലമുരുകൻ കൊലപാതകം ഉൾപ്പെടെ 53-ലധികം കേസുകളിൽ പ്രതികളാണ്. കഴിഞ്ഞ മാസം ബന്തക്കുടിയിലെ കേസുമായി ബന്ധപ്പെട്ട് വിയ്യൂർ ജയിലിൽ നിന്നും തമിഴ്‌നാട് പൊലീസ് ഇയാളെ കൊണ്ടുപോവുകയായിരുന്നു.
തമിഴ്‌നാട്ടിലെ കേസിൽ കോടതിയിൽ ഹാജരാക്കാനായിരുന്നു തമിഴ്‌നാട് പൊലീസ് എത്തി കൂട്ടിക്കൊണ്ട് പോയത്. തിരികെ ജയിലിലേക്ക് കൊണ്ടുവരുന്നതിനിടെയാണ് ബാലമുരുകൻ രക്ഷപ്പെട്ടത്. മൂത്രമൊഴിക്കണമെന്ന് ആവശ്യപ്പെട്ട് മൂന്ന് പൊലീസുകാരുടെ സുരക്ഷയിൽ പുറത്തിറങ്ങിയ ബാലമുരുകൻ അവരെ തളളിവീഴ്ത്തി രക്ഷപ്പെടുകയായിരുന്നു.






