ഇടുക്കി: മഴക്കെടുതിയിൽ വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കാൻ ഭൂമി കണ്ടെത്താൻ തീരുമാനം. മഴക്കെടുതിയുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലയുടെ ചുമതലയുള്ള മന്ത്രി അനൂപ് ജേക്കബിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. കനത്ത മഴയിലും മണ്ണിടിച്ചിലിലും വീടും സ്ഥലവും വാസയോഗ്യമല്ലാതായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിന് സർക്കാർ ഭൂമി കണ്ടെത്താൻ മന്ത്രി നിർദേശം നൽകി. ലഭ്യമായ റവന്യൂ ഭൂമി സംബന്ധിച്ച് വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിച്ച് തുടർനടപടികൾ സ്വീകരിക്കും. റവന്യൂ ഭൂമിയുടെ ലഭ്യത സംബന്ധിച്ച് പരിശോധന നടത്താൻ സഹസിൽദാർമാർക്കും വില്ലേജ് ഓഫീസർമാർക്കും നിർദേശം നൽകും.
റോയ് കെ. പൗലോസ് എംഎൽഎയാണ് യോഗത്തിൽ വിഷയം ഉന്നയിച്ചത്. വിവിധ ക്യാമ്പുകളിലായി കഴിയുന്ന 23 കുടുംബങ്ങൾക്ക് സ്വന്തം വീടുകളിലേക്ക് തിരിച്ചുപോകാൻ കഴിയാത്ത സ്ഥിതിയാണെന്ന് എംഎൽഎ അറിയിച്ചു. ക്യാമ്പിൽ നിന്ന് തിരിച്ചുപോകാൻ കഴിയാത്തവർക്കായി വാടക വീട് ലഭ്യമാക്കുന്നതിന് പഞ്ചായത്തുകളെ ചുമതലപ്പെടുത്തി.
മഴയിൽ തകർന്ന റോഡുകൾ യുദ്ധകാലാടിസ്ഥാനത്തിൽ പുനർനിർമ്മിക്കാനും യോഗത്തിൽ തീരുമാനമായി. ആകെ 117 റോഡുകൾ തകർന്നു. പൊതുമരാമത്ത് വകുപ്പിന്റെ ഉടമസ്ഥതയിലുള്ള 46 റോഡുകളും തദ്ദേശ സ്വയംഭരണ വകുപ്പിന്റെ 71 റോഡുകളുമാണ് തകർന്നത്. പൊതുമരാമത്ത് വകുപ്പ് റോഡുകൾക്ക് 9 കോടിയുടെ നാശനഷ്ടവും തദ്ദേശ സ്വയംഭരണ വകുപ്പിന്റേത് 74 ലക്ഷം രൂപയുടെ നാശവുമാണ് നിലവിൽ കണക്കാക്കിയിരിക്കുന്നത്. കനത്ത മഴയിൽ ജില്ലയിൽ 33 ഹെക്ടർ കൃഷിനാശമാണുണ്ടായത്. ഏകദേശം 1.36 കോടിയുടെ നാശനഷ്ടമാണ് കാർഷിക വിളകൾക്കുണ്ടായത്. കൃഷിനാശം സംബന്ധിച്ച വിശദമായ റിപ്പോർട്ട് സമർപ്പിക്കാനും മന്ത്രി നിർദേശിച്ചു.
സംസ്ഥാന ഹൈവേകളിലും പൊതുമരാമത്ത് റോഡുകളിലും മഴയെ തുടർന്ന് അടിഞ്ഞുകൂടിയിട്ടുള്ള ചെളിയും മണ്ണും നീക്കം ചെയ്യുന്നതിനുള്ള നടപടി ഉടൻ പൂർത്തിയാക്കും. ദുരിതാശ്വാസ ക്യാമ്പുകളിൽ നിന്ന് നിലവിൽ പരാതികളൊന്നും ലഭിച്ചിട്ടില്ലെന്ന് മന്ത്രി അറിയിച്ചു. തുടർന്നും ക്യാമ്പുകളിൽ ആവശ്യമായ എല്ലാ ക്രമീകരണങ്ങളും ഒരുക്കും. മഴയുടെ ശക്തി കുറയുന്ന സാഹചര്യത്തിൽ ക്യാമ്പുകൾ പിരിച്ചുവിട്ടാലും എപ്പോൾ വേണമെങ്കിലും ക്യാമ്പുകൾ തുറക്കാൻ കഴിയുന്ന വിധത്തിൽ സജ്ജമായിരിക്കണം. അപകടങ്ങളിൽ ഗുരുതര പരിക്കേറ്റവർക്കും ജീവനും ഭൂമിയും നഷ്ടമായവർക്കും സഹായമെത്തിക്കുന്നതിന് സർക്കാർതലത്തിൽ ഉടൻ പ്രഖ്യാപനമുണ്ടാകുമെന്നും മന്ത്രി അറിയിച്ചു.
മൂന്നാറിൽ അതീവ ജാഗ്രത പുലർത്താൻ യോഗം തീരുമാനിച്ചു. ദേശീയപാതയുടെ നിർമ്മാണം നടക്കുന്ന സ്ഥലങ്ങളിൽ മണ്ണിടിച്ചിൽ സാധ്യതയുള്ള പ്രദേശങ്ങളിൽ സംയുക്ത പരിശോധന നടത്തും. ദുരന്തനിവാരണ വിഭാഗം ഹസാർഡ് അനലിസ്റ്റ്, മണ്ണ് സംരക്ഷണ ഓഫീസർ, ജിയോളജിസ്റ്റ്, പൊതുമരാമത്ത് വകുപ്പിന്റെയും ദേശീയപാത അതോറിറ്റിയുടെയും എൻജിനീയർമാർ എന്നിവരടങ്ങുന്ന സംഘമാകും പരിശോധന നടത്തുക. ദേവികുളം സബ് കളക്ടർ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കും.
ജില്ലയിലെ ഡാമുകളിലെ ജലനിരപ്പിൽ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് കെഎസ്ഇബിയും ഇറിഗേഷൻ വകുപ്പും യോഗത്തിൽ അറിയിച്ചു. മലങ്കര ഡാമിൽ നിലവിൽ ജലനിരപ്പ് കുറയുകയാണ്. 40.56 മീറ്ററാണ് 12 മണിവരെയുള്ള കണക്ക് പ്രകാരം ജലനനിരപ്പ്. 42 മീറ്ററാണ് ഡാമിലെ ഫുൾ റിസർവോയർ ലെവൽ. നിലവിൽ 5 ഷട്ടറുകൾ 50 മീറ്റർ ഉയർത്തിയിട്ടുണ്ട്. മുവാറ്റുപുഴയാറിലെ ജലനിരപ്പ് കുറയുന്ന സാഹചര്യത്തിൽ ഷട്ടറുകൾ കൂടുതൽ ഉയർത്തുന്നതുമായി ബന്ധപ്പെട്ട് മുവാറ്റുപുഴ ആർഡിഒയുമായും തഹസിൽദാറുമായും ചർച്ച ചെയ്ത് തീരുമാനമെടുക്കാൻ യോഗം നിർദേശിച്ചു. ഇടുക്കി ഡാമിലെ ജലനിരപ്പിലും ആശങ്കപ്പെടേണ്ടതില്ല. കഴിഞ്ഞ വർഷം ഇതേസമയത്ത് 70% ആയിരുന്ന ജലനിരപ്പ് നിലവിൽ 43% മാത്രമാണ്. ഇടുക്കി ഡാമിൽ വൈദ്യുതി ഉത്പാദനം ഇല്ലാതിരുന്നതിനാലാണ് മലങ്കര ഡാമിൽ അധികം വെള്ളമെത്താതിരുന്നതും കൃത്യമായ ക്രമീകരണം ഏർപ്പെടുത്താൻ കഴിഞ്ഞതെന്നും വിലയിരുത്തി.
മുല്ലപ്പെരിയാർ ഡാമിൽ നിന്ന് കൂടുതൽ വെള്ളം തമിഴ്‌നാട് എടുക്കുന്നത് ഗുണകരമായിരിക്കുമെന്ന് യോഗം വിലയിരുത്തി. ഇതുസംബന്ധിച്ച് റിപ്പോർട്ട് തയാറാക്കി സർക്കാരിന് സമർപ്പിക്കും. നിലവിൽ 119.75 അടിയാണ് ഡാമിലെ ജലനിരപ്പ്.
റോഡിന്റെ വശങ്ങളിൽ അപകടകരമായ സ്ഥിതിയിലുള്ള മരങ്ങൾ ഉടൻ മുറിച്ചുനീക്കണമെന്ന് ഡീൻ കുര്യോക്കോസ് എംപി ആവശ്യപ്പെട്ടു. മരം മുറിക്കുന്നതിന് കാലതാമസം ഉണ്ടാകില്ലെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
മൂന്നാറിലെ അപകടാവസ്ഥയിലുള്ള പാലവും അപ്രോച്ച് റോഡിന്റെയും പുനരുദ്ധാരണം സംബന്ധിച്ച നടപടികൾ വേഗത്തിലാക്കും. അപ്രോച്ച് റോഡ് പുനസ്ഥാപിക്കുന്നതിനുള്ള നടപടികൾ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കലുങ്കുകളും ഓടകളും തുറന്ന് നീരൊഴുക്ക് സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കാനും പൊതുമരാമത്ത് വകുപ്പിന് നിർദേശം നൽകി. കോട്ടയം-കുമളി റോഡിന്റെ അപകടാവസ്ഥ സംബന്ധിച്ച് പരിശോധന നടത്തും.
ഓൺലൈനായി ചേർന്ന യോഗത്തിൽ എംഎൽഎമാരായ സേനാപതി വേണു, എഫ്. രാജ, സിറിയക് തോമസ്, ജില്ലാ കളക്ടർ ഡോ. ദിനേശൻ ചെറുവാട്ട്, ദേവികുളം സബ് കളക്ടർ വി.എം. ആര്യ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.






