Timely news thodupuzha

പാമ്പാടുംപാറ അമ്പിളി വധക്കേസ്: പ്രതി തങ്കച്ചൻ കുറ്റക്കാരനെന്ന് കോടതി; ശിക്ഷ തിങ്കളാഴ്ച വിധിക്കും

തൊടുപുഴ: നാടിനെ നടുക്കിയ പാമ്പാടുമ്പാറ കോഴിമല അമ്പിളി കൊലപാതക കേസിൽ പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയെ (തങ്കച്ചൻ) തൊടുപുഴ പ്രിൻസിപ്പൽ സെഷൻസ് കോടതി ജഡ്ജി സനു എസ് പണിക്കർ കുറ്റക്കാരനായി കണ്ടെത്തി. പ്രതിയെ കോടതി റിമാൻഡ് ചെയ്തു. ശിക്ഷ തിങ്കളാഴ്ച (ഓഗസ്റ്റ് 17) വിധിക്കും. പ്രമാദമായ കേസിൽ സാഹചര്യ തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി ഹാജരാക്കാൻ പ്രോസിക്യൂഷന് സാധിച്ചു.

2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെടുന്നത്. കട്ടപ്പന കടമാകുഴി ഭാഗത്തുള്ള കണ്ണമുണ്ട ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്പിളി. ഈ തോട്ടത്തിലെ സൂപ്പർവൈസറായിരുന്നു ഭാര്യയും മക്കളുമുള്ള പ്രതിയായ തങ്കച്ചൻ. ഇരുവരും തമ്മിൽ അടുപ്പത്തിലാവുകയും അമ്പിളി ഗർഭിണിയാകുകയും ചെയ്തു. ഗർഭവിവരം പുറത്തറിഞ്ഞാൽ തന്റെ കുടുംബജീവിതത്തിനും സത്പേരിനും കളങ്കമുണ്ടാകുമെന്ന് ഭയന്ന തങ്കച്ചൻ അമ്പിളിയെ വകവരുത്താൻ തീരുമാനിക്കുകയായിരുന്നു.

കൊലപാതകത്തിനായി മുൻകൂട്ടി പ്ലാൻ ചെയ്ത പ്രതി കട്ടപ്പനയിൽ നിന്ന് പ്ലാസ്റ്റിക് കയറും നീല പടുതയും വാങ്ങി ബിഗ് ഷോപ്പറിലാക്കി ഓട്ടോറിക്ഷയിൽ പാമ്പാടുമ്പാറ ആനകുത്തി ഭാഗത്തെത്തിച്ചു. തുടർന്ന്, ജോലിക്ക് പോകുന്നു എന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ അമ്പിളിയെ ഫോണിൽ വിളിച്ച് ആനകുത്തിയിലേക്ക് വരുത്തിച്ചു. തുടർന്ന് വിജനമായ തോട്ടത്തിലെത്തിച്ച്, കയ്യിൽ കരുതിയിരുന്ന പ്ലാസ്റ്റിക് കയറുകൊണ്ട് അമ്പിളിയെ കഴുത്തു ഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തെളിവ് നശിപ്പിക്കുന്നതിനായി മൃതദേഹം നീലപടുതയിൽ പൊതിഞ്ഞ് കല്ലുകെട്ടി തോട്ടത്തിലെ കുളത്തിൽ താഴ്ത്തി.മകളെ കാണാതായതിനെ തുടർന്ന് അമ്പിളിയുടെ പിതാവ് പ്രഭാകരൻ കട്ടപ്പന പോലീസിൽ പരാതി നൽകി. അന്വേഷണം നടക്കുന്നതിനിടയിൽ പ്രതി തങ്കച്ചൻ വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.ജനുവരി 14-ന് പാമ്പാടുമ്പാറ കാപ്പിത്തോട്ടത്തിലെ കുളത്തിൽ ദുർഗന്ധം വമിക്കുന്ന രീതിയിൽ നീല പടുതാക്കെട്ട് കണ്ട തൊഴിലാളികൾ വണ്ടൻമേട് പോലീസിനെ വിവരമറിയിച്ചു. പോലീസ് നടത്തിയ പരിശോധനയിൽ ഒരു സ്ത്രീയുടെയും പൊക്കിൾക്കൊടി ബന്ധം അറ്റുപോകാത്ത കുഞ്ഞിന്റെയും മൃതദേഹങ്ങൾ കണ്ടെത്തി. തുടർന്നുള്ള ശാസ്ത്രീയ പരിശോധനയിലും ഡി.എൻ.എ പരിശോധനയിലും കൊല്ലപ്പെട്ടത് അമ്പിളിയാണെന്നും, നവജാതശിശുവിന്റെ പിതാവ് പ്രതിയായ തങ്കച്ചൻ തന്നെയാണെന്നും തെളിഞ്ഞു. ദൃക്സാക്ഷികളില്ലാതിരുന്ന കേസിൽ സാഹചര്യ-ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷന് കരുത്തായത്. അന്നത്തെ കട്ടപ്പന സർക്കിൾ ഇൻസ്പെക്ടറും നിലവിൽ കട്ടപ്പന ഡിവൈഎസ്പിയുമായ റെജി എം. കുന്നിപ്പറമ്പന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് കുറ്റപത്രം കോടതിയിൽ സമർപ്പിച്ചത്.കേസിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 302 (കൊലപാതകം), 201 (തെളിവ് നശിപ്പിക്കൽ) എന്നീ വകുപ്പുകൾ പ്രകാരമാണ് പ്രതി കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്. പ്രോസിക്യൂഷൻ ഭാഗത്തുനിന്നും 32 സാക്ഷികളെ വിസ്തരിക്കുകയും 52 പ്രമാണങ്ങളും 23 തൊണ്ടിമുതലുകളും കോടതിയിൽ ഹാജരാക്കുകയും ചെയ്തു.പ്രോസിക്യൂഷനു വേണ്ടി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടർ അഡ്വ. സനീഷ് എസ്. എസ്. ഹാജരായി. പ്രോസിക്യൂഷൻ നടപടികൾ ഏകോപിപ്പിക്കുന്നതിന് ലൈസൺ ഓഫീസർ രമേഷ്, പ്രോസിക്യൂഷൻ സഹായികളായി പോലീസുകാരായ ഇർഷാദ്, സൂരജ് എന്നിവരും പ്രവർത്തിച്ചു.

Leave a Comment

Your email address will not be published. Required fields are marked *