Timely news thodupuzha

കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയെന്ന് നിയമസഭ ചീഫ് വിപ്പ് അപു ജോൺ ജോസഫ് എം.എൽ.എ

തൊടുപുഴ: ലോകമെമ്പാടും ഭാഗ്യക്കുറി സമ്പ്രദായമുണ്ടെങ്കിലും സർക്കാർ നേരിട്ട് നടത്തുന്ന രാജ്യത്തെ ഏക ഭാഗ്യക്കുറിയായ കേരള സംസ്ഥാന ഭാഗ്യക്കുറി രാജ്യത്തിന് മാതൃകയാണെന്ന് ഗവ. ചീഫ് വിപ്പ് അപു ജോൺ ജോസഫ്. തിരുവോണം ബമ്പർ ഭാഗ്യക്കുറിയുടെ ഇടുക്കി ജില്ലാ തല പ്രകാശനവും ആദ്യ വിൽപ്പനയും നിർവഹിക്കുകയായിരുന്നു അദ്ദേഹം. രണ്ടു ലക്ഷത്തിലധികം തൊഴിലാളികൾക്ക് നേരിട്ടും അല്ലാതെയും ജോലി നൽകുന്ന കേരള സംസ്ഥാന ഭാഗ്യക്കുറി മികച്ച പ്രവർത്തനമാണ് കാഴ്ച വെക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ജില്ലയിലെ ഏറ്റവും മുതിർന്ന ഏജന്റായ കെ എസ് ശിവരാമന് ടിക്കറ്റ് നൽകിക്കൊണ്ട് ആദ്യ വിൽപ്പന ഉദ്ഘാടനം ചെയ്തു.

വാർഡ് കൗൺസിലർ ആതിര ജോഷി അധ്യക്ഷത വഹിച്ചു. ജി എസ് ടി തുക 40% ശതമാനമായി വർധിപ്പിച്ചിട്ടും ടിക്കറ്റ് വില വർധിപ്പിക്കാതെ സമ്മാന തുക വർധിപ്പിച്ച സർക്കാർ നടപടി അഭിനന്ദനീയമാണെന്ന് ആതിര ജോഷി അഭിപ്രായപ്പെട്ടു. ഇടുക്കി ജില്ലാ ഭാഗ്യക്കുറി ഓഫീസർ ക്രിസ്റ്റി മൈക്കിൾ സ്വാഗതം ആശംസിച്ചു. ഗിരീഷ് കുമാർ ജി, കെ എസ് ദേവകുമാർ, അനുഷൻ കുളമാവ്, ബി അജിത്കുമാർ, തങ്കച്ചൻ കാരക്കവയലിൽ, കെ കെ ഗോപാലകൃഷ്ണൻ, അസി. ജില്ലാ ഭാഗ്യക്കുറി ഓഫീസർ പ്രിയ എ എസ് തുടങ്ങിയവർ സംസാരിച്ചു. ജില്ലാ ക്ഷേമനിധി ഓഫീസർ ജോസഫ് സൈമൺ നന്ദി അറിയിച്ചു. ഏജന്റുമാർ, വിൽപ്പനക്കാർ, ഭാഗ്യക്കുറി വകുപ്പ് ജീവനക്കാർ ഉൾപ്പെടെ ചടങ്ങിൽ പങ്കെടുത്തു.

സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പേപ്പർ ലോട്ടറി ടിക്കറ്റുകൾ മാത്രമേ വിപണനത്തിനായി എത്തിക്കുന്നുള്ളൂയെന്നും, വാട്ട്സ് ആപ് തുടങ്ങിയ സമൂഹ മാധ്യമങ്ങൾ വഴി ടിക്കറ്റ് വാങ്ങി പൊതു ജനങ്ങൾ വഞ്ചിക്കപ്പെടരുതെന്നും ലോട്ടറി വകുപ്പ് അധികൃതർ അറിയിച്ചു.

Leave a Comment

Your email address will not be published. Required fields are marked *