ബാംഗ്ലൂർ: ക്രിക്കറ്റിലെ ഇന്ത്യൻ പ്രീമിയർ ലീഗ് (ഐപിഎൽ) ടീം റോയൽ ചലഞ്ചേഴ്സ് ബംഗളുരൂവിൻറെ കിരീട വിജയാഘോഷത്തിനിടെ ബംഗളൂരു ചിന്നസ്വാമി സ്റ്റേഡിയത്തിന് പുറത്തുണ്ടായ തിക്കിലും തിരക്കിലും പെട്ട് 11 പേരുടെ മരണത്തിനിടയാക്കിയ പരിപാടി ആർസിബി സംഘടിപ്പിച്ചത് പൊലീസിൻറെ നിർദേശം തള്ളി കൊണ്ടെന്ന് ഡിജിപിയുടെ റിപ്പോർട്ട്. രണ്ട് നിർദേശങ്ങളായിരുന്നു പരുപാടിയുമായി ബന്ധപ്പെട്ട് പൊലീസ് മുന്നോട്ടുവച്ചത്. ഒന്നുകിൽ പരിപാടി സ്റ്റേഡിയത്തിൻറെ ഒരു ഭാഗത്ത് ചുരുങ്ങിയ ആളുകളെ മാത്രം ഉൾപ്പെടുത്തി നടത്തണം.
അതല്ലെങ്കിൽ വിജയാഘോഷം ഞായറാഴ്ചത്തേക്ക് മാറ്റണമെന്നായിരുന്നു നിർദേശം. എന്നാൽ വിദേശതാരങ്ങൾക്കും ഇന്ത്യയിലെ മറ്റ് സംസ്ഥാനങ്ങളിൽനിന്നുള്ള താരങ്ങൾക്കും ഉടൻ മടങ്ങണമെന്ന് ആർസിബി അധികൃതർ അറിയിച്ചു. കൂടാതെ, ഞായറാഴ്ചത്തേക്ക് പരിപാടി മാറ്റിവച്ചാൽ വിജയാഘോഷത്തിൻറെ തിളക്കം കുറയുമെന്നും അധികൃതർ പറഞ്ഞു. എന്നാൽ ചുരുങ്ങിയ സമയത്തിനുള്ളിൽ വിപുലമായ സുരക്ഷാക്രമീകരണം ഒരുക്കാൻ പരിമിതിയുണ്ടെന്ന് പൊലീസ് അറിയിച്ചെങ്കിലും ഇതെല്ലാം മറികടന്ന് പരിപാടി സംഘടിപ്പിച്ചതാണ് ദുരന്തത്തിന് വഴിവച്ചത്.
പിന്നാലെ 5,000 ത്തോളം പൊലീസുകാരെ വിന്യസിച്ചിരുന്നെങ്കിലും സ്ഥിതിഗതികൾ നിയന്ത്രിക്കാനായില്ല. ഇതിനിടെ ആരാധകർക്ക് ഫ്രീ പാസ് ഉണ്ടാകുമെന്ന് സമൂഹമാധ്യമങ്ങൾ വഴി പ്രചരിച്ചതും കൂടുതൽ പേർ സ്റ്റേഡിയത്തിൽ എത്താൻ കാരണമായി. സംഭവത്തിൽ പ്രാഥമിക റിപ്പോർട്ട് ഡിജിപി മുഖ്യമന്ത്രിക്ക് സമർപ്പിച്ചു.






