ആലപ്പുഴ: കഞ്ചാവ് കേസിൽ നിന്നും സിപിഎം എംഎൽഎ യു. പ്രതിഭയുടെ മകൻ അടക്കം ഏഴ് പേരെ ഒഴിവാക്കി കുറ്റപത്രം സമർപ്പിച്ചു. അമ്പലപ്പുഴ കോടതിയിലാണ് എക്സൈസ് സംഘം കുറ്റപത്രം സമർപ്പിച്ചത്.
ഒമ്പത് പേർ പ്രതികളായ കേസിൽ ഇതോടെ ആകെ രണ്ട് പ്രതികൾ മാത്രമാണുള്ളത്. നേരത്തെ കേസിൽ യു. പ്രതിഭയുടെ മകൻ കനിവിനെ ഒൻപതാം പ്രതിയായി എഫ്ഐആർ ഇട്ടിരുന്നു. എന്നാൽ തെളിവുകളുടെ അഭാവത്തിൽ ഏഴ് പേരെ ഒഴിവാക്കുകയായിരുന്നു.
2024 ഡിസംബർ 28ന് ആലപ്പുഴ തകഴിയിൽ നിന്നാണ് എംഎൽഎയുടെ മകൻ അടക്കം ഒമ്പത് പേരെ കഞ്ചാവ് ഉപയോഗിച്ചുകൊണ്ടിരിക്കെ എക്സൈസ് സംഘം പിടികൂടുന്നത്. കഞ്ചാവ് കൈവശം വച്ചതിനും പൊതു സ്ഥലത്ത് കഞ്ചാവ് ഉപയോഗിച്ചതിനും എടുത്ത കേസിൽ കനിവ് 9-ാം പ്രതിയായിരുന്നു.
എന്നാൽ ജാമ്യം കിട്ടാവുന്ന വകുപ്പുകളായതിനാൽ മൂന്ന് മുതൽ ഒമ്പത് വരെയുള്ള പ്രതികളെ ജാമ്യത്തിൽ വിട്ടു. സംഭവം വാർത്തയായതോടെ മകൻ കഞ്ചാവ് ഉപയോഗിച്ചിട്ടില്ലെന്നും വ്യാജ വാർത്തയാണെന്നും ആരോപിച്ച് എംഎൽഎ മുഖ്യമന്ത്രിക്കടക്കം പരാതി നൽകി. പിന്നാലെ ഉദ്യോഗസ്ഥർക്കെതിരേ പ്രഖ്യാപിച്ച അന്വേഷണത്തിൽ എക്സൈസ് ഉദ്യോഗസ്ഥരുടെ നടപടികളിൽ വീഴ്ച സംഭവിച്ചുവെന്നും വൈദ്യപരിശോധന നടത്തിയില്ലെന്നും കണ്ടെത്തി.
കനിവ് കഞ്ചാവ് വലിച്ചതിന് സാക്ഷികളില്ല. കനിവടക്കം ഏഴ് പേർക്കെതിരേ കേസ് നിലനിൽക്കാൻ സാധ്യതയില്ല. കഞ്ചാവ് കണ്ടെടുത്ത രണ്ട് പേർക്കെതിരേ മാത്രമേ കുറ്റം നിലനിൽക്കൂ എന്നുമായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ.






