കല്‍പ്പറ്റ: വയനാട് ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ബി.ജെ.പി രാഷ്ട്രീയം കലര്‍ത്തുകയാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. സിഎംഡിആര്‍എഫിലേക്ക് സംഭാവന നല്‍കുന്നതിനെതിരായ കെ.പി.സി.സി പ്രസിഡന്റിന്റെ പ്രസ്താവന തള്ളിയ അദ്ദേഹം വി.എം സുധീരനും രമേശ് ചെന്നിത്തലയും നല്‍കിയ സംഭാവനകളെ പിന്തുണച്ച് സംസാരിക്കുകയും ചെയ്തു. സംസ്ഥാന സര്‍ക്കാരിനെ വിമര്‍ശിക്കേണ്ട സമയമല്ല ഇത്. ദുരന്തത്തെ രാഷ്ട്രീയ വത്ക്കരിക്കേണ്ടതില്ല.
വയനാട് ദുരന്തത്തെ കേന്ദ്രസര്‍ക്കാര്‍ എന്തുകൊണ്ടാണ് ദേശീയ ദുരന്തമായി പ്രഖ്യാപിക്കാത്തതെന്ന് അറിയില്ല. ദേശീയ ദുരന്തമായി പ്രഖ്യാപിക്കണമെന്ന് രാജ്യസഭയിലും ലോക്സഭയിലും എംപിമാര്‍ സമ്മര്‍ദം ചെലുത്തുന്നുണ്ട്.മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് എല്ലാവരും സംഭാവന നല്‍കണം.അതിന്റെ കണക്കുകള്‍ സുതാര്യമാണെന്നും അദ്ദേഹം പറഞ്ഞു.
സി.എം.ഡി.ആര്‍.എഫിലേക്ക് എല്ലാവരും സംഭാവന നല്‍കണമെന്നും ജനത്തിന് ഈ ഫണ്ടുമായി ബന്ധപ്പെട്ടുള്ള സംശയങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നീക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ദുരിതബാധിതര്‍ക്കായി കെ.പി.സി.സി നൂറ് വീട് വച്ച് നല്‍കുമെന്നും വി.ഡി സതീശന്‍ പറഞ്ഞു.