Timely news thodupuzha

കൊച്ചി കോർപ്പറേഷൻ മേയറായി അഡ്വ. വി.കെ മിനിമോൾ ചുമതലയേറ്റു

എറണാകുളം: കൊച്ചി കോർപ്പറേഷൻ മേയറായി അഡ്വ. വി.കെ മിനിമോൾ അധികാരമേറ്റു. കോർപ്പറേഷൻ ഓഫീസിൽ നടന്ന സത്യപ്രതിജ്ഞ ചടങ്ങിൽ ജില്ലാ കളക്ടർ ജി പ്രിയങ്ക സത്യ വാചകം ചൊല്ലിക്കൊടുത്തു. പുതിയ കോർപ്പറേഷൻ ഓഫീസിൽ സത്യപ്രതിജ്ഞ ചെയ്ത് ചുമതല ഏൽക്കുന്ന ആദ്യ മേയറാണ് പാലാരിവട്ടം ഡിവിഷനിൽ നിന്ന് വിജയിച്ച മിനിമോൾ.

ആകെ 76 കൗൺസിലർമാർ ഉള്ള കോർപ്പറേഷനിൽ 48 വോട്ടുകളായിരുന്നു യു.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന മിനിമോൾക്ക് ലഭിച്ചത്. കുന്നുംപുറം ഡിവിഷനിൽ നിന്ന് വിജയിച്ച അംബിക സുദർശനായിരുന്നു എൽ.ഡി.എഫ് സ്ഥാനാർഥി. 22 വോട്ടുകളാണ് അംബികക്ക് ലഭിച്ചത്. എൻ.ഡി.എ സ്ഥാനാർത്ഥിയായിരുന്ന അമരാവതി ഡിവിഷൻ കൗൺസിലർ അഡ്വ. പ്രിയ പ്രശാന്തിന് ആറ് വോട്ടുകൾ ലഭിച്ചു.

വെള്ളിയാഴ്ച രാവിലെ 10.30നായിരുന്നു തിരഞ്ഞെടുപ്പ് നടപടികൾ തുടങ്ങിയത്. ജില്ലാ കളക്ടറുടെ നേതൃത്വത്തിലായിരുന്നു നടപടിക്രമങ്ങൾ. രഹസ്യ ബാലറ്റിലൂടെയായിരുന്നു വോട്ടെടുപ്പ് നടത്തിയത്. തിരഞ്ഞടുപ്പ് പൂർത്തിയായതിന് പിന്നാലെ 11.15ന് വോട്ടെണ്ണൽ ആരംഭിച്ചു. വോട്ടെണ്ണലിന് ശേഷം ജില്ലാ കളക്ടർ വിജയിയെ പ്രഖ്യാപിച്ചു. തുടർന്ന് മേയറെ ഗൗൺ അണിയിച്ചു. വലിയ ഉത്തരവാദിത്വമാണ് കൊച്ചിയിലെ ജനത ഏൽപ്പിച്ചിട്ടുള്ളതെന്നും അവരുടെ ആഗ്രഹത്തിനനുസരിച്ച് പ്രവർത്തിക്കുമെന്നും സത്യപ്രതിജ്ഞക്ക് ശേഷം മിനിമോൾ പറഞ്ഞു.

Leave a Comment

Your email address will not be published. Required fields are marked *