തിരുവനന്തപുരം: കരകൗശലത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി വനിത; തിരുവനന്തപുരം ഇടപ്പഴിഞ്ഞി സ്വദേശിനി ലേഖ രാധാകൃഷ്ണന് ലോക അംഗീകാരം മനസ്സുവെച്ചാൽ ഏത് കൊടുമുടിയും കീഴടക്കാം എന്ന് തെളിയിച്ച് തിരുവനന്തപുരം സ്വദേശിനി. ഇടപ്പഴിഞ്ഞി സി.എസ്.എം നഗർ സ്വദേശിനി ലേഖ രാധാകൃഷ്ണനാണ് കരകൗശല രംഗത്ത് വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് സ്വന്തമാക്കി കേരളത്തിന് അഭിമാനമായിരിക്കുന്നത്. സ്വന്തം കൈകൾ കൊണ്ട് 1535 വ്യത്യസ്ത തരം ഹെയർ ക്ലിപ്പുകൾ നിർമ്മിച്ചാണ് ലേഖ ഈ അപൂർവ്വ നേട്ടം കൈവരിച്ചത്. ഗിന്നസ് വേൾഡ് റെക്കോർഡ്സിന്റെ ഔദ്യോഗിക അംഗീകാരവും സർട്ടിഫിക്കറ്റും ലേഖയ്ക്ക് ലഭിച്ചു. മത്സ്യത്തിന്റെ ചെതുമ്പൽ ഉൾപ്പെടെയുള്ള പാഴ് വസ്തുക്കൾ ഉപയോഗിച്ച് 500-ലധികം കരകൗശല ഉൽപ്പന്നങ്ങൾ നിർമ്മിച്ചിട്ടുള്ള ലേഖ, പരിസ്ഥിതി സൗഹൃദ കരകൗശല രംഗത്തെ മാതൃകയാണ്. കേരള സർക്കാരിന്റെ ജില്ലാതല കരകൗശല മികവിനുള്ള ഒന്നാം സ്ഥാനം, യുനെസ്കോ റെക്കോർഡ് ഉൾപ്പെടെ നിരവധി പുരസ്കാരങ്ങൾ ഇതിനോടകം ലേഖയെ തേടിയെത്തിയിട്ടുണ്ട്.കരകൗശല വിദഗ്ധ കൂടാതെ പ്രശസ്ത മോട്ടിവേഷണൽ സ്പീക്കറായും പ്രവർത്തിക്കുന്ന ലേഖ, തന്റെ സൃഷ്ടികളും പ്രചോദനാത്മക സന്ദേശങ്ങളും “Lekha’s Galleria” എന്ന യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നു. ഇടപ്പഴിഞ്ഞി ഹൗസ് നമ്പർ 41-ൽ ഇതേ പേരിൽ ഒരു ആർട്ട് ഗാലറിയും ലേഖ നടത്തി വരുന്നു. ട്രാക്കോ കേബിൾ കമ്പനിയിൽ സീനിയർ മാനേജരായി സേവനമനുഷ്ഠിച്ച ലേഖ ഇപ്പോൾ തിരുവനന്തപുരത്ത് ലെയ്സൺ ഓഫീസറായി ജോലി ചെയ്യുന്നു. വ്യവസായ വകുപ്പ് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച ഇടപ്പഴിഞ്ഞി രാധാകൃഷ്ണനാണ് ഭർത്താവ്. മകൻ വിഷ്ണു ജർമ്മനിയിൽ ഉദ്യോഗസ്ഥനും മകൾ ഡോ. അനുജയുമാണ്. മരുമകൾ ചാന്ദ്നി ഗായികയും മരുമകൻ ഹരി കല്ലിക്കാട്ട് ഐ.എ.എസ് ഉദ്യോഗസ്ഥനുമാണ്. കൂടുതൽ വിവരങ്ങൾക്ക്: ലേഖ രാധാകൃഷ്ണൻ, ഇടപ്പഴിഞ്ഞി. ഫോൺ: 949 582 6922.
കരകൗശലത്തിൽ വ്യക്തിഗത ഗിന്നസ് വേൾഡ് റെക്കോർഡ് നേടി മലയാളി വനിത






